ഐസിസിയുടെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണിനു പകരം സൂര്യകുമാര്‍ യാദവിനെ ഉള്‍പ്പടുത്തിയതിനെ പിന്തുണച്ച് മുന്‍ സ്പിന്‍ ഇതിഹാസം ഹര്‍ഭജന്‍ സിങ്. ദിവസങ്ങള്‍ക്കു മുമ്പായിരുന്നു ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡിനെ അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചത്. ഏകദിനത്തില്‍ 55ന് മുകളില്‍ ബാറ്റിങ് ശരാശരിയുണ്ടായിട്ടും സഞ്ജു തഴയപ്പെട്ടപ്പോള്‍ 25ല്‍ താഴെ ശരാശരിയുള്ള സൂര്യ ടീമില്‍ ഇടം പിടിക്കുകയും ചെയ്തു.
ടി20യില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ബാറ്ററാണ് സൂര്യയെങ്കിലും ഏകദിനത്തില്‍ ഈ പ്രകടനം ഇനിയും ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിനായിട്ടില്ല. പക്ഷെ സൂര്യയുടെ അഗ്രസീവ് ബാറ്റിങ് വളരെ മികച്ചതാണെന്നും മല്‍സരഗതി മാറ്റാന്‍ അദ്ദേഹത്തിന്റെ ഈ ശൈലിക്കു കഴിയുമെന്നും ഹര്‍ഭജന്‍ ചൂണ്ടിക്കാട്ടി. ലോകകപ്പില്‍ മാത്രമല്ല ഇപ്പോള്‍ നടക്കുന്ന ഏഷ്യാ കപ്പിലും സഞ്ജുവിനെ തഴഞ്ഞ സെലക്ഷന്‍ കമ്മിറ്റി സൂര്യയെ 17 അംഗ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു.

സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കവെയായിരുന്നു ലോകകപ്പില്‍ സഞ്ജുവിനേക്കാള്‍ നല്ല ഓപ്ഷന്‍ സൂര്യ തന്നെയാണെന്നു ഹര്‍ഭജന്‍ ചൂണ്ടിക്കാട്ടിയത്. സഞ്ജു സാംസണിനേക്കാള്‍ സൂര്യകുമാര്‍ തന്നെയാണ് ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡില്‍ സ്ഥാനമര്‍ഹിച്ചത്. അദ്ദേഹത്തെ ഉള്‍പ്പെടുത്തിയത് ശരിയായ തീരുമാനം തന്നെയാണ്. സൂര്യ ഒരു കംപ്ലീറ്റ് താരമാണ്. മധ്യ ഓവറുകളില്‍ സൂര്യയെപ്പോലെയൊരു ഗെയിം നിലവില്‍ സഞ്ജുവിന്റെ പക്കലില്ലെന്നും ഭാജി വിശദീകരിച്ചു.
ഏഷ്യാ കപ്പില്‍ 18ാമനായി, ട്രാവലിങ് റിസര്‍വായി സഞ്ജു ഇന്ത്യന്‍ സംഘത്തിലുണ്ട്. ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലിന്റെ ഫിറ്റ്നസിന്റെ കാര്യത്തിലുള്ള സംശയത്തെ തുടര്‍ന്നായിരുന്നു ഇത്. രാഹുല്‍ ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറിയിരുന്നെങ്കില്‍ സഞ്ജുവിനു പ്രധാന ടീമില്‍ ഇടം പിടിക്കാമായിരുന്നു.
ഗ്രൂപ്പുഘട്ടത്തില്‍ നിന്നും അദ്ദേഹം വിട്ടുനിന്നപ്പോള്‍ സഞ്ജുവിനു നേരിയ പ്രതീക്ഷയും ഉണ്ടായിരുന്നു. പക്ഷെ രാഹുല്‍ ഇപ്പോള്‍ പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുത്ത് സൂപ്പര്‍ ഫോറിനു മുന്നോടിയായി ടീമിനൊപ്പം ചേര്‍ന്നു കഴിഞ്ഞു. അതുകൊണ്ടു തന്നെ സഞ്ജുവിന്റെ പ്രതീക്ഷകളും അസ്തമിച്ചിരിക്കുകയാണ്.
സൂര്യയേക്കള്‍ റിസ്‌ക്കുള്ള ക്രിക്കറ്റ് കളിക്കുന്ന താരമാണ് സഞ്ജുവെന്നു ഹര്‍ഭജന്‍ അഭിപ്രായപ്പെട്ടു. ടി20യില്‍ കളിക്കാറുള്ള അത്ര തന്നെ ബോളുകളാണ് സൂര്യ ഏകദിനത്തിലും ബാറ്റ് ചെയ്യേണ്ടത്. 35ാം ഓവര്‍ മുതല്‍ ഏകദിനത്തില്‍ ബാറ്റ് െചയ്യുമ്പോള്‍ ഫീല്‍ഡിലെ ഗ്യാപ്പുകള്‍ കണ്ടെത്താനുള്ള മിടുക്ക് ആവശ്യമാണ്.
ഇക്കാര്യത്തില്‍ സൂര്യയേക്കാള്‍ മികച്ചൊരാള്‍ വേറെയില്ല. എനിക്കു ഒരു അവസരം ലഭിക്കുകയാണെങ്കില്‍ ഞാന്‍ എല്ലാ മല്‍സരങ്ങളിലും സൂര്യയെ ടീമിലുള്‍പ്പെടുത്തും. ഗെയിം മാറ്റി മറിക്കാന്‍ അദ്ദേഹത്തിനു വെറും 30 ബോളുകള്‍ മാത്രമേ ആവശ്യമുള്ളൂവെന്നും ഹര്‍ഭജന്‍ നിരീക്ഷിച്ചു.

ഏകദിനത്തില്‍ ഇതുവരെ 26 മല്‍സരങ്ങളിലാണ് സൂര്യ കളിച്ചിട്ടുള്ളത്. ഇവയില്‍ 24.33 എന്ന മോശം ശരാശരിയാണുള്ളത്. സ്‌ട്രൈക്ക് റേറ്റ് 101.39 ആണ്. അവസാനമായി കളിച്ച 20 ഇന്നിങ്‌സുകളില്‍ നിന്നും ഒരു ഫിഫ്റ്റി പോലും സൂര്യക്കു നേടാനുമായിട്ടില്ല. ഈ വര്‍ഷമാദ്യം ഓസ്‌ട്രേലിയന്‍ ടീം ഇന്ത്യയില്‍ പര്യടനം നടത്തിയപ്പോള്‍ മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലെ എല്ലാ കളിയിലും സൂര്യ ഗോള്‍ഡന്‍ ഡെക്കാവുകയും ചെയ്തിരുന്നു.
ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വഡ്
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്.