മുംബൈ: ഏകദിന ലോകകപ്പില്‍ ഗംഭീര ഫോമിലാണ് വിരാട് കോലി കളിക്കുന്നത്. 48ാം ഏകദിന സെഞ്ച്വറി നേടി സച്ചിന്റെ 49 ഏകദിന സെഞ്ച്വറിയെന്ന റെക്കോഡിന് തൊട്ടടുത്താണ് കോലിയുള്ളത്. രണ്ട് സെഞ്ച്വറിയകലെ സച്ചിന്റെ ആരും തകര്‍ക്കില്ലെന്ന് കരുതിയ ഏകദിന സെഞ്ച്വറി റെക്കോഡ് കോലി തകര്‍ക്കും. ഭാഗ്യമുണ്ടെങ്കില്‍ ഈ ലോകകപ്പിലൂടെത്തന്നെ കോലിക്കിത് സാധിച്ചേക്കും. ഇതിനോടകം സച്ചിന്റെ പല റെക്കോഡും ഭേദിച്ച കോലി സച്ചിനെക്കാള്‍ മികച്ച ബാറ്റ്‌സ്മാനാണെന്ന അഭിപ്രായം പലര്‍ക്കുമുണ്ട്.
പല ക്രിക്കറ്റ് താരങ്ങളും കോലിയെ മികച്ചവനെന്ന് വിശേഷിപ്പിക്കുന്നുണ്ട്. എന്നാല്‍ കോലി സച്ചിന് താഴെയാണെന്നും ഇന്നത്തെ സാങ്കേതികതയും പിച്ചും ലഭിച്ചിരുന്നെങ്കില്‍ സച്ചിന്‍ 200 സെഞ്ച്വറിയെങ്കിലും നേടുമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസറും മലയാളിയുമായ എസ് ശ്രീശാന്ത്. 'സച്ചിനെയും കോലിയേയും ഒരിക്കലും താരതമ്യം ചെയ്യാനാവില്ല. ലളിതമായി ഇത് വിശദീകരിക്കാം. വിരാട് ആധുനിക ക്രിക്കറ്റിലെ ഇതിഹാസമാണ്.
നിരവധി റെക്കോഡുകളും കോലിക്കുണ്ട്. എന്നാല്‍ ബൗളര്‍മാരുടെ നിലവാരം നോക്കുക. സച്ചിന്‍ നേരിട്ടവരും കോലി നേരിട്ടവരും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. സമ്മര്‍ദ്ദ സാഹചര്യങ്ങള്‍ ഒരുപോലെയാണെന്ന് പറയാമെങ്കിലും ബൗളര്‍മാരുടെ നിലവാരത്തില്‍ വ്യത്യാസമുണ്ട്. ഐപിഎല്ലിലടക്കം എത്ര സെഞ്ച്വറികളാണ് നേടുന്നതെന്ന് നോക്കുക. രണ്ട് കാലഘട്ടങ്ങളും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. അതുകൊണ്ടുതന്നെ താരതമ്യം ചെയ്യുന്നതില്‍ കാര്യമില്ല.
ഒരേ സ്ഥലത്ത് പന്ത് പിച്ച് ചെയ്യിച്ച് എറിയാന്‍ സാധിക്കുന്ന നിലവിലെ ഒരു ബൗളറുടെ പേര് പറയാമോ?. വസിം അക്രം, ഗ്ലെന്‍ മഗ്രാത്ത്, ഷെയ്ന്‍ വോണ്‍ എന്നിവരുടെ നിലവാരത്തിനൊത്ത് പന്തെറിയാന്‍ ഇന്നത്തെ ആര്‍ക്കാവും?. ഇവര്‍ക്കെല്ലാം ബാറ്റുകൊണ്ട് മറുപടി നല്‍കിയ താരമാണ് സച്ചിന്‍. കോലിയും ബാറ്റുകൊണ്ട് മറുപടി പറയാന്‍ മിടുക്കനാണ്. എന്നാല്‍ ഒരേ ബൗളര്‍ക്ക് തുടര്‍ച്ചയായി സച്ചിന്‍ വിക്കറ്റ് നല്‍കിയത് അപൂര്‍വ്വമായാണ്' - ശ്രീശാന്ത് പറഞ്ഞു.

സച്ചിന്‍ കളിച്ചിരുന്ന കാലഘട്ടം ഇതിഹാസങ്ങളാല്‍ സമ്പന്നമായിരുന്നു. കപില്‍ ദേവ്, മുഹമ്മദ് അസ്ഹറുദ്ദീന്‍, സൗരവ് ഗാംഗുലി, എംഎസ് ധോണി എന്നീ സൂപ്പര്‍ നായകന്മാരുടെ കാലഘട്ടത്തില്‍ ഒപ്പം കളിക്കാന്‍ സച്ചിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. സച്ചിന്‍ നേരിട്ട ബൗളര്‍മാരെല്ലാം ക്രിക്കറ്റിന്റെ എക്കാലത്തെയും ഇതിഹാസങ്ങളാണെന്ന് പറയാം. ഇവരെയെല്ലാം നേരിട്ട് 100 അന്താരാഷ്ട്ര സെഞ്ച്വറിയെന്ന നേട്ടത്തിലേക്ക് സച്ചിനെത്തിയത് എളുപ്പമുള്ള കാര്യമല്ല.
കോലി സച്ചിന്റെ ഏകദിന സെഞ്ച്വറി റെക്കോഡ് തകര്‍ക്കുമെങ്കിലും സച്ചിന്റെ 51 ടെസ്റ്റ് സെഞ്ച്വറിയെന്ന നേട്ടം മറികടക്കുക കോലിക്ക് സ്വപ്‌നം മാത്രമാണെന്ന് പറയാം. ഇന്നത്തെ അത്ര സാങ്കേതികതയില്ലാത്ത കാലത്ത് കളിച്ചാണ് സച്ചിന്റെ ഈ നേട്ടമെന്നതാണ് എടുത്തു പറയേണ്ടത്. റിവ്യൂ പോലുള്ള സംവിധാനങ്ങളുടെ കടന്നുവരവ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കിയിട്ടുണ്ട്.
'ഇത്തരം വിക്കറ്റുകളില്‍ ബാറ്റുചെയ്താല്‍ സച്ചിന്‍ 100 സെഞ്ച്വറിയല്ല 200 സെഞ്ച്വറി അടിക്കുമായിരുന്നു. വിരാട് കോലിക്ക് എതിരായല്ല ഞാന്‍ സംസാരിക്കുന്നത്. ഇന്നത്തെ കാലത്തെ ഫിറ്റ്‌നസ് നിലനിര്‍ത്താനും ചെറുപ്പമായി നില്‍ക്കാനും എന്തൊക്കെ സംവിധാനങ്ങളാണുള്ളത്. അതൊന്നും കാര്യമായി ഇല്ലാത്ത കാലഘട്ടത്തിലാണ് സച്ചിന്‍ കളിച്ചിരുന്നത്. അതുകൊണ്ടുതന്നെ താരതമ്യങ്ങള്‍ക്ക് സ്ഥാനമില്ല'- ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു.
ഒരു ക്രിക്കറ്റ് താരത്തിന്റെ ശരിയായ മികവ് തെളിയിക്കപ്പെടുന്നത് ടെസ്റ്റിലാണ്. അതുകൊണ്ടുതന്നെ സച്ചിനെക്കാളും താഴെയാവും കോലിയുടെ തട്ട്. മുത്തയ്യ മുരളീധരന്‍, ഷെയ്ന്‍ വോണ്‍, സക്ലെയന്‍ മുഷ്താഖ് തുടങ്ങിയ സ്പിന്നര്‍മാര്‍ക്കെതിരേ കോലി അന്നത്തെ സാഹചര്യത്തില്‍ കളിച്ചിരുന്നെങ്കിലും പ്രയാസപ്പെടുമായിരുന്നുവെന്നുറപ്പ്. സ്പിന്‍ ദൗര്‍ബല്യമുള്ള താരമാണ് കോലി.
അതുകൊണ്ടുതന്നെ ഇതിഹാസ ബൗളര്‍മാര്‍ കോലിയെ വിറപ്പിക്കാന്‍ സാധ്യത കൂടുതലാണ്. എന്തായാലും രണ്ട് കാലഘട്ടത്തേയും അടക്കിഭരിച്ച ബാറ്റ്‌സ്മാന്‍മാര്‍ ഇന്ത്യന്‍ താരങ്ങളാണെന്നത് അഭിമാനിക്കാവുന്ന കാര്യമാണ്.