ലോകകപ്പില്‍ ബംഗ്ലാദേശുമായുള്ള മല്‍സരത്തിനു തയ്യാറെടുക്കവെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കുരുക്കില്‍. പക്ഷെ ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യത്തിലല്ല, മറിച്ച് കളിക്കളത്തിനു പുറത്തെ നിയമലംഘനമാണ് ഹിറ്റ്മാനെ കുടുക്കിയിരിക്കുന്നത്. അമിത വേഗതയില്‍ കാറോടിച്ചതിനു പിഴയടക്കാന്‍ മൂന്നു ചലാനുകളാണ് ഇന്ത്യന്‍ നായകനു ലഭിച്ചിരിക്കുന്നതെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മുംബൈ- പൂനെ എക്‌സ്പ്രസ് ഹൈവേയിലൂടെയാണ് രോഹിത്തിന്റെ ലംബോര്‍ഗിനി കാര്‍ അമിത വേഗതയില്‍ ചീറിപ്പാഞ്ഞത്. മണിക്കൂറില്‍ 215 കിമിയായിരുന്നു രോഹിത്തിന്റെ കാറിന്റെ വേഗതയെന്നും ഇതേ തുടര്‍ന്നാണ് പിഴയടയ്ക്കാന്‍ നോട്ടീസ് ലഭിച്ചിരിക്കുന്നതെന്നും പൂനെ മിറര്‍ (Pune Mirror) റിപ്പോര്‍ട്ട് ചേയ്യുന്നു. പക്ഷെ ഏതു ദിവസമാണ് രോഹിത് അമിത വേഗതയില്‍ കാറോടിച്ചതെന്നു റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ല. തിങ്കള്‍, ചൊവ്വ ഇവയിലേതെങ്കിലുമൊരു ദിവസമായിരിക്കാം സംഭവമെന്നാണ് സൂചന.

ബംഗ്ലാദേശുമായി ഇന്നു നടക്കാനിരിക്കുന്ന ലോകകപ്പിലെ നാലാം റൗണ്ട് മല്‍സരത്തിനു മുന്നോടിയായി രോഹിത്തും സംഘവും ഞായറാഴ്ചയാണ് പൂനെയിലെത്തിയത്. തിങ്കളാഴ്ച ടീമിനു വിശ്രമ ദിവസമായിരുന്നു. അതുകൊണ്ടു തന്നെ ഈ ദിവസം കുടുംബത്തിനൊപ്പം ചെലവഴിക്കാന്‍ രോഹിത് ടീം വിട്ടിട്ടുണ്ടാവുമെന്നാണ് സൂചന. തിരികെ ടീമിനൊപ്പം ചേരാന്‍ പൂനെയിലേക്കു സ്വന്തം കാറില്‍ മടങ്ങവെയാവാം അദ്ദേഹം അമിത വേഗതയില്‍ കാറോടിച്ചതെന്നും സംശയിക്കുന്നു.
ചൊവ്വാഴ്ച വൈകീട്ടായിരുന്നു ഇന്ത്യന്‍ താരങ്ങള്‍ എംസിഎ സ്റ്റേഡിയത്തില്‍ പരിശീലനം നടത്തിയത്. ലോകകപ്പ് നടന്നുകൊണ്ടിരിക്കവെ രോഹിത് ഈ തരത്തില്‍ അമിത വേഗതയില്‍ കാറോടിച്ചത് അഭികാമ്യമല്ലെന്നും പോലീസ് കാറിന്റെ അകമ്പടിയോടെ ടീം ബസിലായിരുന്നു അദ്ദേഹം യാത്ര ചെയ്യേണ്ടിയിരുന്നതെന്നും ട്രാഫിക് വിഭാഗത്തെ ഉദ്ധരിച്ച് ലോക്മത് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ വര്‍ഷം അവസാനത്തോടെയായിരുന്നു ഇന്ത്യന്‍ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനു കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്. അമ്മയെ കാണാന്‍ വീട്ടിലേക്കു തിരിക്കവെ അമിത വേതയിലായിരുന്ന താരത്തിന്റെ കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ തട്ടി മറിയുകയും തുടര്‍ന്നു തീപിടിക്കുകയുമായിരുന്നു. കഷ്ടിച്ചാണ് റിഷഭ് അന്നു രക്ഷപ്പെട്ടത്. അതിന്റെ നടുക്കം മാറും മുമ്പെയാണ് രോഹിത് ഇപ്പോള്‍ അമിത വേഗതയില്‍ കാറോടിച്ച് ആരാധകരെ ആശങ്കയിലാക്കിയിരിക്കുന്നത്.

അതേസമയം, ലോകകപ്പില്‍ മിന്നുന്ന ഫോമിലാണ് രോഹിത് കളിച്ചുകൊണ്ടിരിക്കുന്നത്. നായകനെന്ന നിലയില്‍ ബാറ്റിങില്‍ അദ്ദേഹം ടീമിനെ മുന്നില്‍ നിന്നു നയിക്കുകയാണ്. ടൂര്‍ണമെന്റില്‍ ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്തിരിക്കുന്നത് ഹിറ്റ്മാനാണ്.
മൂന്നു മല്‍സരങ്ങളില്‍ നിന്നും 72.33 ശരാശരിയില്‍ 141.83 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റില്‍ 217 റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയും ഉള്‍പ്പെടെയാണിത്. ചെന്നൈയിലെ ചെപ്പോക്കില്‍ ഓസ്‌ട്രേലിയക്കെതിരായ ആദ്യ മല്‍സരത്തില്‍ ഡെക്കായ ശേഷം ശക്തമായ തിരിച്ചുവരവാണ് അദ്ദേഹം നടത്തിയത്.
അഫ്ഗാനിസ്താനുമായി ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന രണ്ടാംറൗണ്ട് മല്‍സരത്തില്‍ കിടിലന്‍ സെഞ്ച്വറിയുമായി രോഹിത് ഇന്ത്യയുടെ ഹീറോയായി മാറിയിരുന്നു. 84 ബോളില്‍ അദ്ദേഹം വാരിക്കൂട്ടിയത് 131 റണ്‍സായിരുന്നു. 16 ഫോറുകളും അഞ്ചു സിക്‌സറും ഉള്‍പ്പെടെയായിരുന്നു ഇത്.
ചിരവൈരികളായ പാകിസ്താനുമായുള്ള മൂന്നാം റൗണ്ട് മല്‍സരത്തിലും രോഹിത് മോശമാക്കിയില്ല. റണ്‍ചേസില്‍ ഇന്ത്യയുടെ ജയം വേഗത്തിലാക്കിയത് അദ്ദേഹമാണ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ 63 ബോളില്‍ ആറു വീതം ഫോറും സിക്‌സറുമടക്കം 86 റണ്‍സ് ഹിറ്റ്മാന്‍ സ്‌കോര്‍ ചെയ്തു.