പൂനെ: ഏകദിന ലോകകപ്പില്‍ ഇന്ത്യ വിജയക്കുതിപ്പ് തുടരുകയാണ്. തുടര്‍ച്ചയായ നാലാം മത്സരത്തിലും വമ്പന്‍ ജയമാണ് ഇന്ത്യ നേടിയത്. ബംഗ്ലാദേശിനെതിരേ ഏഴ് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ നേടിയെടുത്തത്. വിരാട് കോലിയുടെ (103*) തകര്‍പ്പന്‍ സെഞ്ച്വറിയും ശുബ്മാന്‍ ഗില്ലിന്റെ (53) അര്‍ധ സെഞ്ച്വറിയും ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായകമായി. 51 പന്ത് ബാക്കിനിര്‍ത്തിയാണ് ഇന്ത്യ വിജയം നേടിയത്. ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഇന്ത്യക്കായി.
ഇപ്പോഴിതാ ഇന്ത്യയുടെ ജയത്തിന് ശേഷവും താരങ്ങളെ വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ സുനില്‍ ഗവാസ്‌കര്‍. ശ്രേയസ് അയ്യരും ശുബ്മാന്‍ ഗില്ലും ഉത്തരവാദിത്തമില്ലാതെ വിക്കറ്റ് നഷ്ടപ്പെടുത്തിയതിനെയാണ് ഗവാസ്‌കര്‍ വിമര്‍ശിച്ചത്. 'ശ്രേയസ് അയ്യര്‍ക്ക് ക്ഷമ നഷ്ടപ്പെട്ടു. 19 റണ്‍സില്‍ നില്‍ക്കുമ്പോഴാണ് അവന്‍ പുറത്താകുന്നത്. ശുബ്മാന്‍ ഗില്ലും അര്‍ധ സെഞ്ച്വറിക്ക് പിന്നാലെയാണ് വിക്കറ്റ് വലിച്ചെറിഞ്ഞത്. എന്നാല്‍ കോലിയൊന്നും ഒരിക്കലും അത് ചെയ്യില്ല.
കോലി തന്റെ വിക്കറ്റിന്റെ വില മനസിലാക്കുന്നു. അതാണ് ഓരോ താരങ്ങളും തിരിച്ചറിയേണ്ടത്. 70-80 റണ്‍സ് നേടിയാല്‍ പിന്നാലെ സെഞ്ച്വറിക്കായാണ് ശ്രമിക്കേണ്ടത്. എല്ലാ ദിവസവും സെഞ്ച്വറി വരില്ല. അതുകൊണ്ടുതന്നെ അവസരം മുതലാക്കണം. ശുബ്മാന്‍ ഗില്ലും ശ്രേയസ് അയ്യരുമെല്ലാം സെഞ്ച്വറി നേടേണ്ടത് എങ്ങനെയാണെന്ന് മനസിലാക്കണം. ശുബ്മാന്‍ ഗില്ലിന് സെഞ്ച്വറി നേടാനുള്ള അവസരം മുന്നിലുണ്ടായിരുന്നു.
ഇപ്പോഴും നാലാം നമ്പറില്‍ അവസരം ലഭിക്കുന്ന ശ്രേയസ് അവസരങ്ങളെ കൂടുതല്‍ മുതലാക്കാന്‍ പഠിക്കണം. ഇത്തരം മികച്ച അവസരങ്ങളെ നഷ്ടപ്പെടുത്തരുത്' മത്സരത്തിന് ശേഷം സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കവെ ഗവാസ്‌കര്‍ പറഞ്ഞു. തുടക്കം മുതല്‍ അതിവേഗത്തില്‍ ബാറ്റുചെയ്യുക എന്നതായിരുന്നു ഇന്ത്യയുടെ തന്ത്രം. ആദ്യം നായകന്‍ രോഹിത് ശര്‍മയാണ് ആക്രമണത്തിന്റെ ചുമതല ഏറ്റെടുത്തത്. കടന്നാക്രമിച്ച രോഹിത് 48 റണ്‍സെടുത്താണ് പുറത്തായത്.

7 ഫോറും 2 സിക്‌സുമടക്കമാണ് രോഹിത്തിന്റെ വെടിക്കെട്ട് പ്രകടനം. 120 സ്‌ട്രൈക്ക് റേറ്റിലായിരുന്നു ഇന്ത്യന്‍ നായകന്‍ കസറിയത്. പിന്നാലെ ശുബ്മാനും ആക്രണണത്തിന്റെ ചുമതലയേറ്റെടുത്തു. 5 ഫോറും 2 സിക്‌സും പറത്താന്‍ ഗില്ലിനായി. എന്നാല്‍ ഫിഫ്റ്റിക്ക് പിന്നാലെ ഗില്‍ വിക്കറ്റ് വലിച്ചെറിഞ്ഞു. സിക്‌സര്‍ പറത്താനുള്ള ശുബ്മാന്റെ ശ്രമം ബൗണ്ടറി ലൈനിനരികെ ക്യാച്ചില്‍ അവസാനിക്കുകയായിരുന്നു. ശ്രേയസ് അയ്യര്‍ മോശം ഫോമിലായിരുന്നു.
25 പന്ത് നേരിട്ട് 19 റണ്‍സാണ് ശ്രേയസിന് നേടാനായത്. 2 ബൗണ്ടറി നേടിയ താരവും വലിയ ഷോട്ടിന് ശ്രമിച്ചാണ് മടങ്ങിയത്. എന്നാല്‍ ഇരുവരുടേയും പുറത്താകലിനെ കുറ്റപ്പെടുത്താനാവില്ല. ബംഗ്ലാദേശിനെതിരേ വേഗത്തില്‍ ജയം നേടി നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്തുകയെന്നതായിരുന്നു ഇന്ത്യയുടെ ലക്ഷ്യം. ഇതിനായാണ് തുടക്കം മുതല്‍ ആക്രമിച്ച് കളിച്ചത്. രോഹിത് പുറത്തായതോടെ ഇന്ത്യയുടെ റണ്ണൊഴുക്കിന്റെ വേഗം കുറഞ്ഞു.
ഇതിന് പിന്നാലെയാണ് ഗില്ലും ശ്രേയസും ആക്രമിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ സ്പിന്നര്‍മാര്‍ക്ക് നല്ല ടേണ്‍ ലഭിച്ചതോടെ ഇരുവരുടേയും സിക്‌സര്‍ ശ്രമം പാളുകയായിരുന്നു. വിരാട് കോലി ക്ലാസിക് ബാറ്റിങ്ങിലൂടെ സെഞ്ച്വറി പൂര്‍ത്തിയാക്കി. ഏകദിനത്തിലെ 48ാം സെഞ്ച്വറിയാണ് കോലി സ്വന്തമാക്കിയത്. 97 പന്ത് നേരിട്ടാണ് കോലി 103 റണ്‍സ് നേടിയത്. ആറ് ഫോറും നാല് സിക്‌സും ഉള്‍പ്പെടെയാണ് കോലിയുടെ ഗംഭീര പ്രകടനം. ഇന്ത്യ വിജയത്തിലേക്കെത്തിച്ച് പുറത്താവാതെ നില്‍ക്കാന്‍ കോലിക്കായി.
കെ എല്‍ രാഹുലും 34 റണ്‍സുമായി പുറത്താവാതെ നിന്നു. ഹാര്‍ദിക് പാണ്ഡ്യക്ക് പരിക്കേറ്റ സാഹചര്യത്തിലും മികച്ച ക്യാപ്റ്റന്‍സിയിലൂടെ ബാറ്റിങ്ങിലും ബൗളിങ്ങിലും ടീമിന് ആധിപത്യം നേടിക്കൊടുക്കാന്‍ രോഹിത് ശര്‍മക്കുമായി. എന്നാല്‍ പ്രതീക്ഷിച്ച വേഗത്തില്‍ മത്സരം അവസാനിപ്പിക്കാന്‍ സാധിക്കാത്തതിനാല്‍ ഇന്ത്യ ഇപ്പോഴും പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്.