അഹമ്മദാബാദ്: ഏകദിന ലോകകപ്പിന്റെ സൂപ്പര്‍ ഫൈനലിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. അഹമ്മദാബാദില്‍ നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലാണ് ഏറ്റുമുട്ടുന്നത്. രണ്ട് ടീമും സൂപ്പര്‍ താരങ്ങളുടെ നിരയാണ്. ഇന്ത്യ തോല്‍വി അറിയാതെയാണ് കലാശക്കളിക്ക് ഇറങ്ങുന്നത്. ആതിഥേയരെന്ന നിലയില്‍ ഇന്ത്യക്ക് വ്യക്തമായ ആധിപത്യം അവകാശപ്പെടാം. എന്നാല്‍ അഞ്ച് തവണ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയില്‍ നിന്നും വലിയ വെല്ലുവിളി തന്നെ ഇന്ത്യക്ക് നേരിടേണ്ടി വന്നേക്കും.
ഇന്ത്യ ജയിക്കുമോ ഇല്ലെയോ എന്നത് കാത്തിരുന്ന് കണ്ടറിയണം. പല പ്രവചനങ്ങളും ഇന്ത്യക്ക് അനുകൂലമാണ്. ഇപ്പോഴിതാ പ്രശസ്ത ജ്യോതിഷി റോസി ജസ്‌റോഷ്യ മഷി നോട്ടത്തിലൂടെ ലോകകപ്പ് കിരീട ജേതാവിനെ പ്രവചിച്ചിരിക്കുകയാണ്. ഇന്ത്യ കപ്പ് നേടുമെന്നാണ് റോസി പറയുന്നതെങ്കിലും ശക്തമായ പോരാട്ടം ഫൈനലില്‍ പ്രതീക്ഷിക്കാമെന്നും റോസി പറയുന്നു. നേരത്തെ തന്നെ പല കാര്യങ്ങളും കൃത്യമായി പ്രവചിച്ച് ഞെട്ടിച്ച ജ്യോതിഷിയാണ് റോസി.
അതുകൊണ്ടുതന്നെ ഫൈനലിനെക്കുറിച്ചുള്ള ജ്യോതിഷിയുടെ പ്രവചനം വൈറലായിരിക്കുകയാണ്. 'മഷി നോട്ടത്തില്‍ ഇന്ത്യ ജയിക്കുമെന്നാണ് കാണാനാവുന്നത്. ഇന്ത്യക്ക് പോസിറ്റീവായിട്ടുള്ള ചിത്രമാണ് തെളിഞ്ഞു കാണുന്നത്. എന്നാല്‍ ഇന്ത്യക്ക് എളുപ്പത്തില്‍ ജയം നേടാന്‍ സാധിക്കുമെന്ന് കരുതുന്നില്ല. ഇന്ത്യക്ക് വലിയ വെല്ലുവിളി ഓസ്‌ട്രേലിയ ഉയര്‍ത്തും. നാഗത്തിന്റെ കാവലില്‍ നിന്ന് നാഗമാണിക്യം എടുക്കുന്നതുപോലെയാണ് ഇന്ത്യക്ക് ഓസ്‌ട്രേലിയയില്‍ നിന്ന് ലോകകപ്പ് കിരീടം നേടേണ്ടത്.
ഇത്തവണ ഇന്ത്യ തീര്‍ച്ചയായും ആ നാഗമാണിക്യം നേടും' എന്നാണ് റോസി മഷി നോക്കി പറഞ്ഞിരിക്കുന്നത്. സ്വന്തം തട്ടകത്തില്‍ ഇറങ്ങുന്ന ഇന്ത്യക്കാണ് മുന്‍തൂക്കമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എല്ലാ പ്രമുഖരും ഫേവറേറ്റുകളായി ഇന്ത്യയെയാണ് തിരഞ്ഞെടുക്കുന്നത്. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചാണ് ഇത്തവണത്തെ ലോകകപ്പ് ആരംഭിച്ചത്. ഫൈനലില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് കിരീടത്തിലേക്കെത്താന്‍ ഇന്ത്യക്കാവുമോയെന്നതാണ് അറിയേണ്ടത്.

ഇന്ത്യയുടെ എല്ലാ താരങ്ങളും ഫോമിലാണെന്നതാണ് എടുത്തു പറയേണ്ടത്. രോഹിത് ശര്‍മയും ശുബ്മാന്‍ ഗില്ലും ചേര്‍ന്ന് വെടിക്കെട്ട് തുടക്കം നല്‍കുമ്പോള്‍ പിന്നാലെ എത്തുന്ന വിരാട് കോലി അവസാനം വരെ ക്രീസില്‍ പിടിച്ചുനിന്ന് റണ്‍സുയര്‍ത്തുന്നു. ഇത്തവണത്തെ ഇന്ത്യന്‍ ടീമിന്റെ കരുത്ത് മധ്യനിരയുടെ പ്രകടനമാണ്. നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ 500ലധികം റണ്‍സുമായി ഇത്തവണ കൈയടി നേടുന്നു. ചരിത്രത്തിലാദ്യമായാണ് ഇന്ത്യയുടെ മധ്യനിര താരം ലോകകപ്പില്‍ 500ലധികം റണ്‍സ് നേടുന്നത്.
അഞ്ചാം നമ്പറില്‍ കെ എല്‍ രാഹുലും കരുത്തുറ്റ പ്രകടനത്തോടെ കൈയടി നേടിയെടുക്കുന്നു. എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവം ഇന്ത്യയുടെ സംതുലിതാവസ്ഥയെ ബാധിച്ചിട്ടുണ്ട്. സൂര്യകുമാര്‍ യാദവിനെ ഫിനിഷര്‍ റോളില്‍ വിശ്വസ്തനെന്ന് വിളിക്കാനാവില്ല. സ്ഥിരതയാണ് പ്രശ്‌നം. ഇന്ത്യയുടെ വാലറ്റത്തിന്റെ ബാറ്റിങ് കരുത്ത് നിരാശപ്പെടുത്തുന്നതാണ്. അതുകൊണ്ടുതന്നെ ടോപ് ഓഡര്‍ തന്നെ മികച്ച ബാറ്റിങ്ങിലൂടെ ടീമിന് കരുത്തേകണം.
ബൗളിങ്ങില്‍ മുഹമ്മദ് ഷമിയുടെ വിക്കറ്റ് നേടാനുള്ള മിടുക്കാണ് ഇന്ത്യയുടെ ശക്തി. ജസ്പ്രീത് ബുംറ സമ്മര്‍ദ്ദം സൃഷ്ടിച്ച് തുടങ്ങുമ്പോള്‍ ഇതിനെ നന്നായി മുതലാക്കാന്‍ മുഹമ്മദ് സിറാജിനും സാധിക്കുന്നു. കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും സ്പിന്‍ നിരയിലും മിടുക്കുകാട്ടുന്നുണ്ട്. അഹമ്മദാബാദില്‍ സ്പിന്‍ പിച്ചാണ് കാത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ വന്നാല്‍ ഇന്ത്യ ആര്‍ അശ്വിനെ കളിപ്പിക്കുമോയെന്ന ചോദ്യവും ഉയര്‍ന്നു കേള്‍ക്കുന്നു.
ഇന്ത്യയെ സംബന്ധിച്ച് ഇത്തവണത്തെ ലോകകപ്പ് കിരീടം നേടാനുള്ള സുവര്‍ണ്ണാവസരമാണ്. 2013ലാണ് അവസാനമായി ഇന്ത്യ ഒരു ഐസിസി കിരീടം നേടിയത്. ഇത്തവണ എല്ലാ കാര്യങ്ങളും ഇന്ത്യക്ക് അനുകൂലമാണ്. സെമിയെന്ന വലിയ കടമ്പയും ഇന്ത്യ മറികടന്നു. ഇനി ഭാഗ്യത്തിന്റെ പിന്തുണയാണ് വേണ്ടത്. ഓസീസ് എളുപ്പത്തില്‍ കീഴടങ്ങില്ലെന്നുറപ്പ്. ഇന്ത്യ ഫീല്‍ഡിങ്ങില്‍ കാര്യമായി ശ്രദ്ധിക്കണം. ഒരു പിഴവ് മത്സരഫലത്തെത്തന്നെ മാറ്റിമറിച്ചേക്കും.
അതുകൊണ്ടുതന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്ന കാര്യം ഉറപ്പാണ്. രോഹിത് ശര്‍മയെന്ന നായകന്റെ ഫൈനലിലെ റെക്കോഡുകള്‍ മികച്ചതാണ്. ഈ മികവ് തുടര്‍ന്ന് ഇന്ത്യയെ കിരീടത്തിലേക്കെത്തിക്കാന്‍ രോഹിത്തിന് സാധിക്കുമോയെന്നത് കണ്ടറിയാം.