മുംബൈ: ഏകദിന ലോകകപ്പ് ആവേശകരമായി പുരോഗമിക്കുകയാണ്. ഇന്ത്യന്‍ ടീം തകര്‍പ്പന്‍ പ്രകടനമാണ് ഇത്തവണ കാഴ്ചവെക്കുന്നത്. ആദ്യത്തെ ആറ് മത്സരത്തിലും തകര്‍പ്പന്‍ ജയമാണ് ഇന്ത്യ നേടിയത്. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, പാകിസ്താന്‍, ന്യൂസീലന്‍ഡ് എന്നിവരെയെല്ലാം ഇന്ത്യ തകര്‍ത്തു. മൂന്ന് മത്സരം ശേഷിക്കെ ഇന്ത്യ ഏറെക്കുറെ സെമി ഉറപ്പിച്ചിട്ടുണ്ട്. മഹാത്ഭുതം സംഭവിക്കാത്ത പക്ഷം ഇന്ത്യ സെമി കളിക്കുമെന്നുറപ്പാണ്.
ഇന്ത്യക്കായി പ്രമുഖ താരങ്ങളെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. വിക്കറ്റിന് പിന്നിലും ബാറ്റിങ്ങിലും കെ എല്‍ രാഹുല്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. മധ്യനിരയിലെ ഇന്ത്യയുടെ വിശ്വസ്തനാണ് കെ എല്‍ രാഹുല്‍. വിവാഹത്തിന് ശേഷം രാഹുല്‍ കളിക്കുന്ന ആദ്യത്തെ ലോകകപ്പാണിത്. പ്രമുഖ ബോളിവുഡ് താരം സുനില്‍ ഷെട്ടിയുടെ മകളെയാണ് രാഹുല്‍ വിവാഹം ചെയ്തിരിക്കുന്നത്. വലിയ ആഘോഷത്തോടെയാണ് രാഹുലിന്റെയും അതിയ ഷെട്ടിയുടേയും വിവാഹം നടന്നത്.
രാഹുല്‍ തന്റെ മരുമകനാണെങ്കിലും ഇഷ്ട ക്രിക്കറ്റ് താരം കെ എല്‍ രാഹുലല്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സുനില്‍ ഷെട്ടി. തന്റെ ഇഷ്ടതാരം വിരാട് കോലിയാണെന്നാണ് സുനില്‍ ഷെട്ടി പറഞ്ഞത്. 'കെ എല്‍ രാഹുല്‍ എന്റെ മകനാണ്. എന്നാല്‍ വിരാട് കോലിയാണ് എന്റെ ഫേവറേറ്റ് താരം. ചേസിങ്ങിലെ മാസ്റ്ററാണവന്‍' എന്നാണ് സുനില്‍ ഷെട്ടി പറഞ്ഞത്. ഇന്ത്യയുടെ ഇതിഹാസ താരമായ വിരാട് കോലി മിന്നും ഫോമിലാണ്. ഏകദിന ലോകകപ്പില്‍ സെഞ്ച്വറിയടക്കം കോലി നേടിക്കഴിഞ്ഞു.
48 ഏകദിന സെഞ്ച്വറി നേടിയ കോലിക്ക് രണ്ട് സെഞ്ച്വറിയകലെ സച്ചിന്റെ കൂടുതല്‍ ഏകദിന സെഞ്ച്വറിയെന്ന ലോക റെക്കോഡിനെ മറികടക്കാന്‍ സാധിക്കും. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് കോലിയെന്ന് നിസംശയം പറയാം. ലോക ക്രിക്കറ്റിലെത്തന്നെ എക്കാലത്തെയും മികച്ച അഞ്ച് ബാറ്റ്‌സ്മാന്‍മാരെ തിരഞ്ഞെടുത്താല്‍ അതിലൊരാള്‍ കോലിയാണെന്ന് പറയാം. പല പ്രമുഖ താരങ്ങളുടേയും ഇഷ്ട താരങ്ങളിലൊരാള്‍ കോലിയാണ്.

റണ്‍സ് പിന്തുടരുമ്പോള്‍ കോലിയോളം മികവുള്ള മറ്റൊരു താരവുമില്ലെന്ന് പറയാം. വലിയ സ്‌കോറിനെ പിന്തുടരുമ്പോള്‍ കോലിയുടെ ബാറ്റിങ് കരുത്താണ് ഇന്ത്യയുടെ ശക്തി. റണ്‍സ് പിന്തുടരുന്ന മികവ് പരിശോധിക്കുമ്പോള്‍ സച്ചിനെക്കാളും കേമന്‍ കോലിയാണെന്ന് പറയാം. ഇത്തവണത്തെ ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ ജയിച്ചപ്പോള്‍ കോലിയുടെ ബാറ്റിങ് പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമായിരുന്നു. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും നിലയുറപ്പിച്ച് കളിക്കാനും അസാധ്യ മികവ് കോലിക്കുണ്ട്.
ക്ലാസിക് ഷോട്ടുകളിലൂടെ റണ്‍സുയര്‍ത്തുന്ന താരമാണെന്നതാണ് കോലിയുടെ സവിശേഷത. അതിസാഹസിക ഷോട്ടുകള്‍ വിരളമായി മാത്രം കളിക്കുന്ന കോലി അടുത്ത ലോകകപ്പിലും ഇന്ത്യയുടെ നെടുന്തൂണായി ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്. കോലിയുടെ ഫിറ്റ്‌നസും എടുത്തു പറയേണ്ടതാണ്. ആധുനിക ക്രിക്കറ്റില്‍ ഏറ്റവും ഫിറ്റ്‌നസുള്ള താരങ്ങളിലൊരാളാണ് കോലി. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാത്ത കോലി ഇക്കാര്യത്തിലും വലിയ മാതൃകയാണ്.
കെ എല്‍ രാഹുല്‍ നീണ്ട നാള്‍ പരിക്കിന്റെ പിടിയിലായിരുന്നു. അവസാന സീസണിലെ ഐപിഎല്ലിനിടെ പരിക്കേറ്റ രാഹുലിന് ശസ്ത്രക്രിയയടക്കം നടത്തേണ്ടി വന്നു. ഏറെ നാള്‍ ടീമിന് പുറത്തായിരുന്ന താരം ഏഷ്യാ കപ്പിലൂടെയാണ് തിരിച്ചെത്തിയത്. മടങ്ങിവരവ് സെഞ്ച്വറിയോടെ ആഘോഷിക്കാനും രാഹുലിനായി. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യ പരിഗണിക്കുന്ന താരമാണ് രാഹുല്‍. രോഹിത് ശര്‍മക്ക് ശേഷം ഇന്ത്യയുടെ ടെസ്റ്റ് നായകനായി രാഹുല്‍ എത്താനുള്ള സാധ്യതയാണ് കൂടുതല്‍.
റിഷഭ് പന്ത് പരിക്കേറ്റ് പുറത്തായപ്പോള്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനവും രാഹുലിന് ലഭിച്ചു. കീപ്പറെന്ന നിലയിലും തകര്‍പ്പന്‍ പ്രകടനമാണ് അദ്ദേഹം കാഴ്ചവെക്കുന്നത്. ഇന്ത്യന്‍ ടീമില്‍ രോഹിത് ശര്‍മക്കും വിരാട് കോലിക്കുമൊപ്പം സ്ഥാനം രാഹുലിനുണ്ട്. ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ നായകനാണ് കെ എല്‍ രാഹുല്‍.