അഹമ്മദാബാദ്: ഏകദിന ലോകകപ്പില്‍ ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ ഉറ്റുനോക്കിയിരുന്ന ഇന്ത്യ-പാക് പോരാട്ടം ഇന്ന് നടക്കാന്‍ പോവുകയാണ്. ചിരവൈരികളായ ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ മൈതാനത്ത് തീപാറുമെന്നുറപ്പ്. ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്താനായിട്ടില്ല. എന്നാല്‍ ഇത്തവണ ചരിത്രം തിരുത്തിക്കുറിക്കാനുള്ള കരുത്ത് പാകിസ്താനുണ്ടെന്ന് തന്നെ പറയാം.
രണ്ട് ടീമും രണ്ട് മത്സരങ്ങള്‍ വീതം ജയിച്ചാണ് നേര്‍ക്കുനേര്‍ എത്തുന്നത്. എന്നാല്‍ ഇന്ത്യയാണ് കൂടുതല്‍ ആധിപത്യം കാട്ടി വിജയങ്ങള്‍ നേടിയത്. അവസാനമായി ഏഷ്യാ കപ്പില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോഴും തകര്‍പ്പന്‍ ജയത്തോടെ കരുത്തുകാട്ടാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. സൂപ്പര്‍ പോരാട്ടത്തിന് മുമ്പ് ഇന്ത്യയുടെ ആത്മവിശ്വാസമുയര്‍ത്തി ശുബ്മാന്‍ ഗില്‍ തിരിച്ചെത്തുമെന്നാണ് വിവരം. 99 ശതമാനവും ഗില്‍ കളിക്കുമെന്നാണ് നായകന്‍ രോഹിത് ശര്‍മ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.
ഡെങ്കിപ്പനി ബാധിച്ച് ആദ്യത്തെ രണ്ട് മത്സരവും ശുബ്മാന്‍ ഗില്‍ കളിച്ചിരുന്നില്ല. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സ്, സെഞ്ച്വറി, സിക്‌സര്‍ തുടങ്ങി പല റെക്കോഡുകളും സ്വന്തമാക്കിയ ഗില്ലിന്റെ അഭാവം ഇന്ത്യക്ക് തലവേദനയായിരുന്നു. ഗില്‍ തിരിച്ചെത്തുന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയ കരുത്താകുമെന്നുറപ്പ്. എന്നാല്‍ ഗില്‍ തിരിച്ചെത്തുമ്പോള്‍ നിലവിലെ പ്ലേയിങ് 11ല്‍ നിന്ന് ആര് പുറത്തുപോകുമെന്നതാണ് പ്രധാന ചോദ്യം. ലഭിക്കുന്ന സൂചനകള്‍ പ്രകാരം ശ്രേയസ് അയ്യര്‍ക്കാവും സീറ്റ് നഷ്ടമാവുക.
ശ്രേയസ് അയ്യര്‍ അഫ്ഗാനിസ്ഥാനെതിരേ തിളങ്ങിയിരുന്നെങ്കിലും ഓസീസിനെതിരേ ഡക്കിനാണ് പുറത്തായത്. കൂടാതെ ഷോര്‍ട്ട് ബോളുകള്‍ ശ്രേയസിന്റെ ദൗര്‍ബല്യമാണ്. ഷഹീന്‍ ഷാ അഫ്രീദി, ഹസന്‍ അലി, ഹാരിസ് റഊഫ് എന്നിവരെല്ലാം നന്നായി ഷോര്‍ട്ട് ബോളുകളെറിയുന്ന താരങ്ങളാണ്. അതുകൊണ്ടുതന്നെ ശ്രേയസിന് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ല. ഇതോടെ ശ്രേയസിനെ പുറത്തിരുത്തി ഇന്ത്യ കെ എല്‍ രാഹുലിനെ നാലാം നമ്പറിലേക്കെത്തിക്കും.

ഇഷാന്‍ കിഷനെ പ്ലേയിങ് 11നിന്ന് മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യക്ക് ഇടം കൈയന്‍ സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനില്ലാത്ത അവസ്ഥവരും. ഇത് ടീമിനെ പ്രതികൂലമായി ബാധിച്ചേക്കും. അതുകൊണ്ടുതന്നെ ഇടം കൈയന്‍ ബാറ്റ്‌സ്മാനായ ഇഷാനെ ഇന്ത്യ പ്ലേയിങ് 11ല്‍ ഉള്‍പ്പെടുത്താനാണ് സാധ്യത. അഞ്ചാം നമ്പറില്‍ വമ്പനടികള്‍ കാഴ്ചവെക്കാന്‍ ഇഷാന്‍ കിഷന് സാധിക്കും. ഫോമിലേക്കെത്തിയാല്‍ മൈതാനത്തിന്റെ തലങ്ങും വിലങ്ങും സിക്‌സര്‍ പറത്താന്‍ കഴിവുള്ളവനാണ് ഇഷാന്‍ കിഷന്‍.
അഹമ്മദാബാദിലെ പിച്ച് ബാറ്റിങ്ങിന് അനുകൂലമാണ്. ഫ്‌ളാറ്റ് പിച്ചാണ് ഇവിടെയുള്ളത്. അതുകൊണ്ടുതന്നെ തന്നെ അനായാസം റണ്‍സൊഴുകും. ഇതിനെ തടുക്കാന്‍ ഇന്ത്യ ബൗളിങ് കരുത്ത് ഉയര്‍ത്താനും സാധ്യതയുണ്ട്. അങ്ങനെ വരുമ്പോള്‍ ശാര്‍ദ്ദുല്‍ ടാക്കൂറിനെ പുറത്തിരുത്തി ഇന്ത്യ മുഹമ്മദ് ഷമിയെ പ്ലേയിങ് 11ലേക്കെത്തിച്ചേക്കും. മൂന്ന് സ്‌പെഷ്യലിസ്റ്റ് പേസര്‍മാരുമായി ഇന്ത്യ കളത്തിലിറങ്ങാനാണ് സാധ്യത. ആര്‍ അശ്വിന്‍ ഇടം പ്രതീക്ഷിക്കേണ്ട.
പാകിസ്താന്‍ നിരയില്‍ ഷഹീന്‍ ഷാ അഫ്രീദി മികച്ച ഫോമിലല്ല. താരത്തിന്റെ സമീപകാല പ്രകടനങ്ങളെല്ലാം മോശമാണ്. ലോകകപ്പില്‍ പ്രതീക്ഷിച്ച പ്രകടനമല്ല ഷഹീന്‍ കാഴ്ചവെക്കുന്നത്. എന്നാല്‍ നസീം ഷാക്ക് പകരമെത്തിയ ഹസന്‍ അലി ന്യൂബോളില്‍ വിക്കറ്റ് വീഴ്ത്തുന്നു. കൂടാതെ മധ്യനിരയെ തകര്‍ക്കാന്‍ മിടുക്കുകാട്ടുന്നു. അതുകൊണ്ടുതന്നെ ഹസന്‍ അലിയുടെ ബൗളിങ്ങിനെയാണ് ഇന്ത്യ കൂടുതല്‍ ഭയക്കേണ്ടത്. ഹാരിസ് റഊഫ് ഡെത്തോവറിലാണ് കൂടുതല്‍ കസറുന്നത്.
ബാറ്റിങ് നിരയില്‍ മുഹമ്മദ് റിസ്വാനെയാണ് ഇന്ത്യ ഭയക്കേണ്ടത്. രണ്ട് മത്സരത്തിലും പാകിസ്താന്റെ ടോപ് ഓഡര്‍ ശോഭിക്കാതെ പോയപ്പോള്‍ റിസ്വാന്റെ പ്രകടനമാണ് ടീമിനെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. റിസ്വാന്‍ അതിവേഗം റണ്‍സുയര്‍ത്തുന്ന ക്ലാസിക് ബാറ്റ്‌സ്മാനാണ്. നിലയുറപ്പിച്ചാല്‍ വിക്കറ്റ് വീഴ്ത്തുക പ്രയാസം. അതുകൊണ്ടുതന്നെ തുടക്കത്തിലേ റിസ്വാനെ പുറത്താക്കാന്‍ ഇന്ത്യ ശ്രമിക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം കാര്യങ്ങള്‍ കടുപ്പമാവും.