ചെന്നൈ: ലോകകപ്പില്‍ അവസാന വിക്കറ്റിലേക്കു നീണ്ട ത്രില്ലറില്‍ പാകിസ്താനെ ഒരു വിക്കറ്റിനു വീഴ്ത്തി സൗത്താഫ്രിക്ക മുന്നോട്ട്. കാണികളുടെ നെഞ്ചിടിപ്പ് കൂട്ടിയ പോരാട്ടത്തില്‍ വിജയത്തിനു തൊട്ടരികില്‍ വരെയത്തിയ ശേഷമാണ് പാക് ടീമിനു കാലിടറിയത്. 1999ലെ ലോകകപ്പിനു ശേഷം പാകിസ്താനെതിരേ സൗത്താഫ്രിക്കയുടെ ആദ്യത്തെ വിജയം കൂടിയാണിത്. തുടരെ നാലാം തോല്‍വിയോടെ പാകിസ്താന്റെ സെമി സാധ്യത കൂടുതല്‍ ദുഷ്‌കരമായി മാറുകയും ചെയ്തു.
സൗത്താഫ്രിക്കയാവട്ടെ ജയത്തോട പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കു കയറിയിരിക്കുകയാണ്. ഇന്ത്യയെ പിന്തള്ളിയാണ് അവര്‍ പോയിന്റ് പട്ടികയിലെ പുതിയ ഒന്നാംസ്ഥാനക്കാരായി മാറിയത്. ജയിച്ചേ തീരൂവെന്ന വെല്ലുവിളിയുമായി ഇറങ്ങിയ പാകിസ്താന്‍ 271 റണ്‍സിന്റെ വിജയലക്ഷ്യമാണ് സൗത്താഫ്രിക്കയ്ക്കു നല്‍കിയത്. മുന്‍ മല്‍സരങ്ങളില്‍ റണ്‍സ് വാരിക്കൂട്ടിയ ക്വിന്റണ്‍ ഡികോക്ക് (24), ഹെന്‍ട്രിച്ച് ക്ലാസെന്‍ (12) എന്നിവരെ വേഗം നഷ്ടമായെങ്കിലും സൗത്താഫ്രിക്ക പതറിയില്ല.

എയ്ഡന്‍ മാര്‍ക്രം (91) ഫിഫ്റ്റിയുമായി മുന്നില്‍ നിന്നും പട നയിച്ചപ്പോള്‍ സൗത്താഫ്രിക്ക അനായാസം ജയിക്കുമെന്നാണ് കരുതിയത്. എന്നാല്‍ മോശം ഷോട്ടുകള്‍ കളിച്ച് സൗത്താഫ്രിക്ക വിക്കറ്റുകള്‍ കളഞ്ഞുകുളിച്ചു. നാലിനു 206 റണ്‍സെന്ന ശക്തമായ നിലയില്‍ നിന്നും അവര്‍ ഒമ്പതിനു 260ലേക്കു തകരുകയും ചെയ്തു. ഒടുവില്‍ കേശവ് മഹാരാജും (7*) തബ്രെയ്‌സ് ഷംസിയും (4*) ചേര്‍ന്ന് സൗത്താഫ്രിക്കയ്ക്കു 47.2 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ നാടകീയ ജയവും നേടിക്കൊടുക്കുകയായിരുന്നു.
93 ബോളില്‍ ഏഴു ഫോറും മൂന്നു സിക്‌സറുമുള്‍പ്പെട്ടതായിരുന്ന മാര്‍ക്രമിന്റെ ഇന്നിങ്‌സ്. മറ്റാരും സൗത്താഫ്രിക്കന്‍ നിരയില്‍ 30 റണ്‍സ് പോലും തികച്ചില്ല. ഡേവിഡ് മില്ലര്‍ 29ഉം ടെംബ ബവുമ 28ഉം റണ്‍സിനു പുറത്താവുകയായിരുന്നു. ഷഹീന്‍ അഫ്രീഡി പാകിസ്താനു വേണ്ടി മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി.
നേരത്തേ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താന്‍ 46.4 ഓവറില്‍ 270 റണ്‍സിനു ഓള്‍ഔട്ടാവുകയായിരുന്നു. ഒരു സമയത്തു പാകിസ്താന്‍ 300ന് മുകളില്‍ സ്‌കോര്‍ പടുത്തുയര്‍ത്തുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ അവസാന പത്തോവറുകളില്‍ വിക്കറ്റുകള്‍ പിഴുത് പാകിസ്താനെ 270 റണ്‍സില്‍ സൗത്താഫ്രിക്ക ഒതുക്കുകയായിരുന്നു. 40 ഓവറുകള്‍ കഴിയുമ്പോള്‍ പാകിസ്താന്‍ ആറു വിക്കറ്റിനു 225 റണ്‍സെന്ന നിലയിലായിരുന്നു. 300 പ്ലസ് റണ്‍സ് നേടുകയെന്നത് അവര്‍ക്കു അസാധ്യവുമായിരുന്നില്ല.

പക്ഷെ 45 റണ്‍സിനിടെ ശേഷിച്ച നാലു വിക്കറ്റുകള്‍ കൂടി കൈവിട്ട് പാകിസ്താന്‍ 47ാം ഓവറില്‍ തന്നെ കൂടാരത്തില്‍ തിരിച്ചെത്തി. 52 റണ്‍സെടുത്ത സൗദ് ഷക്കീലാണ് പാകിസ്താന്റെ ടോപ്‌സ്‌കോറര്‍. 52 ബോളില്‍ ഏഴു ഫോറുകള്‍ താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ക്യാപ്റ്റന്‍ ബാബര്‍ ആസവും (50) പാക് നിരയില്‍ ഫിഫ്റ്റി കുറിച്ചു. 65 ബോളില്‍ നാലു ഫോറും ഒരു സിക്‌സറുമക്കമായിരുന്നു ഇത്.
ഷദാബ് ഖാന്‍ (43), മുഹമ്മദ് റിസ്വാന്‍ (31), മുഹമ്മദ് നവാസ് (24), ഇഫ്തിഖാര്‍ അഹമ്മദ് (21) എന്നിവരും പാക് ഇന്നിങ്‌സില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കി. സൗത്താഫ്രിക്കയ്ക്കു വേണ്ടി സ്പിന്നര്‍ തബ്രെയ്‌സ് ഷംസി നാലു വിക്കറ്റുകള്‍ പിഴുതപ്പോള്‍ മാര്‍ക്കോ യാന്‍സണ്‍ മൂന്നും ജെറാള്‍ഡ് കോട്‌സി രണ്ടും വിക്കറ്റുകളെടുത്തു.
പാകിസ്താന്റെ തുടക്കം മോശമായിരുന്നു. ഏഴാം ഓവറില്‍ 38 റണ്‍സാവുമ്പോഴേക്കും ഓപ്പണര്‍മാരായ അബ്ദുള്ള ഷഫീഖ് (9), ഇമാമുള്‍ ഹഖ് (12) എന്നിവരെ അവര്‍ക്കു നഷ്ടമായിരുന്നു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ബാബര്‍-റിസ്വാന്‍ ജോടി 48 റണ്‍സിന്റെ കൂട്ടുകെട്ടുമായി പാകിസ്താനെ കളിയിലേക്കു തിരികെ കൊണ്ടുവന്നു. ഇഫ്തിഖാറും ബാബറും അടുത്തടുത്ത ഇടവേളകളില്‍ പുറത്തായപ്പോള്‍ പാകിസ്താന്‍ അഞ്ചിനു 141ലേക്കു വീണു. എന്നാല്‍ സൗദ്, ഷദാബ്, നവാസ് എന്നിവരുടെ മികച്ച സംഭാവനകള്‍ പാകിസ്താനെ 270 വരെയെത്തിക്കുകയായിരുന്നു.
പ്ലെയിങ് ഇലവന്‍
സൗത്താഫ്രിക്ക- ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), ടെംബ ബവുമ (ക്യാപ്റ്റന്‍), റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍, എയ്ഡന്‍ മാര്‍ക്രം, ഹെന്‍ട്രിച്ച് ക്ലാസെന്‍, ഡേവിഡ് മില്ലര്‍, മാര്‍ക്കോ യാന്‍സണ്‍, ജെറാള്‍ഡ് കോട്‌സെ, കേശവ് മഹാരാജ്, ലുംഗി എന്‍ഗിഡി, തബ്രെയ്‌സ് ഷംസി.
പാകിസ്താന്‍- അബ്ദുള്ള ഷഫീഖ്, ഇമാമുള്‍ ഹഖ്, ബാബര്‍ ആസം (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), സൗദ് ഷക്കീല്‍, ഇഫ്തിഖാര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ഷഹീന്‍ അഫ്രീഡി, ഹാരിസ് റൗഫ്, മുഹമ്മദ് വസീം ജൂനിയര്‍.