ബെംഗളൂരു: ലോകകപ്പില്‍ നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ടിന്റെ കഷ്ടകാലം തുടരുകയാണ്. തോല്‍വി തുടര്‍ക്കഥയാക്കിയ അവര്‍ക്കു ശ്രീലങ്കയ്‌ക്കെതിരേയും അടിതെറ്റി. ബാറ്റിങ് നിര വന്‍ ദുരന്തമായ മല്‍സരത്തില്‍ ഇംഗ്ലണ്ട് എട്ടു വിക്കറ്റിന്റെ വന്‍ പരാജയമാണ് ഏറ്റുവാങ്ങിയത്. ടൂര്‍ണമെന്റില്‍ അവരുടെ ഹാട്രിക് തോല്‍വി കൂടിയാണിത്. ഇതോടെ ഇംഗ്ലണ്ടിന്റെ സെമി ഫൈനല്‍ പ്രതീക്ഷകളും ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്. ലങ്കയാവട്ടെ തുടരെ രണ്ടാം ജയത്തോട സെമി സാധ്യത നിലനിര്‍ത്തുകയും ചെയ്തു.
ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന്റെ കണക്കുകൂട്ടല്‍ പിഴയ്ക്കുകയായിരുന്നു. ലങ്കയുടെ ബൗളിങ് ആക്രമണത്തില്‍ അവര്‍ ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നു. 33.2 ഓവറില്‍ വെറും 156 റണ്‍സില്‍ ഇംഗ്ലണ്ട് കൂടാരം കയറി. എന്തെങ്കിലും അദ്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ ഈ ചെറിയ ടോട്ടല്‍ പ്രതിരോധിക്കാന്‍ ഇംഗ്ലണ്ടിനു സാധിക്കുമായിരുന്നുള്ളൂ. പക്ഷെ അങ്ങനെയൊന്നും സംഭവിച്ചില്ല. 23 റണ്‍സാവുമ്പോഴേക്കും രണ്ടു വിക്കറ്റുകള്‍ ഇംഗ്ലണ്ട് പിഴുതെങ്കിലും പിന്നീട് ലങ്കയെ പിടിച്ചുനിര്‍ത്താനായില്ല.

25.4 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലങ്ക വിജയ റണ്‍സ് കുറിക്കുകയും ചെയ്തു. അപരാജിതമായ മൂന്നാം വിക്കറ്റില്‍ പതും നിസങ്ക- സദീര സമരവിക്രമ 122 ബോളില്‍ 137 റണ്‍സിന്റെ വമ്പന്‍ കൂട്ടുകെട്ടുണ്ടാക്കിയതോടെ ഇംഗ്ലണ്ടിന്റെ പതനം പൂര്‍ത്തിയായി. നിസങ്ക 77 റണ്‍സും സമരവിക്രമ 65 റണ്‍സും പുറത്താവാതെ നേടി. നിസങ്ക 83 ബോളില്‍ ഏഴു ഫോറും രണ്ടു സിക്‌സറുമടിച്ചപ്പോള്‍ സമരവിക്രമ 54 ബോളില്‍ ഏഴു ഫോറും ഒരു സിക്‌സറുമടിച്ചു.
നേരത്തേ ഇംഗ്ലണ്ട് നിരയില്‍ ഒരാള്‍ക്കു പോലും ഫിഫ്റ്റി തികയ്ക്കാനായില്ല. 43 റണ്‍സെടുത്ത ബെന്‍ സ്റ്റോക്‌സാണ് അവരുടെ ടോപ്‌സ്‌കോറര്‍. 74 ബോളുകള്‍ നേരിട്ട അദ്ദേഹം ആറു ഫോറുകളടിച്ചു. ജോണി ബെയര്‍സ്റ്റോ (30), ഡേവിഡ് മലാന്‍ (28), മോയിന്‍ അലി (15), ഡേവിഡ് വില്ലി (14*) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം നടത്തിയ മറ്റുള്ളവര്‍. മൂന്നു വിക്കറ്റുകളെടുത്ത പേസര്‍ ലഹിരു കുമാരയാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. രണ്ടു വിക്കറ്റുകള്‍ വീതമെടുത്ത കസുന്‍ രജിത, ഏഞ്ചലോ മാത്യൂസ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.

ഭേദപ്പെട്ട തുടക്കത്തിനു ശേഷമായിരുന്നു തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി ഇംഗ്ലണ്ട് 200 റണ്‍സ് പോലും തികയ്ക്കാനാവാതെ കൂടാരംകയറിയത്. ഓപ്പണിങ് വിക്കറ്റില്‍ മലാന്‍- ബെയര്‍സ്റ്റോ സഖ്യം 39 ബോളില്‍ 45റണ്‍സെടുത്തിരുന്നു. എന്നാല്‍ മലാനെ ഏഴാം ഓവറില്‍ മാത്യൂസ് പുറത്താക്കിയതോടെ ഇംഗ്ലണ്ടിന്റെ തകര്‍ച്ചും തുടങ്ങി. വിക്കറ്റ് പോവാതെ 45ല്‍ നിന്നും അവര്‍ അഞ്ചു വിക്കറ്റിനു 85 റണ്‍സിലേക്കു കൂപ്പുകുത്തി.
ആറാം വിക്കറ്റില്‍ അലിയെ കൂട്ടുപിടിച്ച് സ്റ്റോക്‌സ് ഇംഗ്ലണ്ടിനെ കളിയിലേക്കു തിരികെ കൊണ്ടുവന്നു. 37 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഈ സഖ്യം ഇംഗ്ലണ്ടിനെ കളിയിലേക്കു തിരികെ കൊണ്ടുവരാന്‍ ശ്രമിക്കവെയാണ് അലിയുടെ പുറത്താവല്‍. മാത്യൂസാണ് ഒരിക്കല്‍ക്കൂടി ലങ്കയ്ക്കു ബ്രേക്ക്ത്രൂ നല്‍കിയത്. പിന്നീട് ഒരു സഖ്യത്തെയും അധികനേരം ക്രീസില്‍ തുടരാന്‍ ഇംഗ്ലണ്ട് അനുവദിച്ചില്ല. ഒടുവില്‍ വെറും 156 റണ്‍സില്‍ ഇംഗ്ലണ്ട് പുറത്താവുകയും ചെയ്തു.
പ്ലെയിങ് ഇലവന്‍
ഇംഗ്ലണ്ട്- ഡേവിഡ് മലാന്‍, ജോണി ബെയര്‍സ്‌റ്റോ, ജോ റൂട്ട്, ബെന്‍ സ്‌റ്റോക്‌സ്, ലിയാം ലിവിങ്‌സ്റ്റണ്‍, ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), മോയിന്‍ അലി, ക്രിസ് വോക്‌സ്, ആദില്‍ റഷീദ്, ഡേവിഡ് വില്ലി, മാര്‍ക്ക് വുഡ്.
ശ്രീലങ്ക- പതും നിസങ്ക, കുശാല്‍ പെരേര, കുശാല്‍ മെന്‍ഡിസ് (ക്യാപ്റ്റന്‍), സദീര സമരവിക്രമ (വിക്കറ്റ് കീപ്പര്‍), ചരിത് അസലെന്‍ക, ധനഞ്ജയ ഡിസില്‍വ, ഏഞ്ചലോ മാത്യൂസ്, മഹീഷ് തീക്ഷണ, ലഹിരു കുമാര, കസുന്‍ രജിത, ദില്‍ഷന്‍ മധുഷങ്ക.