ലോകകപ്പ് പോരാട്ടങ്ങള്‍ എട്ടാം റൗണ്ടിലേക്കു കടക്കവെ സെമി ഫൈനല്‍ ബെര്‍ത്തിനു വേണ്ടി മാത്രമല്ല 2025ലെ ഐസിസി ചാംപ്യന്‍സ് ട്രോഫി യോഗ്യതയ്ക്കായുള്ള പോരാട്ടവും മുറുകുകയാണ്. പാകിസ്താനാണ് അടുത്ത ചാംപ്യന്‍സ് ട്രോഫിക്കു ആതിഥേയത്വം വഹിക്കുന്നത്. ലോകകപ്പ് കഴിഞ്ഞാല്‍ ഐസിസിയുടെ ഏറ്റവും വലിയ ടൂര്‍ണമെന്റ് കൂടിയായ ചാംപ്യന്‍സ് ട്രോഫിയില്‍ എട്ടു ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ആതിഥേയരായതിനാല്‍ തന്നെ പാകിസ്താന്‍ ഇതിനകം യോഗ്യത കരസ്ഥമാക്കിക്കഴിഞ്ഞു.
ശേഷിച്ച ഏഴു ടീമുകളെ തീരുമാനിക്കുക ഇപ്പോള്‍ നടക്കുന്ന ഏകദിന ലോകകപ്പാണ്. പോയിന്റ് പട്ടികയില്‍ ആദ്യത്തെ എട്ടു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്നവര്‍ക്കു ചാംപ്യന്‍സ് ട്രോഫിയിലേക്കു ടിക്കറ്റ് ലഭിക്കും. ആരൊക്കെയാണ് ഇതിനകം ചാംപ്യന്‍സ് ട്രോഫിക്കു യോഗ്യത ഉറപ്പിച്ചതെന്നും മറ്റു ടീമുകളുടെ സാധ്യത എങ്ങനെയാണെന്നും നമുക്കു പരിശോധിക്കാം.

ലോകകപ്പ് പോയിന്റ് പട്ടികയില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തി ഇതിനകം സെമി ഫൈനലില്‍ സ്ഥാനമുറപ്പിച്ച ഇന്ത്യ, സൗത്താഫ്രിക്ക എന്നിവര്‍ക്കൊപ്പം ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ, അഫ്ഗാനിസ്താന്‍ എന്നിവരാണ് പാകിസ്താനെ കൂടാതെ ചാംപ്യന്‍സ് ട്രോഫിയിലേക്കു യോഗ്യത കരസ്ഥമാക്കിയ ടീമുകള്‍. ഇനി രണ്ടു ടീമിനു കൂടിയാണ് ടിക്കറ്റ് ബാക്കിയുളളതെങ്കിലും ഇതു മോഹിച്ച് നാലു ടീമുകള്‍ മല്‍സരരംഗത്തുണ്ട്.
പോയിന്റ് പട്ടികയില്‍ അവസാനത്തെ നാലു സ്ഥാനങ്ങളിലുള്ള ബംഗ്ലാദേശ്, ശ്രീലങ്ക, നെതര്‍ലാന്‍ഡ്‌സ്, നിലവിലെ ലോക ചാംപ്യന്‍മാരായ ഇംഗ്ലണ്ട് എന്നിവരാണിത്. എട്ടു മല്‍സരങ്ങൾ വീതം കളിച്ച ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കും നാലു പോയിന്റ് വീതമാണുള്ളത്. രണ്ടു ജയവും ആറു തോല്‍വികളുമാണ് ഇരുടീമുകളുടെയും അക്കൗണ്ടിലുള്ളത്. നെറ്റ് റണ്‍റേറ്റില്‍ ലങ്കയ്ക്കും (-1.160) മുകളിലാണ് ബംഗ്ലാദേശ് (-1.143).
അവസാനത്തെ രണ്ടു സ്ഥാനങ്ങളില്‍ നെതര്‍ലാന്‍ഡ്‌സും ഇംഗ്ലണ്ടുമാണ്. രണ്ടു മല്‍സരങ്ങള്‍ വീതം ഇവര്‍ക്കു ബാക്കിയുണ്ട്. പക്ഷെ ഡച്ച് ടീമിനു നാലു പോയിന്റുണ്ടെങ്കില്‍ ഇംഗ്ലണ്ടിനു വെറും രണ്ടു പോയിന്റേയുള്ളൂ. ഏഴു കളിയില്‍ രണ്ടെണ്ണത്തില്‍ ജയിച്ച നെര്‍ലാന്‍ഡ്‌സ് അഞ്ചെണ്ണത്തില്‍ തോല്‍വിയറിഞ്ഞു. ഇംഗ്ലണ്ടാവട്ടെ ഏഴു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമേ ജയിച്ചിട്ടുള്ളൂ.
നിലവിലെ സാഹചര്യം പരിഗണിക്കുമ്പോള്‍ ആദ്യ എട്ടില്‍ ഫിനിഷ് ചെയ്ത് ചാംപ്യന്‍സ് ട്രോഫിക്കു യോഗ്യത നേടാന്‍ ശ്രീലങ്ക, ബംഗ്ലാദേശ് ടീമുകള്‍ക്കു തുല്യ സാധ്യതയാണുള്ളത്. 25 ശതമാനം മുതല്‍ 75 ശതമാനം വരെയാണ് അവരുടെ സാധ്യത.
ഇവരേക്കാള്‍ സാധ്യത കൂടുതല്‍ നെതര്‍ലാന്‍ഡ്‌സിനാണ്. ഡച്ച് ടീം ചാംപ്യന്‍സ് ട്രോഫിയില്‍ കളിക്കാനുള്ള സാധ്യത 56 മുതല്‍ 88 ശതമാനം വരെയാണ്. ഏറ്റവും കുറച്ച് സാധ്യതയുള്ളത് ഇംഗ്ലണ്ടിനാണ്. 13 മുതല്‍ 44 ശതമാനം വരെ സാധ്യത മാത്രമേ അവര്‍ക്കുള്ളൂ.

ബംഗ്ലാദേശ്, ശ്രീലങ്ക, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ക്കു ശേഷിച്ച മല്‍സരങ്ങളില്‍ നിന്നും ലഭിക്കാവുന്നത് പരമാവധി ആറു പോയിന്റാണ്. എന്നാല്‍ ഇപ്പോള്‍ നാലു പോയിന്റുള്ള നെതര്‍ലാന്‍ഡ്‌സിനു ശേഷിച്ച രണ്ടു കളിയും ജയിച്ചാല്‍ എട്ടു പോയിന്റാവും. അങ്ങനെ സംഭവിച്ചാല്‍ ബംഗ്ലാദേശ്, ശ്രീലങ്ക, ഇംഗ്ലണ്ട് എന്നിവര്‍ക്കു മുകളില്‍ ഫിനിഷ് ചെയ്ത് നെതര്‍ലാന്‍ഡ്‌സ് അടുത്ത ചാംപ്യന്‍സ് ട്രോഫി കളിക്കുകയും ചെയ്യും.
ബംഗ്ലാദേശിന്റെ അവസാന മല്‍സരം ഓസ്‌ട്രേലിയക്കെതിരേയും ശ്രീലങ്കയുടേത് ന്യൂസിലാന്‍ഡിനെതിരേയുമാണ്. ഡച്ച് ടീം അടുത്ത രണ്ടു മല്‍സരങ്ങളില്‍ ഇംഗ്ലണ്ട്, ഇന്ത്യ എന്നിവരുമായും ഏറ്റുമുട്ടും. ഇംഗ്ലണ്ടിന്റെ അവസാന രണ്ടു കളിയിലെ എതിരാളികള്‍ നെതര്‍ലാന്‍ഡ്‌സ്, പാകിസ്താന്‍ എന്നിവരാണ്.