ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഐസിസിയുടെ ഏകദിന ലോകകപ്പ് ഇന്ത്യയില്‍ നടക്കാനിരിക്കെ സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ചിരിക്കുകയാണ് മുന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലി. മല്‍സരക്രമവും വേദികളും കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചതു മുതല്‍ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ ടൂര്‍ണമെന്റിനുള്ള കൗണ്ട്ഡൗണ്‍ ആരംഭിച്ചു കഴിഞ്ഞു.
10 ടീമുകളാണ് ലോകകിരീടത്തിനായി റൗണ്ട് റോബിന്‍ രീതിയില്‍ പോരടിക്കുക. ഓരോ ടീമും പരസ്പരം ഒരു തവണ വീതം ഏറ്റുമുട്ടും. അതുകൊണ്ടു തന്നെ ഒമ്പതു മല്‍സരങ്ങള്‍ എല്ലാ ടീമുകള്‍ക്കുമുണ്ടാവും. പോയിന്റ് പട്ടികയില്‍ ആദ്യത്തെ നാലു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്നവര്‍ സെമി ഫൈലിലേക്കു യോഗ്യത നേടുകയും ചെയ്യും. 10 വേദികളിലായി 46 ദിവസം നീളുന്ന ലോകകപ്പില്‍ ആകെ 48 മല്‍സരങ്ങളാണുള്ളത്.

എട്ടു ടീമുകള്‍ നേരിട്ടു ലോകകപ്പ് യോഗ്യത കരസ്ഥമാക്കിയപ്പോള്‍ ശേഷിച്ച രണ്ടു ടീമുകള്‍ യോഗ്യതാ കടമ്പ കടന്നാണ് ടൂര്‍ണമെന്റിനു ടിക്കറ്റെടുത്തത്. മുന്‍ ലോക ചാംപ്യന്‍മാരും നിലവിലെ ഏഷ്യന്‍ ജേതാക്കളുമായ ശ്രീലങ്കയാണ് യോഗ്യതാ റൗണ്ട് കളിച്ചെത്തിയ ഒരു ടീം. രണ്ടാമത്തേത് അസോസിയേറ്റ് രാജ്യമായ നെതര്‍ലാന്‍ഡ്‌സാണ്. മുന്‍ ജേതാക്കളായ വെസ്റ്റ് ഇന്‍ഡീസിനു ലോകകപ്പ് യോഗ്യത നേടാന്‍ കഴിയാതെ പോയപ്പോള്‍ സിംബാബ്‌വെയും യോഗ്യത നേടുന്നതില്‍ നിന്നും പരാജയപ്പെട്ടു.
ഒക്ടോബര്‍ അഞ്ചിനു ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും തമ്മിലാണ് ലോകകപ്പിലെ ഉദ്ഘാടന മല്‍സരം. 2019ലെ ഫൈനലിന്റെ റീപ്ലേയാണിത്. അന്നു ത്രില്ലിങ് മാച്ച് ടൈയില്‍ കലാശിച്ചപ്പോള്‍ ബൗണ്ടറി നിയമത്തിന്റെ ആനുകൂല്യത്തില്‍ ഇംഗ്ലണ്ട് വിശ്വവിജയികളാവുകയായിരുന്നു. ഇത്തവണ ഇന്ത്യയുടെ ആദ്യ പോരാട്ടം ഒക്ടോബര്‍ എട്ടിനു അഞ്ചു തവണ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയുമായിട്ടാണ്. ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ് ഈ സൂപ്പര്‍ പോരാട്ടം.
റെവ് സ്‌പോര്‍ട്‌സിനു (Revsportz) നല്‍കിയ അഭിമുഖത്തിലാണ് ലോകകപ്പിന്റെ സെമി ഫൈനലില്‍ കളിക്കാന്‍ സാധ്യതയുള്ള നാലു ഫേവറിറ്റുകളെ ഗാംഗുലി പ്രവചിച്ചിരിക്കുന്നത്. സെമി ഫൈനലിസ്റ്റുകളെ തിരഞ്ഞെടുക്കുകയെന്നത് വളരെ കടുപ്പമേറിയ കാര്യമാണെന്നു അദ്ദേഹം പറയുന്നു.

നാലിനു പകരം അഞ്ചു ടീമുകളെ ദാദ ഫേവറിറ്റുകളായി തിരഞ്ഞെടുത്തുവെന്നതാണ് കൗതുകകരമായ കാര്യം. നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ട്, ആതിഥേയരായ ഇന്ത്യ, മുന്‍ ജേതാക്കളായ ഓസ്‌ട്രേലിയ, ഇതു വരെ കിരീടം നേടിയിട്ടില്ലാത്ത ന്യൂസിലാന്‍ഡ് എന്നിവര്‍ക്കൊപ്പം പാകിസ്താനെക്കൂടി സെമിയിലെത്താന്‍ സാധ്യതയുള്ള ടീമുകളായി ഗാംഗുലി തിരഞ്ഞെടുത്തിരിക്കുകയാണ്.
സെമിയിലെ നാലു ടീമുകളെ തിരഞ്ഞെടുക്കുക ദുഷ്‌കരം തന്നെയാണ്. എങ്കിലും ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ഇന്ത്യ എന്നിവര്‍ സെമി ഫൈനലിലുണ്ടാവം. വലിയ മല്‍സരങ്ങളില്‍ ന്യൂസിലാന്‍ഡിനെ ഒരിക്കലും നിങ്ങള്‍ക്കു വില കുറച്ചു കാണാന്‍ കഴിയില്ല. ഞാന്‍ നാലിനു പകരം അഞ്ചു ടീമുകളെ തിരഞ്ഞെടുക്കും.
അഞ്ചാമത്തെ ടീമായി പാകിസ്താനെയും ഉള്‍പ്പെടുത്തും. പാകിസ്താന്‍ സെമിയിലേക്കു യോഗ്യത നേടിയാല്‍ നന്നായിരിക്കും. അങ്ങനെ വന്നാല്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ നമുക്കു ഇന്ത്യ- പാകിസ്താന്‍ സെമി ഫൈനല്‍ കാണാന്‍ സാധിക്കുമെന്നും ഗാംഗുലി വ്യക്തമാക്കി.
ഇന്ത്യയെ സംബന്ധിച്ച് ഈ ലോകകപ്പ് വളരെ നിര്‍ണായകമാണ്. ലോക ചാംപ്യന്‍മാരാവാന്‍ ഇതിനേക്കാള്‍ നല്ലൊരു അവസരം ടീമിനു ലഭിക്കാനില്ല. 2011ല്‍ അവസാനമായി ലോകകപ്പിനു സംയുക്ത ആതിഥേയത്വം വഹിച്ചപ്പോള്‍ എംഎസ് ധോണിക്കു കീഴില്‍ ഇന്ത്യ കിരീടത്തില്‍ മുത്തമിടുകയും ചെയ്തിരുന്നു.
1983നു ശേഷമുള്ള ഇന്ത്യയുടെ ആദ്യത്തെ ലോകകപ്പ് നേട്ടം കൂടിയായിരുന്നു ഇത്. 2013ലെ ചാംപ്യന്‍സ് ട്രോഫി വിജയത്തിനു ശേഷം ഒരു ഐസിസി കിരീടം പോലുമില്ലാതെ വലയുകയാണ് ഇന്ത്യ. അതുകൊണ്ടു തന്നെ ഇത്തവണ സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ ഈ കാത്തിരിപ്പ് അവസാനിപ്പിക്കുകയായിരിക്കും ഇന്ത്യയുടെ ലക്ഷ്യം.