World Cup 2023: സൗത്താഫ്രിക്ക ഫൈനല്‍ കളിച്ചേക്കും, പക്ഷെ കിരീടം മറന്നേക്കൂ! കാരണമുണ്ട്
ഈ ലോകകപ്പില്‍ സ്വപ്‌നതുല്യമായ കുതിപ്പ് നടത്തിക്കൊണ്ടിരിക്കുന്ന ടീമുകളിലൊന്നാണ് സൗത്താഫ്രിക്ക. നിലവില്‍ പോയിന്റ് പട്ടിയല്‍ രണ്ടാംസ്ഥാനത്താണെങ്കിലും നെറ്റ് റണ്‍റേറ്റില്‍ സൗത്താഫ്രിക്കയുടെ (+2.370) അടുത്ത് പോലുമെത്താന്‍ മറ്റു ടീമുകള്‍ക്കായിട്ടില്ല. അഞ്ചു മല്‍സരങ്ങളില്‍ നിന്നും നാലു ജയവും ഒരു തോല്‍വിയുമടക്കം എട്ടു പോയിന്റാണ് സൗത്താഫ്രിക്കയുടെ അക്കൗണ്ടിലുള്ളത്. രണ്ടു പോയിന്റിന്റെ ലീഡുമായി ഇന്ത്യയാണ് തലപ്പത്ത്.
ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും നിര്‍ഭാഗ്യശാലികളായ ടീമെന്നാണ് സൗത്താഫ്രിക്ക അറിയപ്പെടുന്നത്. ശക്തമായ ടീമുണ്ടായിട്ടും ഒന്നിലേറെ തവണ നിര്‍ഭാഗ്യം കാരണം അവര്‍ക്കു തിരിച്ചടികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഈ ലോകകപ്പില്‍ സൗത്താഫ്രിക്ക ഈ ചീത്തപ്പേര് മായ്ക്കുമെന്നാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്. ടീമിന്റെ മാജിക്കല്‍ പ്രകടനം ഇതു തന്നെയാണ് സൂചിപ്പിക്കുന്നതെന്നും അവര്‍ വിശ്വസിക്കുന്നു.

നെതര്‍ലാന്‍ഡ്‌സിനോടു അട്ടിമറിത്തോല്‍വിയേറ്റു വാങ്ങിയതൊഴിച്ചാല്‍ ബാക്കിയുള്ള നാലു മല്‍സരങ്ങളിലും വമ്പന്‍ വിജയമാണ് സൗത്താഫ്രിക്ക സ്വന്തമാക്കിയത്. ശ്രീലങ്കയെ 102 റണ്‍സിനും ഓസ്‌ട്രേലിയയെ 134 റണ്‍സിനും ഇംഗ്ലണ്ടിനെ 229 റണ്‍സിനും ബംഗ്ലാദേശിനെ 149 റണ്‍സിനും സൗത്താഫ്രിക്ക തരിപ്പണമാക്കിയിരുന്നു.
പക്ഷെ ഈ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ സൗത്താഫ്രിക്ക ലോകകപ്പ് നേടുമെന്ന് ഉറപ്പിക്കാന്‍ വരട്ടെ. ഇത്തവണയും കിരീടമില്ലാതെ അവര്‍ക്കു നിരാശപ്പെടേണ്ടി വരും. ഇതിന്റെ കാരണങ്ങളറിയാം. ചരിത്രമാണ് സൗത്താഫ്രിക്കയെ ലോക കിരീടത്തില്‍ നിന്നും അകറ്റുന്ന ആദ്യത്തെ കാരണം.
ഈ ലോകകപ്പില്‍ മാത്രമല്ല നേരത്തേയുള്ള പല ടൂര്‍ണമെന്റുകളിലും അവര്‍ പ്രാഥമിക റൗണ്ടില്‍ ഈ തരത്തിലുളള ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തിയിരുന്നു. പക്ഷെ നോക്കൗട്ടില്‍ കളി കാര്യമാവുമ്പോള്‍ അവര്‍ക്കു അടിതെറ്റുകയാണ് പതിവ്. 2022ലെ കഴിഞ്ഞ ടി20 ലോകകപ്പ് ഇതിനു അവസാനത്തെ ഉദാഹരണമായിരുന്നു.
ശക്തരായ എതിരാളികള്‍ക്കെതിരേ അവിസ്മരണീയ പ്രകടനം പുറത്തെടുക്കാറുള്ള സൗത്താഫ്രിക്ക ഉറപ്പായും ജയിക്കേണ്ട മല്‍സരങ്ങള്‍ കൈവിടാറുമുണ്ട്. ഈ ലോകകപ്പില്‍ നെതര്‍ലാന്‍ഡ്‌സിനെതിരേയുള്ള അവരുടെ ഞെട്ടിക്കുന്ന തോല്‍വി ഇതു ശരിവയ്ക്കുകയും ചെയ്യുന്നു.
ഉപഭൂഖണ്ഡത്തില്‍ നിന്നുള്ള ഒരു പ്രമുഖ ടീമിനെ ടൂര്‍ണമെന്റില്‍ ഇനിയും നേരിട്ടിട്ടില്ല എന്നതാണ് സൗത്താഫ്രിക്ക ചാംപ്യന്‍മാരാവാതിരിക്കാനുള്ള രണ്ടാമത്തെ കാരണം. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയവരെയൊക്കെ നിഷ്പ്രഭരാക്കിയെങ്കിലും അവരെല്ലാം സൗത്താഫ്രിക്കയുടേതു പോലെയുള്ള സാഹചര്യങ്ങളില്‍ കളിച്ച് ശീലിച്ചിട്ടുള്ളവരാണ്.

ടൂര്‍ണമെന്റില്‍ ഇനിയും തോറ്റിട്ടില്ലാത്ത ഇന്ത്യ, മുന്‍ ചാംപ്യന്‍മാരായ പാകിസ്താന്‍ എന്നിവരുമായൊന്നും സൗത്താഫ്രിക്ക ഇനിയും ഏറ്റുമുട്ടിയിട്ടില്ല. ഇവര്‍ക്കെതിരേയും ആധികാരിക പ്രകടനങ്ങള്‍ നടത്താനായാല്‍ മാത്രമേ സൗത്താഫ്രിക്കയുടെ യഥാര്‍ഥ മികവ് അളക്കാന്‍ സാധിക്കുകയുള്ളൂ.
സൗത്താഫ്രിക്ക ലോകകപ്പ് നേടാതിരിക്കാനുള്ള മൂന്നാമത്തെ കാരണം അവര്‍ താരങ്ങളുടെ വ്യക്തിഗത മികവില്‍ അമിതമായി ആശ്രയിക്കുന്നുവെന്നതാണ്. ടീം ഗെയിമിനേക്കാള്‍ ചില താരങ്ങളുടെ അസാധാരണ പ്രകടനങ്ങളാണ് സൗത്താഫ്രിക്കയ്ക്കു വമ്പന്‍ വിജയങ്ങള്‍ നേടിക്കൊടുത്തിട്ടുള്ളത്. ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്കും മധ്യനിര ബാറ്റര്‍ ഹെന്‍ട്രിച്ച് ക്ലാസെനും അവിസ്മരണീയ ഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. എയ്ഡന്‍ മാര്‍ക്രം, മാര്‍ക്കോ യാന്‍സണ്‍ എന്നിവരും ബാറ്റിങില്‍ കസറുകയാണ്.
പക്ഷെ ഇവരെല്ലാം ഫ്‌ളോപ്പായാലും സൗത്താഫ്രിക്കയ്ക്കു വേണ്ടി മറ്റു താരങ്ങള്‍ ഈ കുറവ് നികത്തുമോയെന്നതാണ് ചോദ്യം. നേരത്തേ നെതര്‍ലാന്‍ഡ്‌സുമായുള്ള കളിയില്‍ ഇവരെല്ലാം ഫ്‌ളോപ്പായതാണ് സൗത്താഫ്രിക്കയുടെ ഞെട്ടിക്കുന്ന പരാജയത്തിനു വഴിയൊരുക്കിയത്. സമാനമായ സാഹചര്യം ഇനിയുള്ള ചില മല്‍സരങ്ങളിലും നേരിട്ടാലും സൗത്താഫ്രിക്കയ്ക്കു അതിനെ അതിജീവിക്കാന്‍ സാധിക്കുമോയെന്നത് സംശമയമാണ്. ഇതു തന്നെയാണ് ലോക കിരീടത്തില്‍ നിന്നും അവരെ അകറ്റുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications