For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: സൂര്യയ്ക്കു സീറ്റുറപ്പ്, സഞ്ജു സ്റ്റാന്റ്‌ബൈ ലിസ്റ്റില്‍ മാത്രം! സൂചന നല്‍കി അഗാര്‍ക്കര്‍

മുന്‍ ഫാസ്റ്റ് ബൗളര്‍ ശ്രീശാന്തിനു ശേഷം ഇന്ത്യക്കു വേണ്ടി ലോകകപ്പില്‍ കളിക്കുന്ന ആദ്യ മലയാളി താരമെന്ന സഞ്ജു സാംസണിന്റെ സ്വപ്‌നം ഇത്തവണയും പൂവണിയില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് പരിക്കു കാരണം ലോകകപ്പില്‍ കളിക്കാനിടയില്ലാത്തതിനാല്‍ ബാക്കപ്പ് വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളായി സഞ്ജുവിനു നറുക്കുവീഴുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍.

മാത്രമല്ല നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ പരിക്കില്‍ നിന്നും മോചിതനായി തിരിച്ചെത്തുമോയെന്ന സംശയം നിലനില്‍ക്കുന്നതും സഞ്ജുവിന്റെ സാധ്യതകള്‍ വര്‍ധിപ്പിച്ചിരുന്നു. പക്ഷെ ലോകകപ്പിലും അതിനു മുമ്പുള്ള ഏഷ്യാ കപ്പിലും സഞ്ജുവിനു ടീമില്‍ ഇടം ലഭിക്കാന്‍ സാധ്യത തീരെ കുറവാണെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.

SANJU SAMSON

മാത്രമല്ല ഏകദിനത്തില്‍ ഇനിയും ബാറ്റിങില്‍ ക്ലിക്കായിട്ടില്ലാത്ത ടി20 സ്‌പെഷ്യലിസ്റ്റ് സൂര്യകുമാര്‍ യാദവ് ലോകകപ്പിലും ഏഷ്യാ കപ്പിലും സ്ഥാനമുറപ്പിക്കുകയും ചെയ്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം അയര്‍ലാന്‍ഡ് പര്യടനത്തിലുള്ള ഇന്ത്യയുടെ ടി20 ടീമിനെ അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചിരുന്നു.

പരിക്കില്‍ നിന്നും മുക്തനായി തിരിച്ചെത്തുന്ന സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത്. അദ്ദേഹത്തെ മാറ്റിനിര്‍ത്തിയാല്‍ കുറച്ചെങ്കിലും അനുഭവസമ്പത്തുള്ള ടീമിലെ ഏക താരം സഞ്ജുവാണ്. ബാക്കിയുള്ളവരെല്ലാം ചുരുക്കം ചില മല്‍സരങ്ങള്‍ കളിച്ചവരും ഇനിയും അരങ്ങേറാത്തവരുമാണ്.

വരാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസിനായി നേരത്തേ പ്രഖ്യാപിച്ച ഇന്ത്യന്‍ സംഘത്തിലുള്ളവരെല്ലാം ഐറിഷ് പര്യടനത്തിലുമുണ്ട്. ബുംറ, സഞ്ജു തുടങ്ങിയ ചുരുക്കം ചിലരാണ് ഏഷ്യാഡ് സംഘത്തില്‍ ഇല്ലാത്തത്.

ഏഷ്യാ കപ്പ്, ലോകകപ്പ് എന്നിവയില്‍ സഞ്ജു ഇന്ത്യന്‍ ടീം പ്ലാനിന്റെ ഭാഗമല്ലെന്ന സൂചനയാണ് ഐറിഷ് പര്യടനത്തിലെ ടി20 സ്‌ക്വാഡിലൂടെ അഗാര്‍ക്കര്‍ നല്‍കിയിരിക്കുന്നത്. കാരണം സഞ്ജു ഇപ്പോള്‍ നടക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ഏകദിന, ടി20 പരമ്പരകളുടെ ഭാഗമാണ്. ടി20 പരമ്പരയ്ക്കു തൊട്ടുപിന്നാലെയാണ് അയര്‍ലാന്‍ഡ് പര്യടനം.

സഞ്ജുവൊഴികെ ഇപ്പോള്‍ വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ ഉള്‍പ്പെട്ട മറ്റു താരങ്ങള്‍ക്കെല്ലാം ഇന്ത്യ വിശ്രമം നല്‍കിയിരിക്കുകയാണ്. സഞ്ജുവിനെ മാത്രം ഐറിഷ് പര്യടനത്തിലും പരിഗണിച്ചതോടെ അദ്ദേഹം ലോകകപ്പില്‍ ഉണ്ടാവില്ലെന്നു വ്യക്തമാവുകയും ചെയ്തു.

SURYAKUMAR YADAV

അയര്‍ലാന്‍ഡുമായുള്ള ടി20 പരമ്പരയില്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ കളിക്കില്ലെന്നു നേരത്തേ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അദ്ദേത്തിന്റെ അഭാവത്തില്‍ നിലവില്‍ ടി20 ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായ സൂര്യയായിരിക്കും ഇന്ത്യയെ നയിക്കുകയെന്നായിരുന്നു സൂചനകള്‍. പക്ഷെ സൂര്യക്കും ഐറിഷ് പര്യടനത്തില്‍ വിശ്രമം നല്‍കിയതോടെ ലോകകപ്പില്‍ അദ്ദേഹമുണ്ടാവുമെന്നു ഉറപ്പായിരിക്കുകയാണ്.

ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ലോകകപ്പിനുള്ള 15 അംഗ സ്‌ക്വാഡിനെ ഉറപ്പിച്ചു കഴിഞ്ഞു. നേരത്തേ സഞ്ജു, സൂര്യ ഇവരിലാര്‍ക്കാവും നറുക്കുവീഴുകയെന്നായിരുന്നു അറിയാനുണ്ടായിരുന്നത്. പക്ഷെ ഇപ്പോള്‍ മലയാളി താരത്തെ മറികടന്ന് സ്‌കൈ ലോകകപ്പ് കളിക്കാനൊരുങ്ങുകയാണ്.

ലോകകപ്പില്‍ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറുടെ റോള്‍ കെഎല്‍ രാഹുലിനായിരിക്കും. ബാക്കപ്പായി ഇഷാന്‍ കിഷനും ടീമിലെത്തും. വീന്‍ഡീസുമായുള്ള ഏകദിന പരമ്പരയിലെ ആദ്യ രണ്ടു മല്‍സരങ്ങളിലും ഫിഫ്റ്റിയടിച്ചതോടെയാണ് ഇഷാന്‍ ലോകകപ്പ് ടീമില്‍ സ്ഥാനമുറപ്പിച്ചത്. സഞ്ജുവാകട്ടെ രണ്ടാം ഏകദിനത്തില്‍ കളിച്ചിരുന്നെങ്കിലും ഒമ്പതു റണ്‍സ് മാത്രമെടുത്ത് പുറത്താവുകയായിരുന്നു.

ലോകകപ്പില്‍ ഇന്ത്യയുടെ 15 അംഗ ടീമില്‍ സഞ്ജുവുണ്ടാവില്ല. പകരം സ്റ്റാന്റ്‌ബൈ താരങ്ങളിലൊരാളായിട്ടാവും അദ്ദേഹം പരിഗണിക്കപ്പെടുകയെന്നാണ് വിവരം. ഈ മാസം അവസാനം തുടങ്ങുന്ന ഏഷ്യാ കപ്പിലൂടെ രാഹുലും ശ്രേയസും ടീമിലേക്കു മടങ്ങിയെത്തുകയാണ്. ഇതോടെ സഞ്ജുവിന്റെ വഴി പൂര്‍ണമായി അടയുകയും ചെയ്യും. ഏഷ്യാ കപ്പിനുളള ഏറെക്കുറെ അതേ ടീം തന്നെയായിരിക്കും ലോകകപ്പിലും ഇന്ത്യക്കു വേണ്ടി ഇറങ്ങുക.

ലോകകപ്പ്, ഏഷ്യാ കപ്പ് എന്നിവയ്ക്കുള്ള ഇന്ത്യയുടെ 15 അംഗ സാധ്യതാ ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, അക്ഷര്‍ പട്ടേല്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശര്‍ദ്ദുല്‍ ടാക്കൂര്‍, സൂര്യകുമാര്‍ യാദവ്.

സ്റ്റാന്റ്‌ബൈ താരങ്ങള്‍- യുസ്വേന്ദ്ര ചഹല്‍/ ആര്‍ അശ്വിന്‍, പ്രസിദ്ധ് കൃഷ്ണ, സഞ്ജു സാംസണ്‍.

Story first published: Tuesday, August 1, 2023, 17:08 [IST]
Other articles published on Aug 1, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+