മുംബൈ: ലോക കിരീടം നേടുകയെന്നത് ഏതൊരു ക്രിക്കറ്റ് താരത്തിന്റെയും സ്വപ്‌നമാണ്. ലോകത്തിന്റെ നെറുകയിലെത്തി സ്വര്‍ണ്ണ കപ്പില്‍ മുത്തമിട്ട് തലയുയര്‍ത്തി നില്‍ക്കുന്നത് സ്വപ്‌നം കാണാത്ത ഒരു താരം പോലും ഉണ്ടാകില്ലെന്ന് പറയാം. പക്ഷെ ക്രിക്കറ്റിന്റെ ചരിത്രത്തിലേക്ക് നോക്കുമ്പോള്‍ ഈ സ്വപ്‌നം പല പ്രമുഖര്‍ക്കും സാക്ഷാത്കരിക്കാന്‍ സാധിച്ചിട്ടില്ല. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 2011ലെ ലോകകപ്പിലൂടെയാണ് ഈ നേട്ടത്തിന്റെ ഭാഗമായത്.
ഇതിഹാസങ്ങളെന്ന് പേരെടുത്ത പലര്‍ക്കും ലോകകപ്പ് നേടാനാവാതെ വിരമിക്കേണ്ടി വന്നിട്ടുണ്ട്. അര്‍ഹിച്ചിരുന്നുവെങ്കിലും ലോകകപ്പ് കിരീടം സ്വപ്‌നം മാത്രമായി അവശേഷിപ്പിച്ച് പടിയിറങ്ങേണ്ടി വന്ന 10 പ്രമുഖര്‍ ആരൊക്കെയാണെന്ന് നോക്കാം. മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകനും ഇടം കൈയന്‍ ഓപ്പണറുമായ ഗ്രെയിം സ്മിത്താണ് ഇതിലൊരാള്‍. 197 ഏകദിനം കളിച്ച് 6989 റണ്‍സാണ് അദ്ദേഹം നേടിയത്. 10 സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. 2002ല്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കെത്തി 2014ല്‍ വിടപറഞ്ഞ സ്മിത്തിന് ലോകകപ്പ് നേടാനായില്ല.
മുന്‍ ന്യൂസീലന്‍ഡ് നായകനും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ ബ്രണ്ടന്‍ മക്കല്ലവും ഈ പട്ടികയില്‍ ഉള്‍പ്പെടും. 260 ഏകദിനത്തില്‍ നിന്ന് 6083 റണ്‍സാണ് അദ്ദേഹം നേടിയത്. ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളായ മക്കല്ലത്തിനും ലോകകപ്പ് നേടാന്‍ ഭാഗ്യമുണ്ടായില്ല. 2015ല്‍ മക്കല്ലത്തിന്റെ ക്യാപ്റ്റന്‍സിയില്‍ കിവീസ് ഫൈനലിലെത്തിയെങ്കിലും കലാശപ്പോരാട്ടത്തില്‍ ഓസ്‌ട്രേലിയയോട് തോറ്റു. മക്കല്ലത്തിന്റെ കരിയറിലെ അവസാന ലോകകപ്പായിരുന്നു ഇത്.
മുന്‍ ഇന്ത്യന്‍ നായകനും ഇടം കൈയന്‍ ബാറ്റ്‌സ്മാനുമായ സൗരവ് ഗാംഗുലിയാണ് മറ്റൊരാള്‍. ഇന്ത്യന്‍ ആരാധകര്‍ക്കിടയില്‍ ദാദയെന്ന പേരില്‍ ഹീറോയായി മാറിയ ഗാംഗുലി 2003ലെ ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലേക്കെത്തിച്ചു. ദൗര്‍ഭാഗ്യവശാല്‍ ഫൈനലില്‍ ഓസീസിനോട് ഇന്ത്യ മുട്ടുമടക്കി. ലോകകപ്പ് കിരീടമെന്ന നേട്ടമില്ലാതെ കരിയര്‍ അവസാനിപ്പിക്കാനായിരുന്നു ഗാംഗുലിയുടെ വിധി.

മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയാണ് ഈ പട്ടികയിലെ മറ്റൊരാള്‍. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിനൊപ്പം താരതമ്യം ചെയ്യപ്പെട്ട ലാറ 299 ഏകദിനത്തില്‍ നിന്ന് 10405 റണ്‍സാണ് നേടിയത്. 19 സെഞ്ച്വറിയും അദ്ദേഹം നേടി. സൂപ്പര്‍ ബാറ്റ്‌സ്മാനായിരുന്ന ലാറ ലോകകപ്പ് കിരീടം അര്‍ഹിച്ചിരുന്നെങ്കിലും അദ്ദേഹത്തിനും ഈ നേട്ടത്തിലേക്കെത്താനായില്ല. ലോക ക്രിക്കറ്റുകണ്ട എക്കാലത്തെയും മികച്ച പേസ് ഓള്‍റൗണ്ടര്‍മാരിലൊരാളാണ് ജാക്‌സ് കാലിസ്.
328 ഏകദിനത്തില്‍ നിന്ന് 11579 റണ്‍സാണ് കാലിസ് നേടിയത്. 273 വിക്കറ്റും താരം വീഴ്ത്തി. മാച്ച് വിന്നറായ താരമായിരുന്നെങ്കിലും ലോകകപ്പ് കിരീടം ചൂടാനുള്ള ഭാഗ്യം ലഭിച്ചില്ല. 1995ല്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കെത്തിയ കാലിസ് 2014ലോടെ അന്താരാഷ്ട്ര കരിയര്‍ മതിയാക്കി. ഇന്ത്യയുടെ വിശ്വസ്തനായ ബാറ്റ്‌സ്മാനായിരുന്ന രാഹുല്‍ ദ്രാവിഡിനും ലോകകപ്പ് കിരീടത്തില്‍ മുത്തമിടാനായില്ല. 344 ഏകദിനം കളിച്ച് 12 സെഞ്ച്വറി ഉള്‍പ്പെടെ 10889 റണ്‍സ് നേടിയിട്ടുണ്ട്.
2007ലെ ലോകകപ്പില്‍ ഇന്ത്യയെ നയിച്ചത് ദ്രാവിഡായിരുന്നു. ഇന്ത്യയുടെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും നാണംകെട്ട പ്രകടനത്തോടെയാണ് അന്ന് പുറത്തായത്. മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകനും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ എബി ഡിവില്ലിയേഴ്‌സിനും ലോകകപ്പ് സ്വന്തമാക്കാതെ പാഡഴിക്കേണ്ടി വന്നു. ദക്ഷിണാഫ്രിക്കയുടെ നോക്കൗട്ട് മത്സരങ്ങളിലെ തോല്‍വിയില്‍ കണ്ണീര്‍ വാര്‍ത്ത് മൈതാനത്തിരുന്ന എബിഡിയുടെ മുഖം ആരാധകര്‍ക്ക് പെട്ടെന്ന് മറക്കാനാവില്ല.
ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ ഓള്‍റൗണ്ടര്‍മാരിലൊരാളായ ഷോണ്‍പൊള്ളോക്കിനും ലോകകപ്പ് കിരീടം സ്വന്തമാക്കാനാവാതെ വിരമിക്കേണ്ടി വന്നു. 303 ഏകദിനത്തില്‍ നിന്ന് 3519 റണ്‍സും 393 വിക്കറ്റും അദ്ദേഹം നേടി. പക്ഷെ ലോകകപ്പ് കിരീടമെന്ന ഭാഗ്യമുണ്ടായില്ല. ഇന്ത്യയുടെ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെയാണ് ഈ പട്ടികയിലെ മറ്റൊരാള്‍. 271 ഏകദിനത്തില്‍ നിന്ന് 337 വിക്കറ്റാണ് കുംബ്ലെ നേടിയത്. ലോകകപ്പെന്ന സ്വപ്‌നം ബാക്കിയാക്കി കുംബ്ലെയും വിട പറഞ്ഞു.
പാകിസ്താന്റെ ഇതിഹാസ പേസറാണ് വഖാര്‍ യൂനിസ്. 262 ഏകദിനത്തില്‍ നിന്ന് 416 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. റിവേഴ്‌സ് സ്വിങ്ങുകളിലൂടെ വിസ്മയിപ്പിച്ച അദ്ദേഹം 13 തവണ അഞ്ച് വിക്കറ്റ് പ്രകടനവും നടത്തി. ലോകകപ്പ് കിരീടം അര്‍ഹിച്ചിരുന്നവരിലൊരാളാണെങ്കിലും അതിനുള്ള ഭാഗ്യം വഖാര്‍ യൂനിസിന് ലഭിച്ചില്ല.