Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: കപ്പ് ഇന്ത്യക്ക് തന്നെ, ആര്‍ക്കും തോല്‍പ്പിക്കാനില്ല! സല്‍മാന്‍ ബട്ട് പ്രവചിക്കുന്നു

കറാച്ചി: ഏകദിന ലോകകപ്പിനെ വരവേല്‍ക്കാന്‍ ലോകം ഒരുങ്ങിക്കഴിഞ്ഞിരിക്കുകയാണ്. നാലു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിടാന്‍ ഇനി ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഒക്ടോബര്‍ 5ന് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും റണ്ണറപ്പുകളായ ന്യൂസീലന്‍ഡും തമ്മിലുള്ള പോരാട്ടത്തോടെയാവും ലോകകപ്പ് ആരംഭിക്കുക. ആതിഥേയരെന്ന നിലയില്‍ വലിയ പ്രതീക്ഷയാണ് ഇന്ത്യക്കുള്ളത്. 2011ന് ശേഷം ആദ്യമായാണ് ഇന്ത്യയിലേക്ക് ലോകകപ്പെത്തുന്നത്.

2011ല്‍ ആതിഥേയരായപ്പോള്‍ കപ്പടിക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. അന്ന് എംഎസ് ധോണിക്ക് കീഴില്‍ ഇന്ത്യ നേടിയെടുത്ത വിശ്വകിരീടം ഇന്ന് രോഹിത് ശര്‍മക്ക് കീഴില്‍ നേടാന്‍ സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഏഷ്യയിലെ രാജാക്കന്മാരായെത്തുന്ന ഇന്ത്യ താരസമ്പന്നമാണ്. സൂപ്പര്‍ താരങ്ങളുടെ വലിയ നിര ടീമിനൊപ്പമുണ്ട്. അതുകൊണ്ടുതന്നെ കിരീട പ്രതീക്ഷകളും ഏറെയാണ്. എന്നാല്‍ ആതിഥേയരെന്ന മുന്‍തൂക്കം ഇന്ത്യക്ക് കാര്യമായി അവകാശപ്പെടാനാവില്ല.

കാരണം എതിര്‍ ടീമുകളിലെ ഒട്ടുമിക്ക താരങ്ങള്‍ക്കും ഇന്ത്യന്‍ പിച്ചില്‍ കളിച്ച് വലിയ അനുഭവസമ്പത്തുണ്ട്. ഇപ്പോഴിതാ ഇത്തവണ ഫേവറേറ്റുകളായി നാല് ടീമുകളില്ലെന്നും അത് ഇന്ത്യ മാത്രമാണെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ ഓപ്പണര്‍ സല്‍മാന്‍ ബട്ട്. ഏതെങ്കിലും ടീം ഇന്ത്യയെ തോല്‍പ്പിച്ചാല്‍ അവര്‍ കപ്പടിക്കുമെന്നും ഇന്ത്യയെ തോല്‍പ്പിക്കാന്‍ ആര്‍ക്കും സാധിച്ചേക്കില്ലെന്നുമാണ് സല്‍മാന്‍ ബട്ട് പറയുന്നത്. യു ട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഇന്ത്യന്‍ ക്രിക്കറ്റ് ടീം വലിയ വളര്‍ച്ചയാണ് സമീപകാലത്തായി കൈവരിച്ചിരിക്കുന്നത്. എല്ലാ ടീമുകളും നാല് ടീമുകളെയൊണ് പ്രധാനമായും ഫേവറേറ്റുകളായി വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഞാന്‍ വിശ്വസിക്കുന്നത് ഇന്ത്യയെ തോല്‍പ്പിക്കുന്ന ടീം ഏതാണോ അവരാവും കപ്പ് നേടുകയെന്നാണ്. ഇന്ത്യയാണ് ഏറ്റവും മികച്ച ടീം. ഇന്ത്യയുടെ ബാറ്റിങ്ങും ബൗളിങ്ങും ഗംഭീരമാണ്. ആതിഥേയരെന്ന നിലയില്‍ സാഹചര്യം ഇന്ത്യക്ക് അനുകൂലമാണ്.

india, cricket

നിലവിലെ സാഹചര്യത്തില്‍ ഇന്ത്യന്‍ ടീമിനൊപ്പം നില്‍ക്കുന്ന മറ്റൊരു ടീമുമില്ല. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അത്ഭുതപ്പെടുത്തുന്ന വളര്‍ച്ചയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നേടിയെടുത്തിരിക്കുന്നത്. ഫിറ്റ്‌നസ് നിലവാരവും മെച്ചപ്പെട്ടിട്ടുണ്ട്. എല്ലാ തരത്തിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്നിട്ട് നില്‍ക്കുകയാണ്'-സല്‍മാന്‍ ബട്ട് പറഞ്ഞു. നിലവിലെ ഇന്ത്യന്‍ ടീം എല്ലാ തരത്തിലും മികച്ച സംഘമാണെന്ന് പറയാം. എന്നാല്‍ ഏക പ്രശ്‌നം ഫീല്‍ഡിങ്ങിലാണ്.

നിരവധി പിഴവുകള്‍ ഇന്ത്യ ഫീല്‍ഡിങ്ങില്‍ വരുത്തുന്നുണ്ട്. ഇതുകൂടി മെച്ചപ്പെടുത്തിയാല്‍ ഇന്ത്യക്ക് വലിയ നേട്ടമുണ്ടാക്കാന്‍ സാധിച്ചേക്കും. ഇന്ത്യയുടെ യുവതാരങ്ങളും സീനിയര്‍ താരങ്ങളുമടക്കം എല്ലാവരും മികച്ച ഫോമിലാണ്. അതുകൊണ്ടുതന്നെ ആരെയൊക്കെ പ്ലേയിങ് 11ലേക്ക് പരിഗണിക്കുമെന്നതാണ് നിലവിലെ ഇന്ത്യയുടെ പ്രധാന പ്രശ്‌നം. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും നിലയുറപ്പിച്ച് കളിക്കാനും കഴിവുള്ള താരങ്ങളുടെ നിരയായി ഇന്ത്യ മാറിയിട്ടുണ്ട്.

ബൗളര്‍മാരും ഫോം വീണ്ടെടുത്തിരിക്കുന്നു. ജസ്പ്രീത് ബുംറ തകര്‍ത്തെറിയുമ്പോള്‍ മുഹമ്മദ് സിറാജ് വിക്കറ്റ് വേട്ട തുടരുന്നു. മുഹമ്മദ് ഷമിയും പ്രസിദ്ധ് കൃഷ്ണയും അവസരത്തിനായി കാത്തിരിക്കുന്നു. ഇന്ത്യയുടെ സ്പിന്‍ നിരയില്‍ കുല്‍ദീപ് യാദവ് മിടുക്കുകാട്ടുമ്പോള്‍ രവീന്ദ്ര ജഡേജയും കസറുന്നു. ഓള്‍റൗണ്ട് ഷോയാണ് ഇന്ത്യ കാഴ്ചവെക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് കിരീട സാധ്യതയും കൂടുതലാണ്.

ക്രിക്കറ്റ് ലീഗ് വന്നതിന് ശേഷം പ്രകടനം ഏറ്റവും മെച്ചപ്പെട്ട ടീം ഇന്ത്യയാണെന്നാണ് സല്‍മാന്‍ ബട്ട് പറയുന്നത്. 'ഫ്രാഞ്ചൈസി അടിസ്ഥാനമാക്കിയുള്ള ടി20 ലീഗ് ക്രിക്കറ്റ് വന്നതോടെ ക്രിക്കറ്റ് മെച്ചപ്പെട്ട ഏക രാജ്യം ഇന്ത്യയാണ്. ടി20യ്ക്ക് കൂടുതല്‍ പ്രാധാന്യം ലഭിച്ചതോടെ ടെസ്റ്റും ഏകദിനവും വളരെയധികം പ്രതിസന്ധി നേരിടുകയാണ്. എന്നാല്‍ എല്ലാ ഫോര്‍മാറ്റിലും ഇന്ത്യ ഒരുപോലെ മികവ് കാട്ടുന്നു. എന്നാല്‍ മറ്റ് പല ടീമുകളും ടി20യില്‍ വളര്‍ന്നതോടെ മറ്റ് ഫോര്‍മാറ്റുകളില്‍ പിന്നോട്ട് പോയി'- ബട്ട് കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, September 27, 2023, 6:55 [IST]
Other articles published on Sep 27, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+