ഐസിസിയുടെ ഏകദിന ലോകകപ്പിനു വ്യാഴാഴ്ച തുടക്കം കുറിക്കാനിരിക്കെ ടൂര്‍ണമെന്റില്‍ ശ്രദ്ധിക്കേണ്ട 11 താരങ്ങളെ തിരഞ്ഞെടുത്തിരിക്കുകയാണ് വിദഗ്ധര്‍. സ്റ്റാര്‍ സ്‌പോട്‌സ് ചാനലിലാണ് മുന്‍ താരങ്ങളുള്‍പ്പെട്ട പാനല്‍ ലോകകപ്പില്‍ സൂക്ഷിക്കേണ്ടവര്‍ ആരൊക്കെയാണെന്നു ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഈ 11 പേരില്‍ ഇന്ത്യന്‍ താരങ്ങളുടെ ആധിപത്യമാണ് കാണാന്‍ സാധിക്കുക. 11 പേരില്‍ ആറും ഇന്ത്യയില്‍ നിന്നുള്ള താരങ്ങളാണ്.
ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മ, മുന്‍ നായകനും ബാറ്റിങ് ഇതിഹാസവുമായ വിരാട് കോലി, യുവ ബാറ്റിങ് സെന്‍സേഷന്‍ ശുഭ്മന്‍ ഗില്‍, സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, സ്പിന്‍ ബൗളിങിലെ കുന്തമുനയായ കുല്‍ദീപ് യാദവ്, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ എന്നിവരാണ് ഇന്ത്യയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആറു പേര്‍.

ഇന്ത്യ കഴിഞ്ഞാല്‍ കൂടുതല്‍ കളിക്കാരുള്ളത് പാകിസ്താനില്‍ നിന്നാണ്. അവരുടെ രണ്ടു പേരെയാണ് ലോകകപ്പിലെ ശ്രദ്ധിക്കേണ്ട താരങ്ങളായി വിദഗ്ധര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ഒരാള്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ ബാബര്‍ ആസമാണ്. മറ്റൊരാള്‍ ഇടംകൈയന്‍ പേസ് സെന്‍സേഷന്‍ ഷഹീന്‍ അഫ്രീഡിയുമാണ്.
സൗത്താഫ്രിക്ക, ഇംഗ്ലണ്ട്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും ഓരോ താരങ്ങള്‍ വീതവും തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഓസ്‌ട്രേലിയ, ശ്രീലങ്ക എന്നിവരുടെ ഒരാള്‍ പോലും ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടില്ല. സൗത്താഫ്രിക്കയില്‍ നിന്നും വിക്കറ്റ് കീപ്പറും വമ്പനടിക്കാരനുമായ ഹെന്‍ഡ്രിച്ച് ക്ലാസെന്‍, ഇംഗ്ലണ്ട് ക്യാപ്റ്റനും വിക്കറ്റ് കീപ്പറും ഇടിവെട്ട് ബാറ്ററുമായ ജോസ് ബട്‌ലര്‍, അഫ്ഗാനിസ്താന്റെ സ്പിന്‍ സൂപ്പര്‍ സ്റ്റാര്‍ റാഷിദ് ഖാന്‍ എന്നിരും ഇക്കൂട്ടത്തിലുണ്ട്.
അതേസമയം, നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ടും കന്നിക്കിരീടം ലക്ഷ്യമിടുന്ന ന്യൂസിലാന്‍ഡും തമ്മിലാണ് ലോകകപ്പിലെ ഉദ്ഘാടന മല്‍സരം. 2019ലെ അവസാനത്തെ ലോകകപ്പ് ഫൈനലിന്റെ റീപ്ലേ കൂടിയാണിത്. അന്നു ക്ലാസിക്ക് കലാശക്കളിയില്‍ കിവികളുടെ ചിറകരിഞ്ഞായിരുന്നു ഒയ്ന്‍ മോര്‍ഗന്റെ ഇംഗ്ലണ്ട് കന്നി ലോകകപ്പില്‍ മുത്തമിട്ടത്.
ഇത്തവണ ഇന്ത്യയുടെ കന്നിയങ്കം എട്ടിനു അഞ്ചു തവണ ലോക ചംപ്യന്‍മാരായ ഓസ്‌ട്രേലിയക്കെതിരേയാണ്. ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ് പകലും രാത്രിയുമായി നടക്കുന്ന ഈ ക്ലാസിക്കില്‍ ക്രിക്കറ്റിലെ പവര്‍ഹൗസുകള്‍ മുഖാമുഖം വരുന്നത്.
പക്ഷെ ലോകം മുഴുവന്‍ കാത്തിരിക്കുന്നത് ഇന്ത്യയും ചിരവൈരികളായ പാകിസ്താനും തമ്മിലുള്ള എല്‍ ക്ലാസിക്കോയ്ക്കു വേണ്ടിയാണ്. ഈ മാസം 14നു അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയമാണ് ഈ ത്രില്ലറിനു ആതിഥേത്വം വഹിക്കുക.

വലിയ പ്രതീക്ഷയോടെയാണ് രോഹിത്തിനു കീഴില്‍ ഈ ലോകകപ്പിനു ഇന്ത്യ കച്ചമുറുക്കുന്നത്. 2011ല്‍ ഇന്ത്യ അവസാനമായി ലോകകപ്പില്‍ മുത്തമിട്ടത് സ്വന്തം നാട്ടില്‍ വച്ചായിരുന്നു. അന്നു ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു കീഴിലായിരുന്നു ഇന്ത്യ വിശ്വ വിജയികളായത്.
മുംബൈയിലെ വാംഖഡെയില്‍ നടന്ന ആവേശകരമായ കലാശക്കളിയില്‍ ശ്രീലങ്കയെ വീഴ്ത്തി 1983നു ശേഷമുള്ള ആദ്യ ലോക കിരീടത്തില്‍ ഇന്ത്യ മുത്തമിടുകയായിരുന്നു. 12 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടുമൊരു ലോകകപ്പ് നാട്ടില്‍ വിരുന്നെത്തുമ്പോള്‍ ഇന്ത്യയുടെ പ്രതീക്ഷകളും വാനോളമാണ്.
ലോകകപ്പില്‍ ശ്രദ്ധിക്കേണ്ട 11 കളിക്കാര്‍
ശുഭ്മന്‍ ഗില്‍ (ഇന്ത്യ), രോഹിത് ശര്‍മ (ഇന്ത്യ), വിരാട് കോലി (ഇന്ത്യ), ബാബര്‍ ആസം (പാകിസ്താന്‍), ഹെന്‍ഡ്രിച്ച് ക്ലാസെന്‍ (സൗത്താഫ്രിക്ക), ജോസ് ബട്‌ലര്‍ (ഇംഗ്ലണ്ട്), ഹാര്‍ദിക് പാണ്ഡ്യ (ഇന്ത്യ), റാഷിദ് ഖാന്‍ (അഫ്ഗാനിസ്താന്‍), കുല്‍ദീപ് യാദവ് (ഇന്ത്യ), ജസ്പ്രീത് ബുംറ (ഇന്ത്യ), ഷഹീന്‍ അഫ്രീഡി (പാകിസ്താന്‍).