For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: സച്ചിന്റെ വമ്പന്‍ റെക്കോഡ് തകര്‍ക്കാന്‍ ഗില്‍, ഒന്നാമനാവാം! പക്ഷെ അത് സംഭവിക്കണം

അഹമ്മദാബാദ്: ഏകദിന ലോകകപ്പിന്റെ ആവേശ ഫൈനലില്‍ ഇന്ന് നടക്കാന്‍ പോവുകയാണ്. അഹമ്മദാബാദില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ ഏറ്റുമുട്ടും. തോല്‍വി അറിയാതെയാണ് ഇന്ത്യ ഫൈനല്‍ ടിക്കറ്റെടുത്തിരിക്കുന്നത്. ഓസ്‌ട്രേലിയ ആദ്യ രണ്ട് മത്സരം തോറ്റ ശേഷമാണ് പിന്നീട് തുടര്‍ ജയങ്ങളോടെ ഫൈനലിലേക്കെത്തിയത്. ലോക ക്രിക്കറ്റിലെ രണ്ട് വമ്പന്മാര്‍ നേര്‍ക്കുനേര്‍ എത്തുമ്പോള്‍ പോരാട്ടം കടുക്കുമെന്നുറപ്പ്.

പല റെക്കോഡുകളും ഫൈനലില്‍ കാത്തിരിക്കുന്നുണ്ട്. ഇതില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ പേരിലുള്ള വമ്പന്‍ റെക്കോഡ് തകര്‍ക്കാന്‍ ശുബ്മാന്‍ ഗില്‍ കാത്തിരിക്കുന്നുണ്ട്. ഏകദിനത്തില്‍ ഒരു കലണ്ടര്‍ വര്‍ഷം കൂടുതല്‍ റണ്‍സെന്ന റെക്കോഡ് തകര്‍ക്കാനുള്ള അവസരമാണ് ഗില്ലിന്റെ മുന്നിലുള്ളത്. 1996ല്‍ 1611 റണ്‍സാണ് സച്ചിന്‍ നേടിയത്. ഈ റെക്കോഡില്‍ നിലവില്‍ തലപ്പത്ത് സച്ചിനാണ്. ഇൗ വര്‍ഷം 1580 റണ്‍സാണ് ഗില്ലിന്റെ പേരിലുള്ളത്.

31 റണ്‍സ് നേടിയാല്‍ സച്ചിനെ മറികടന്ന് ഈ റെക്കോഡില്‍ ഒന്നാമനാവാന്‍ ഗില്ലിന് സാധിക്കും. ഇത്തവണത്തെ ലോകകപ്പില്‍ മോശമല്ലാത്ത പ്രകടനം ഗില്‍ കാഴ്ചവെക്കുന്നുണ്ട്. സെമിയില്‍ ന്യൂസീലന്‍ഡിനെതിരേ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയോടെ ഗില്‍ കസറിയിരുന്നു. ഫൈനലില്‍ നന്നായി തുടങ്ങിയാല്‍ സച്ചിന്റെ റെക്കോഡിനെ മറികടന്ന് ഒന്നാമനാവാനുള്ള അവസരം ഗില്ലിന് മുന്നിലുണ്ട്. വിരാട് കോലിയാണ് ഈ റെക്കോഡില്‍ മൂന്നാം സ്ഥാനത്ത്. 2011ല്‍ 1381 റണ്‍സാണ് കോലി നേടിയത്.

2011ല്‍ മഹേല ജയവര്‍ധന 1260 റണ്‍സ് നേടിയതാണ് നാലാം സ്ഥാനത്ത്. 2015ല്‍ 1224 റണ്‍സുമായി കിവീസ് നായകന്‍ കെയ്ന്‍ വില്യംസണ്‍ അഞ്ചാം സ്ഥാനത്തുമുണ്ട്. ഓസ്‌ട്രേലിയക്കെതിരായ ഫൈനലില്‍ ഗില്ലിന്റെ പ്രകടനം വളരെ നിര്‍ണ്ണായകമാണ്. ഇന്ത്യക്ക് നന്നായി തുടങ്ങാനാവാതെ പോയാല്‍ വലിയ സ്‌കോര്‍ നേടുക പ്രയാസമായിരിക്കും. രോഹിത് ശര്‍മ-ശുബ്മാന്‍ ഗില്‍ ഓപ്പണിങ് കൂട്ടുകെട്ട് നല്‍കുന്ന അടിത്തറ ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായകമാവും.

shubman gill

മൂന്ന് അര്‍ധ സെഞ്ച്വറികളാണ് ഗില്‍ ഇത്തവണ നേടിയത്. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ താരമാണ് ഗില്‍. ഗുജറാത്തിന്റെ ഹോം ഗ്രൗണ്ടാണ് അഹമ്മദാബാദ്. ഇവിടെ തകര്‍പ്പന്‍ റെക്കോഡാണ് ഗില്ലിനുള്ളത്. അഹമ്മദാബാദില്‍ ഏറ്റവും പരിചയസമ്പത്തുള്ളതും മികച്ച റെക്കോഡുള്ളതുമായ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ശുബ്മാന്‍ ഗില്ലാണെന്ന് പറയാം. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ബാറ്റിങ് ടീമിനെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്.

അഹമ്മദാബാദിലെ പിച്ച് പൊതുവേ ബാറ്റിങ്ങിന് അനുകൂലമാണ്. ഫ്‌ളാറ്റ് പിച്ചാണ് ഇവിടുത്തേത്. എന്നാല്‍ ഫൈനലിനായുള്ള പിച്ചില്‍ ഹെവി റോളര്‍ ഉപയോഗിച്ചിരുന്നു. 10 ശതമാനം മാത്രമാണ് പുല്ലിന്റെ അളവ്. സ്പിന്‍ സൗഹൃദ പിച്ചാണ് ഒരുക്കിയിരിക്കുന്നതെന്നാണ് വിവരം. ഓസ്‌ട്രേലിയക്ക് സ്പിന്‍ ദൗര്‍ബല്യമുണ്ട്. കൂടാതെ ഓസീസ് നിരയില്‍ ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്നറാണുള്ളത്. ആദം സാംബയാണത്. ഗ്ലെന്‍ മാക്‌സ് വെല്‍, ട്രവിസ് ഹെഡ് എന്നിവര്‍ പാര്‍ട്ട് ടൈം സ്പിന്നര്‍മാരായുണ്ട്.

ഇന്ത്യക്കൊപ്പം കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും മികച്ച ഫോമില്‍ പന്തെറിയുന്നുണ്ട്. അതുകൊണ്ടുതന്നെ ഫൈനലില്‍ ഇന്ത്യ സ്പിന്‍ പിച്ചില്‍ കൂടുതല്‍ താല്‍പര്യം കാട്ടുന്നു. ഇത് ഇന്ത്യക്ക് തിരിച്ചടിയായി മാറുമോയെന്നതാണ് കണ്ടറിയേണ്ടത്. ഇത്തവണ തോല്‍വി അറിയാത്ത കുതിപ്പാണ് ഇന്ത്യ കാഴ്ചവെക്കുന്നത്. കരുത്തുറ്റ ബാറ്റിങ് നിരയും ബൗളിങ് നിരയും ഇന്ത്യക്കുണ്ട്. തട്ടകത്തിന്റെ ആത്മവിശ്വാസവും ഇന്ത്യക്കൊപ്പമാണുള്ളത്.

എന്നാല്‍ ഇന്ത്യ കിരീടം നേടണമെന്ന വലിയ സമ്മര്‍ദ്ദത്തിന്റെ പുറത്താണ് ഇറങ്ങുന്നത്. എന്നാല്‍ ഓസ്‌ട്രേലിയക്ക് ഈ സമ്മര്‍ദ്ദമില്ല. ടോസ് നിര്‍ണ്ണായകമാവും. ടോസ് നേടുന്ന ടീം ആദ്യം ബാറ്റുചെയ്യാനാണ് സാധ്യത കൂടുതല്‍. എന്തായാലും തീപ്പൊരി പോരാട്ടം തന്നെ ഫൈനലില്‍ പ്രതീക്ഷിക്കാം.

Story first published: Sunday, November 19, 2023, 6:57 [IST]
Other articles published on Nov 19, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+