മുംബൈ: ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്നലെയാണ് പ്രഖ്യാപിച്ചത്. വലിയ സര്‍പ്രൈസുകളില്ലാതെയായിരുന്നു ടീം പ്രഖ്യാപനം. ഒട്ടുമിക്ക പ്രമുഖരും ടീമില്‍ ഉള്‍പ്പെട്ടപ്പോള്‍ സഞ്ജു സാംസണ്‍ തഴയപ്പെട്ടു. സൂര്യകുമാര്‍ യാദവിന് ഇന്ത്യ ലോകകപ്പ് സീറ്റ് നല്‍കുകയും സഞ്ജുവിനെ തഴയുകയും ചെയ്തതോടെ വലിയ വിമര്‍ശനമാണ് സഞ്ജു ആരാധകര്‍ ഉയര്‍ത്തുന്നത്. സഞ്ജുവിന്റെ ഏകദിന ശരാശരി 55ന് മുകളിലാണ്. സൂര്യകുമാറിന്റേത് 25ല്‍ താഴെയും.
എന്നിട്ടും സഞ്ജുവിനെ തഴഞ്ഞ് സൂര്യകുമാറിന് ഇന്ത്യ അവസരം നല്‍കുകയായിരുന്നു. സൂര്യകുമാര്‍ ഒന്നാം നമ്പര്‍ ടി20 ബാറ്റ്‌സ്മാനാണെങ്കിലും ഏകദിനത്തില്‍ വലിയ മികവില്ല. അതേ സമയം സഞ്ജു ഏകദിനത്തില്‍ ലഭിച്ച അവസരങ്ങളെല്ലാം മുതലാക്കിയ താരമാണ്. സഞ്ജുവിനെ ടീമില്‍ എടുക്കാത്തതിനെ അനുകൂലിക്കുന്നവരും സഞ്ജുവിനെ ഒഴിവാക്കിയതില്‍ നിരാശപ്പെടുന്നവരുമായ ആരാധകരുണ്ട്. ഇപ്പോഴിതാ തഴയപ്പെട്ടതിന് പിന്നാലെ സഞ്ജുവിനെ പരിഹസിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍.
ഇന്ത്യയുടെ ലോകകപ്പ് ടീമിനെക്കുറിച്ച് ഇന്ത്യ ടുഡേയില്‍ സംസാരിക്കുകയായിരുന്നു ഗവാസ്‌കര്‍. ഇന്ത്യക്ക് തിരഞ്ഞെടുക്കാന്‍ സാധിക്കുന്ന ഏറ്റവും മികച്ച ടീമാണിതെന്നും മികച്ച ബാറ്റിങ് കരുത്തും ബൗളിങ്ങും കരുത്തും ഈ ഇന്ത്യന്‍ ടീമിനുണ്ടെന്നും ഗവാസ്‌കര്‍ പറഞ്ഞു. മികച്ച സ്പിന്നര്‍മാരാണ് ടീമിലുള്ളത്. ഇത്തവണ കപ്പിലേക്കെത്താന്‍ സാധിക്കുന്ന തരത്തിലുള്ള ടീമാണ് ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്നതെന്നും ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.
സഞ്ജു സാംസണിനെ ടീമിലെടുക്കാത്തതിനെക്കുറിച്ച് അവതാരകന്‍ ചോദിച്ചപ്പോഴാണ് ഗവാസ്‌കര്‍ പരിഹസിക്കുന്ന തരത്തില്‍ പ്രതികരിച്ചത്. സഞ്ജു സാംസണ്‍ തല താഴ്ത്തി റണ്‍സടിക്കാനാണ് ശ്രമിക്കേണ്ടതെന്നാണ് ഗവാസ്‌കര്‍ പറഞ്ഞത്. സഞ്ജു അഹങ്കാരിയാണെന്ന് ഗവാസ്‌കര്‍ പറയാതെ പറഞ്ഞിരിക്കുകയാണ്. സഞ്ജുവിന്റെ മികവിനെ വളരെ അധികം പ്രശംസിച്ചിട്ടുള്ളവരിലൊരാളാണ് സുനില്‍ ഗവാസ്‌കര്‍. എന്നാല്‍ ഗവാസ്‌കര്‍ നല്‍കിയ ഉപദേശങ്ങള്‍ സ്വീകരിക്കാന്‍ സഞ്ജു തയ്യാറായിരുന്നില്ല.

കുറച്ചു പന്തുകള്‍ നേരിട്ട് നിലയുറപ്പിച്ച ശേഷം അടിച്ചു കളിക്കാന്‍ ശ്രമിക്കണമെന്നാണ് ഗവാസ്‌കര്‍ ഉപദേശിച്ചത്. എന്നാല്‍ സഞ്ജു ഇതിനെ തള്ളിപ്പറയുകയാണ് ചെയ്തിട്ടുള്ളതെന്ന് ശ്രീശാന്ത് ഒരിക്കല്‍ തുറന്ന് പറഞ്ഞിരുന്നു. ഇക്കാരണത്താലാവാം സഞ്ജുവിനെ ഇപ്പോള്‍ ഗവാസ്‌കര്‍ വിമര്‍ശിക്കാനും തള്ളിപ്പറയാനും തയ്യാറായത്. എന്തായാലും ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായത് സഞ്ജുവിന്റെ കരിയറിലെ വലിയ തിരിച്ചടിയാണെന്ന് നിസംശയം പറയാം.
പരിക്കിന്റെ ഇടവേളക്ക് ശേഷം കെ എല്‍ രാഹുല്‍ മടങ്ങിവരികയാണ്. ഏഷ്യാ കപ്പിലെ ആദ്യ രണ്ട് മത്സരവും നഷ്ടമായിട്ടും ഫിറ്റ്‌നസും ഫോമും ആശങ്കയായി തുടര്‍ന്നിട്ടും രാഹുലിനെ എന്തുകൊണ്ടാണ് ടീമിലെടുത്തതെന്ന ചോദ്യം പല ഭാഗത്തുനിന്നും ഉയരുന്നുണ്ട്. ഇതിനോടും ഗവാസ്‌കര്‍ പ്രതികരിച്ചു. കെ എല്‍ രാഹുലിനെ ഇന്ത്യ ടീമിലെടുത്തത് മികച്ച തീരുമാനമാണ്. പരിക്കിന് ശേഷം ഒരു മത്സരം പോലും കളിക്കാന്‍ രാഹുലിനായിട്ടില്ല.
എന്നാല്‍ രാഹുല്‍ മികവ് തെളിയിച്ചിട്ടുള്ള താരമായതിനാല്‍ ലോകകപ്പിനുള്ള ടീമിലേക്ക് പരിഗണിക്കുന്നതില്‍ തെറ്റില്ലെന്നാണ് ഗവാസ്‌കര്‍ പറഞ്ഞത്. എന്നാല്‍ രാഹുല്‍ പരിക്കിന് ശേഷമാണ് വരുന്നത്. വിക്കറ്റ് കീപ്പറായി മികച്ച ഫോമിലുള്ള ഇഷാന്‍ കിഷന്‍ വരണം. രാഹുല്‍, ശ്രേയസ് എന്നിവരിലൊരാളെ നാലാം നമ്പറില്‍ കളിപ്പിക്കാമെന്നാണ് ഗവാസ്‌കര്‍ നിര്‍ദേശിക്കുന്നത്. അവസാനം കളിച്ച നാല് ഏകദിനത്തിലും അര്‍ധ സെഞ്ച്വറിയോടെ കസറാന്‍ ഇഷാന് സാധിച്ചിരുന്നു.
സഞ്ജുവിന്റെ സ്ഥിരതയാണ് പ്രശ്‌നം. മാച്ച് വിന്നിങ് പ്രകടനങ്ങള്‍ കാഴ്ചവെക്കാന്‍ സഞ്ജുവിന് സാധിച്ചിട്ടില്ല. എന്നാല്‍ സൂര്യ പെട്ടെന്ന് മത്സരത്തെ മാറ്റിമറിക്കാന്‍ ശേഷിയുള്ളവനാണ്. അതുകൊണ്ടുതന്നെയാണ് സഞ്ജുവിനെ മറികടന്ന് സൂര്യയെ ഇന്ത്യ ലോകകപ്പ് ടീമിലേക്ക് പരിഗണിച്ചത്. ഇതിനെ തെറ്റായ തീരുമാനമെന്ന് വിലയിരുത്താനാവില്ല.
ഇന്ത്യയുടെ ലോകകപ്പ് ടീം: രോഹിത് ശര്‍മ (c), ശുബ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ (vc), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ശാര്‍ദ്ദുല്‍ താക്കൂര്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ