അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്റെ തുടക്കം ഗംഭീരമാക്കിയിരിക്കുകയാണ് യുവ ഇടംകൈയന്‍ മധ്യനിര ബാറ്റര്‍ തിലക് വര്‍മ. വെസ്റ്റ് ഇന്‍ഡീസിനെതിരേ പുരോഗമിക്കുന്ന ടി20 പരമ്പരയിലെ മൂന്നു മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ റണ്‍വേട്ടയില്‍ തലപ്പത്ത് നില്‍ക്കുകയാണ് ഈ 20കാരന്‍. അരങ്ങേറ്റ മല്‍സരത്തിലെ ആദ്യത്തെ ബോള്‍ മുതല്‍ ഫിയര്‍ലെസ് ബാറ്റിങ് കാഴ്ചവച്ച തിലക് ഇതിനകം ടീമില്‍ തന്റെ സ്ഥാനം ഭദ്രമാക്കിക്കഴിഞ്ഞു.
ആദ്യ മല്‍സരത്തില്‍ 22 ബോളില്‍ 39 റണ്‍സുമായാണ് തിലക് വരവറിയിച്ചത്. തൊട്ടടുത്ത കളിയില്‍ 41 ബോളില്‍ 51 റണ്‍സോടെ കസറി. മൂന്നാമത്തെ മല്‍സരത്തില്‍ 37 ബോളില്‍ പുറത്താവാതെ 49 റണ്‍സും തിലക് നേടിയിരുന്നു. ടി20 ഫോര്‍മാറ്റിലെ ഗംഭീര പ്രകടനത്തോടെ തിലകിനെ ഏകദിന ടീമിലും ഉള്‍പ്പെടുത്തണമെന്നു മുന്‍ താരങ്ങളും ക്രിക്കറ്റ് വിദഗ്ധരും ആവശ്യപ്പെട്ടിരിക്കുകയാണ്.

കൂടാതെ നാട്ടില്‍ നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പിലേക്കും തിലകിനെ പരിഗണിക്കാവുന്നതാണെന്നു ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. തീര്‍ച്ചയായും ലോകകപ്പിലേക്കു ഇന്ത്യക്കു വളരെ മികച്ച ഓപ്ഷന്‍ തന്നെയാണ് തിലക്. അദ്ദേഹം ടീമില്‍ സ്ഥാനമര്‍ഹിക്കുന്നുവെന്നതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്നു പരിശോധിക്കാം.
ലഭിക്കുന്ന അവസരങ്ങള്‍ വളരെ നന്നായി മുതലെടുക്കാനുള്ള കഴിവ് തിലകിനുണ്ടെന്നതാണ് ആദ്യത്തെ കാരണം. ഇപ്പോള്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ മാത്രമല്ല, നേരത്തേ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ കുപ്പായത്തിലും അവസരങ്ങള്‍ മുതലാക്കുന്നതില്‍ ഇടംകൈയന്‍ ബാറ്റര്‍ വിജയിച്ചിരുന്നു.
2022ലെ ലേലത്തിലായിരുന്നു തിലക് മുംബൈ ടീമിലെത്തിയത്. കന്നി സീസണില്‍ തന്നെ സ്ഥിരതയാര്‍ന്ന പ്രകടനത്തോടെ ടീം മാനേജ്‌മെന്റിന്റെ വിശ്വാസം പിടിച്ചുപറ്റുകയും ചെയ്തു.
പലപ്പോഴും മുന്‍നിര ബാറ്റിങ് ഫ്‌ളോപ്പായപ്പോള്‍ ടീമിനെ കളിയിലേക്കു തിരികെ കൊണ്ടുവന്നത് തിലകിന്റെ ഇന്നിങ്‌സുകളായിരുന്നു. 400നടുത്ത് റണ്‍സാണ് സീസണില്‍ താരം അടിച്ചെടുത്തത്. ഇന്ത്യയുടെ ഭാവിവാഗ്ദാനമാണ് തിലകെന്നു അന്നു മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. ഈ വര്‍ഷത്തെ ഐപിഎല്ലിലും തിലക് നിരാശപ്പെടുത്തയില്ല. 164 സ്‌ട്രൈക്ക് റേറ്റോടെ 343 റണ്‍സ് താരം നേടി.
ഈ പ്രകടനങ്ങളാണ് വിന്‍ഡീസ് പര്യടനത്തില്‍ തിലകിനു ടീമില്‍ ഇടം നേടിക്കൊടുത്തത്. അപരിചിതമായ വിന്‍ഡീസിലെ പിച്ചുമായി വളരെ വേഗത്തില്‍ പൊരുത്തപ്പെട്ട അദ്ദേഹം ആദ്യ കളിയില്‍ തന്നെ ഒരു തുടക്കകാരന്റെ പരിഭ്രമം കാണിക്കാതെ ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്തു. ഇന്ത്യന്‍ നിരയിലെ മറ്റു ബാറ്റര്‍മാരെല്ലാം പതറിയപ്പോള്‍ വിന്‍ഡീസ് ബൗളിങിനെ ഏറ്റവും അനായാസം നേരിട്ടത് തിലകായിരുന്നു.
വളരെ മികച്ച ബാറ്റിങ് ടെക്‌നിക്കാണ് തിലകിനെ ലോകകപ്പ് ടീമിലേക്കു പരിഗണിക്കേണ്ടതിന്റെ അടുത്ത കാരണം. ഇത്ര ചെറിയ പ്രായത്തില്‍ തന്നെ വളരെ മികച്ച ബാറ്റിങ് ടെക്‌നിക്ക് വളര്‍ത്തിയെടുക്കാന്‍ താരത്തിനു കഴിഞ്ഞുവെന്നത് ശ്രദ്ധേയമാണ്. കാര്യമായ വീക്ക്‌നെസുകളൊന്നും തിലകിന്റെ ബാറ്റിങില്‍ നമുക്കു കാണാന്‍ സാധിക്കില്ല.
പേസര്‍മാരെയും സ്പിന്നര്‍മാരെയും ഒരുപോലെ കൈകാര്യം ചെയ്യാന്‍ താരത്തിനു കഴിയും. കഴിഞ്ഞ ഐപിഎല്ലില്‍ പേസര്‍മാര്‍ക്കെതിരേ 60 ശരാശരിയും 192 സ്‌ട്രൈക്ക് റേറ്റും തിലകിനുണ്ടായിരുന്നു. സ്പിന്നര്‍മാര്‍ക്കെതിരേ താരത്തിന്റെ ശരാശരി 35ഉം സ്‌ട്രൈക്ക് റേറ്റ് 136ഉം ആയിരുന്നു.

മധ്യനിരയില്‍ ഇന്ത്യക്കു ഒരു ഇടംകൈയന്‍ ബാറ്ററെ ലഭിക്കുന്നുവെന്നതാണ് ലോകകപ്പില്‍ താരത്തെ ടീമിലെടുക്കേണ്ടതിന്റെ മൂന്നാമത്തെ കാരണം. നിലവില്‍ ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പെടുത്താല്‍ ഇടംകൈയന്‍മാര്‍ അധികമില്ലെന്നു കാണാം. റിഷഭ് പന്തിന്റെ അഭാവത്തോടെ ഇന്ത്യയുടെ ടോപ് സിക്‌സില്‍ ഒരു ഇടംകൈയന്‍ ബാറ്റര്‍ പോലും ഇല്ലാതെ വന്നിരിക്കുകയാണ്.
ഏഴാം നമ്പറില്‍ രവീന്ദ്ര ജഡേജയാണ് ഒരു ഇടംകൈയന്‍ ബാറ്ററുള്ളത്. അതുകൊണ്ടു തന്നെ മധ്യനിരയില്‍ തിലകിനെ ഉള്‍പ്പെടുത്തിയാല്‍ അതു ബാറ്റിങിനു കൂടുതല്‍ ബാലന്‍സ് നല്‍കും.ഏകദിനത്തില്‍ സഞ്ജു സാംസണിനും സൂര്യകുമാര്‍ യാദവിനും ഇനിയും അവസരങ്ങള്‍ വേണ്ടത്ര മുതലാക്കാനായിട്ടില്ല.
അതുകൊണ്ടു തന്നെ നാലം നമ്പറില്‍ തിലക് ഇന്ത്യക്കു മികച്ചൊരു ഓപ്ഷനാണ്. ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടാവാന്‍ സാധിക്കുന്നയാളാണ് തിലകെന്നു അടുത്തിടെ വെറ്ററന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു.