അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരിക്കലും തകര്‍ക്കപ്പെടില്ലെന്നു ഉറപ്പിച്ച റെക്കോര്‍ഡുകളിലൊന്നായിരുന്നു വെസ്റ്റ് ഇന്‍ഡീസ് മുന്‍ ഇതിഹാസം ക്രിസ് ഗെയ്‌ലിന്റെ പേരിലായിരുന്ന സിക്‌സറിലെ ലോക റെക്കോര്‍ഡ്. യൂനിവേഴ്‌സല്‍ ബോസെന്നു വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹം മൂന്നു ഫോര്‍മാറ്റുകളിലായി വാരിക്കൂട്ടിയത് 553 സിക്‌സറുകളായിരുന്നു. ഇതിനരികെ എത്തുക പോലും അസാധ്യമാണെന്നായിരുന്നു കരുതപ്പെട്ടിരുന്നത്.
എന്നാല്‍ ലോകകപ്പില്‍ അഫ്ഗാനിസ്താനുമായുള്ള കഴിഞ്ഞ മല്‍സരത്തില്‍ ഈ ലോക റെക്കോര്‍ഡ് തകര്‍ത്തിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. 556 സിക്‌സറുകളുമായി ലോക റെക്കോര്‍ഡിന്റെ പുതിയ അവകാശിയായി ഹിറ്റ്മാന്‍ മാറുകയും ചെയ്തു. ഒരു പക്ഷെ കരിയര്‍ അവസാനിക്കുമ്പോഴേക്കും 600 സിക്‌സറുകളെന്ന മാന്ത്രിക സംഖ്യ അദ്ദേഹം പിന്നിട്ടേക്കും.

അങ്ങനെ സംഭവിച്ചാല്‍ ഭാവിയില്‍ രോഹിത്തിന്റെ റെക്കോര്‍ഡ് ഒരിക്കലും തകരില്ലെന്നു ഉറപ്പിക്കാന്‍ വരട്ടെ. ഹിറ്റ്മാന്റെ സിക്‌സര്‍ റെക്കോര്‍ഡ് മറികടക്കാന്‍ ശേഷിയുള്ള ചില അഞ്ചു യുവതാരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.
ഇംഗ്ലീഷ് ക്രിക്കറ്റിലെ പുതിയ ബാറ്റിങ് സെന്‍സേഷന്‍ ഹാരി ബ്രൂക്കാണ് ഈ ലിസ്റ്റിലെ ഒരാള്‍. അനായാസം ബൗണ്ടറികളും സിക്‌സറുകളും അടിച്ചുകൂട്ടാന്‍ തനിക്കു കഴിയുമെന്നു ബ്രൂക്ക് ഇതിനകം തെളിയിച്ചു കഴിഞ്ഞു. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മാത്രമല്ല ടെസ്റ്റിലും ശ്രദ്ധേയമായ ഇന്നിങ്‌സുകള്‍ താരം കളിച്ചിട്ടുണ്ട്.
24 കാരനായ ബ്രൂക്ക് ഏകദിനത്തില്‍ അഞ്ചും ടി20യില്‍ 23ഉം ടെസ്റ്റില്‍ 24ഉം സിക്‌സറുകളടിച്ചിട്ടുണ്ട്. അടുത്ത ഒരു 10 വര്‍ഷത്തേക്കു ഇതേ ഫോമില്‍ മല്‍സരരംഗത്തു തുടരാനായാല്‍ രോഹിത്തിന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ബ്രൂക്കിനാവും.
ഇന്ത്യയുടെ ഭാവി സൂപ്പര്‍ സൂപ്പര്‍ താരമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന യുവ ഓപ്പണര്‍ ശുഭ്മന്‍ ഗില്ലാണ് ലിസ്റ്റിലെ അടുത്തയാള്‍. തുടക്കസമയത്തു താരം സിക്‌സറടിക്കാന്‍ അത്ര മിടുക്കനായിരുന്നില്ല. പക്ഷെ ഗില്‍ ഇപ്പോള്‍ വളരെ അനായാസമാണ് സിക്‌സറുകള്‍ വാരിക്കൂട്ടുന്നത്. ചുരുങ്ങിയ സമയം കൊണ്ടു തന്നെ ചില ബാറ്റിങ് റെക്കോര്‍ഡുകള്‍ താരം തന്റെ പേരിലാക്കിക്കിഞ്ഞു.
ഏകദിനത്തില്‍ 40 സിക്‌സറുകളടിച്ച അദ്ദേഹം ടെസ്റ്റില്‍ 13ഉം ടി20യില്‍ 16ഉം സിക്സറുകളടിച്ചിട്ടുണ്ട്. നിലവിലെ ബാറ്റിങ് ഫോം നിലനിര്‍ത്താനായാല്‍ രോഹിത്തിനെ ഗില്‍ പിന്നിലാക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
ഹിറ്റ്മാനെ മറികടക്കാന്‍ ശേഷിയുളള ഇന്ത്യയുടെ തന്നെ മറ്റൊരാള്‍ ഇടംകൈയന്‍ ബാറ്റര്‍ ഇഷാന്‍ കിഷനാണ്. ആദ്യത്തെ ബോൾ തൊട്ട് ആക്രമിച്ചു കളിക്കാന്‍ ഇഷ്ടപ്പെടുന്ന താരങ്ങളിലൊരാളാണ് അദ്ദേഹം. അന്താരാഷ്ട്ര കരിയറെടുക്കുകയാണെങ്കില്‍ ഏകദിനത്തില്‍ 33ഉം ടി20യില്‍ 27ഉം ടെസ്റ്റില്‍ രണ്ടും സിക്‌സറുകള്‍ ഇഷാന്‍ നേടിയിട്ടുണ്ട്.

വെസ്റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് ബാറ്ററും വിക്കറ്റ് കീപ്പറുമായ നിക്കോളാസ് പൂരനാണ് രോഹിത്തിനെ പിന്തള്ളാന്‍ ശേഷിയുള്ള നാലാമത്തെ താരം. അന്താരാഷ്ട്ര ക്രിക്കറ്റിലും ഐപിഎല്ലുള്‍പ്പെടെയുളള പല ഫ്രാഞ്ചൈസി ലീഗുകളിലും പൂരന്റെ തീപ്പൊരി ഇന്നിങ്‌സുകൾ നമ്മള്‍ ഇതിനകം കണ്ടുകഴിഞ്ഞതാണ്. ഏകദിനത്തില്‍ 80ഉം ടി20യില്‍ 98ഉം സിക്‌സറുകളാണ് താരത്തിന്റെ സമ്പാദ്യം.
ഈ ലിസ്റ്റിലെ അഞ്ചാമത്തെയാള്‍ അഫ്ഗാനിസ്താന്‍ ഓപ്പണറും വിക്കറ്റ് കീപ്പറുമായ റഹ്മാനുള്ള ഗുര്‍ബാസാണ്. വമ്പനടികള്‍ക്കു പേരുകേട്ട താരമാണ് അദ്ദേഹം. പക്ഷെ ഗുര്‍ബാസിനു രോഹിത്തിന്റെ റെക്കോര്‍ഡ് തിരുത്താന്‍ കഴിയുമോയെന്നു പലരും സംശയിക്കുന്നുണ്ടാവും. എന്നാല്‍ അദ്ദേഹത്തിനു 21 വയസ് മാത്രമേയുള്ളൂ.
ദൈര്‍ഘ്യമേറിയ ഒരു കരിയര്‍ ഗുര്‍ബാസിനു മുന്നിലുണ്ട്. സ്ഥിരതയോടെ ദീര്‍ഘകാലം മല്‍സരരംഗത്തു തുടരാനായാല്‍ പല അദ്ഭുതങ്ങളും സൃഷ്ടിക്കാന്‍ താരത്തിനു കഴിയും. അന്താരാഷ്ട്ര കരിയറെടുത്താല്‍ ഗുര്‍ബാസ് ഏകദിനത്തില്‍ 38ഉം ടി20യില്‍ 61ഉം സിക്‌സറുകളടിച്ചു.