ലോകകപ്പില്‍ തുടര്‍ച്ചയായ നാലാം വിജയവുമായി കുതിക്കുകയാണ് ടീം ഇന്ത്യ. ചെന്നൈയിലെ ചെപ്പോക്കില്‍ അഞ്ചു തവണ ചാംപ്യന്മാരായ ഓസ്‌ട്രേലിയയെ ആറു വിക്കറ്റിനു തകര്‍ത്തു കൊണ്ട് ടൂര്‍ണമെന്റില്‍ തുടങ്ങിയ ഇന്ത്യ പിന്നീട് അഫ്ഗാനിസ്താന്‍, ചിരവൈരികളായ പാകിസ്താന്‍, അവസാനമായി ബംഗ്ലാദേശ് എന്നിവരെയും തകര്‍ത്തെറിയുകയായിരുന്നു. ഡല്‍ഹിയില്‍ നടന്ന കളിയില്‍ അഫ്ഗാനെ എട്ടു വിക്കറ്റിനാണ് ഇന്ത്യ തുരത്തിയത്. അഹമ്മദാബാദില്‍ പാകിസ്താനെയും പൂനെയില്‍ ബംഗ്ലാദേശിനെയും ഏഴു വിക്കറ്റിനും ഇന്ത്യ തകര്‍ത്തുവിട്ടു.
എല്ലാ മല്‍സരങ്ങളിലും റണ്‍ചേസിലായിരുന്നു ഇന്ത്യന്‍ വിജയം. കടിഞ്ഞാണില്ലാതെ കുതിക്കുന്ന ഇന്ത്യയെ ഇനി ആരു വീഴ്ത്തുമെന്നതാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകമുന്നയിക്കുന്ന ചോദ്യം. ഇന്ത്യയുടെ അപരാജിത കുതിപ്പ് അവസാനിപ്പിക്കാന്‍ ശേഷിയുള്ള ചില ടീമുകള്‍ ടൂര്‍ണമെന്റിലുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

ന്യൂസിലാന്‍ഡാണ് ഇന്ത്യക്കു കടിഞ്ഞാണിടാന്‍ സാധ്യതയുള്ള ഒരു ടീം. ഞായറാഴ്ച ധര്‍മശാലയില്‍ നടക്കാനിരിക്കുന്ന അഞ്ചാം റൗണ്ടില്‍ ഇന്ത്യയുടെ എതിരാളികള്‍ കൂടിയാണ് കിവീസ്. ടൂര്‍ണമെന്റില്‍ ഇന്ത്യയെക്കൂടാതെ തോല്‍വിയറിയാത്ത ഏക ടീം കൂടിയാണ് അവര്‍. ഐസിസി ടൂര്‍ണമെന്റില്‍ കിവീസിനെതിരായ മോശം റെക്കോര്‍ഡ് ഇന്ത്യയെ ആശങ്കയിലാക്കുന്ന കാര്യമാണ്.
2003ലെ ലോകകപ്പിനു ഐസിസിയുടെ ഒരു ടൂര്‍ണമെന്റിലും അവരെ പരാജയപ്പെടുത്താന്‍ ഇന്ത്യക്കായിട്ടില്ല. ധര്‍മശാലയിലെ പിച്ച് പേസ് ബൗളിങിനെ തുണയ്ക്കുന്നതാണ്. അതുകൊണ്ടു തന്നെ ട്രെന്റ് ബോള്‍ട്ടും മാറ്റ് ഹെന്‍ട്രിയുമുള്‍പ്പെടുന്ന അവരുടെ പേസ് നിര ഇന്ത്യക്കു ഭീഷണിയുയര്‍ത്തും.
നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ വിജയക്കുതിപ്പ് അവസാനിപ്പിക്കാന്‍ ശേഷിയുള്ള രണ്ടാമത്തെ ടീം. 29ന് ലഖ്‌നൗവിലാണ് ജോസ് ബട്‌ലറുടെ ടീമുമായി ഇന്ത്യ കൊമ്പുകോര്‍ക്കുന്നത്. കിവികള്‍ക്കെതിരേ ഈയാഴ്ച വിജയം കൊയ്യാന്‍ ഇന്ത്യക്കായാലും അടുത്തയാഴ്ച ഇംഗ്ലണ്ടിനു മുന്നില്‍ കാലിടറിയേക്കും.
2019ലെ അവസാനത്തെ ഏകദിന ലോകകപ്പിന്റെ പ്രാഥമിക റൗണ്ടില്‍ ഇന്ത്യ ഒരേയൊരു മല്‍സരത്തില്‍ മാത്രമേ തോറ്റിരുന്നുള്ളൂ, അതു ഇംഗ്ലണ്ടിനെതിരേയായിരുന്നു. ഈ ലോകകപ്പില്‍ അത്ര മികച്ച തുടക്കമല്ല ഇംഗ്ലണ്ടിനു ലഭിച്ചിരിക്കുന്നത്. ആദ്യത്തെ മൂന്നു കളിയില്‍ രണ്ടിലും അവര്‍ തോറ്റിരുന്നു.

പക്ഷെ ഇതിന്റെ പേരില്‍ ഇംഗ്ലണ്ടിനെ വില കുറച്ചു കാണാന്‍ കഴിയില്ല. ടൂര്‍ണമെന്റിലേക്കു ശക്തമായ തിരിച്ചുവരവ് നടത്താന്‍ അവര്‍ക്കു സാധിക്കും. കഴിഞ്ഞ ലോകകപ്പിലെ ആദ്യത്തെ ഏഴു മല്‍സരങ്ങളില്‍ മൂന്നെണ്ണത്തില്‍ ഇംഗ്ലണ്ട് തോറ്റിരുന്നു. എന്നിട്ടും തിരിച്ചുവരാനും കപ്പുയര്‍ത്താനും ഇംഗ്ലണ്ടിനായിരുന്നു.
സൗത്താഫ്രിക്കയാണ് ഇത്തവണ ഇന്ത്യയെ പരാജയപ്പെടുത്താന്‍ ശേഷിയുള്ള മൂന്നാമത്തെ ടീം. അടുത്ത മാസം അഞ്ചിനാണ് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ സൗത്താഫ്രിക്കയുമായി ഇന്ത്യ പോരടിക്കുന്നത്. ആദ്യ രണ്ടു മല്‍സരങ്ങളിലും 100ന് മുകളില്‍ റണ്‍സിന്റെ മാര്‍ജിന് ജയിച്ച് ഗംഭീരമായിട്ടാണ് സൗത്താഫ്രിക്ക തുടങ്ങിയത്. പക്ഷെ അവസാന കളിയില്‍ നെതര്‍ലാന്‍ഡ്‌സിനോടു അവര്‍ക്കു ഞെട്ടിക്കുന്ന പരാജയം ഏറ്റുവാങ്ങേണ്ടതായി വന്നു.
പക്ഷെ ഇന്ത്യക്കു തീര്‍ച്ചയായും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശേഷിയുള്ള താരനിരയാണ് സൗത്താഫ്രിക്കയുടേത്. ശക്തമായ ബാറ്റിങ് നിരയും മികച്ച ബൗളിങ് നിരയും അവരെ അപകടകാരികളാക്കി മാറ്റുന്നു. 2011ല്‍ അവസാനമായി ചാംപ്യന്‍മാരായ ടൂര്‍ണമെന്റില്‍ ഇന്ത്യ ഒരേയൊരു മല്‍സരം മാത്രമേ തോറ്റിരുന്നുള്ളൂ. അതു സൗത്താഫ്രിക്കയ്ക്ക് എതിരേയായിരുന്നു. കൂടാതെ കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിന്റെ ഗ്രൂപ്പുഘട്ടത്തിലും ഇന്ത്യയെ സൗത്താഫ്രിക്ക തകര്‍ത്തുവിട്ടിരുന്നു.