ലഖ്‌നൗ: ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ അടുത്ത സൂപ്പര്‍ പോരാട്ടം ഇംഗ്ലണ്ടിനെതിരേ നടക്കാന്‍ പോവുകയാണ്. ഓസ്‌ട്രേലിയ, പാകിസ്താന്‍, ന്യൂസീലന്‍ഡ് എന്നിവരുടെ വെല്ലുവിളികളെയൊക്കെ മറികടന്ന ഇന്ത്യക്ക് ഇനി മുന്നിലുള്ളത് ഇംഗ്ലണ്ടാണ്. കരുത്തരുടെ നിരയാണ് ഇംഗ്ലണ്ടെങ്കിലും സമീപകാല പ്രകടനങ്ങള്‍ മോശമാണ്. ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് സെമിയാണ് ഇന്ത്യ ലക്ഷ്യമിടുന്നതെങ്കില്‍ സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ ഇംഗ്ലണ്ടിന് ജയം നിര്‍ണ്ണായകം.
ന്യൂസീലന്‍ഡിനെതിരേ ഇന്ത്യയുടെ പ്ലേയിങ് 11ല്‍ ഹാര്‍ദിക് പാണ്ഡ്യ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇംഗ്ലണ്ടിനെതിരേ ഹാര്‍ദിക് തിരിച്ചെത്തുമെന്നാണ് വിവരം. അങ്ങനെ വരുമ്പോള്‍ ഇന്ത്യയുടെ പ്ലേയിങ് 11ല്‍ മാറ്റം കൊണ്ടുവരേണ്ടി വരും. ഇംഗ്ലണ്ടിനെതിരേ ഇന്ത്യ കളത്തിലിറക്കാന്‍ സാധ്യതയുള്ള 11നെ പരിശോധിക്കാം. ഓപ്പണിങ്ങില്‍ രോഹിത് ശര്‍മയും ശുബ്മാന്‍ ഗില്ലും തുടരുമ്പോള്‍ മൂന്നാം നമ്പറില്‍ വിരാട് കോലിയും ഉണ്ടാവും. ഈ മൂന്ന് പേരുടേയും പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാണ്.
ഇന്ത്യ ജയിച്ച അഞ്ച് മത്സരത്തിലും നിര്‍ണ്ണായകമായത് രോഹിത്തിന്റേയും കോലിയുടേയും പ്രകടനമാണ്. രണ്ട് പേരും നല്‍കുന്ന മികച്ച തുടക്കത്തെ പിന്നാലെയെത്തുന്നവര്‍ നന്നായി മുതലാക്കുന്നു. രോഹിത്തിന്റെ വെടിക്കെട്ട് തുടക്കം ഇന്ത്യയുടെ വിജയക്കുതിപ്പില്‍ നിര്‍ണ്ണായകമാണ്. കോലി നട്ടെല്ലായി മാറുന്നു. ഇംഗ്ലണ്ടിനെതിരേയും ഇവരുടെ മികവ് മത്സരഫലത്തിന്റെ ഗതി നിര്‍ണ്ണയിക്കും. നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ തുടരാനാണ് സാധ്യത.
ന്യൂസീലന്‍ഡിനെതിരേ ഭേദപ്പെട്ട പ്രകടനമാണ് ശ്രേയസ് കാഴ്ചവെച്ചത്. വേഗത്തില്‍ റണ്‍സുയര്‍ത്താനുള്ള ശ്രമം മധ്യനിരയില്‍ ശ്രേയസില്‍ നിന്നുണ്ടാവുന്നു. നാലാം നമ്പറിലെ ഇന്ത്യയുടെ വിശ്വസ്തന്‍ ശ്രേയസ് അയ്യരാണെന്ന് നിസംശയം പറയാം. അഞ്ചാം നമ്പറില്‍ കെ എല്‍ രാഹുല്‍ കളിക്കും. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ രാഹുലിന്റെ പ്രകടനം ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്. സാഹചര്യത്തിനനുസരിച്ച് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ രാഹുല്‍ മിടുക്കനാണ്.

വിക്കറ്റിന് പിന്നിലും രാഹുല്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നു. ആറാം നമ്പറിലേക്ക് ഹാര്‍ദിക് പാണ്ഡ്യ തിരിച്ചെത്തും. പേസ് ഓള്‍റൗണ്ടറും വൈസ് ക്യാപ്റ്റനുമായ ഹാര്‍ദിക് മടങ്ങിയെത്തുന്നതോടെ സൂര്യകുമാര്‍ യാദവിന്റെ ചീട്ടുകീറും. ന്യൂസീലന്‍ഡിനെതിരേ സൂര്യക്ക് അവസരം ലഭിച്ചെങ്കിലും തുടക്കത്തിലേ തന്നെ റണ്ണൗട്ടായി പുറത്താകേണ്ടി വന്നു. ഹാര്‍ദിക് തിരിച്ചെത്തുമ്പോള്‍ സൂര്യക്ക് വഴിമാറിക്കൊടുക്കാതെ മറ്റ് വഴികളില്ലെന്ന് തന്നെ പറയാം.
ഏഴാം നമ്പറില്‍ രവീന്ദ്ര ജഡേജ കളിക്കും. പന്തുകൊണ്ട് മിന്നിക്കുന്ന ജഡേജയുടെ ബാറ്റിങ്ങായിരുന്നു അല്‍പ്പം പ്രശ്‌നം. എന്നാല്‍ ന്യൂസീലന്‍ഡിനെതിരേ ഇന്ത്യയുടെ മാച്ച് വിന്നറാവാന്‍ ജഡേജക്ക് സാധിച്ചു. ജഡേജ ബാറ്റിങ്ങില്‍ ഫോമിലേക്കെത്തിയത് ഇന്ത്യക്ക് വലിയ ആശ്വാസം നല്‍കുന്ന കാര്യമാണ്. എട്ടാം നമ്പറില്‍ ശാര്‍ദ്ദുല്‍ ടാക്കൂറിന്റെ തിരിച്ചുവരവ് ഉണ്ടാകില്ല. ന്യൂസീലന്‍ഡിനെതിരേ അഞ്ച് വിക്കറ്റുമായി തിളങ്ങിയ മുഹമ്മദ് ഷമി പ്ലേയിങ് 11 തുടരാനാണ് സാധ്യത.
ഒമ്പതാം നമ്പറില്‍ കുല്‍ദീപ് യാദവ് തുടരുമ്പോള്‍ 10ാം നമ്പറില്‍ ജസ്പ്രീത് ബുംറ കരുത്തുപകരാനുണ്ടാവും. 11ാമനായി മുഹമ്മദ് സിറാജിനാണ് സ്ഥാനം. ഷമി, സിറാജ്, ബുംറ കൂട്ടുകെട്ട് ഇന്ത്യന്‍ നിരയില്‍ തുടരാനാണ് സാധ്യത. ലഖ്‌നൗവില്‍ സ്പിന്നിന് വലിയ മുന്‍തൂക്കം ഇല്ലാത്തതിനാല്‍ അശ്വിന്‍ തിരിച്ചെത്താന്‍ സാധ്യത കുറവാണ്. ഇംഗ്ലണ്ടും വലിയ മാറ്റങ്ങളോടെയാവും ഇറങ്ങുക. സൂപ്പര്‍ താരങ്ങളേറെയുള്ള ഇംഗ്ലണ്ടിന് ഫോമാണ് പ്രശ്‌നം. താരങ്ങള്‍ ഫോമിലേക്കെത്തിയാല്‍ ഇന്ത്യക്ക് ജയം കടുപ്പമായിരിക്കുമെന്നുറപ്പ്.
ഇന്ത്യയുടെ സാധ്യതാ 11: രോഹിത് ശര്‍മ (c), ശുബ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍,കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.