മുംബൈ: ഏകദിന ലോകകപ്പില്‍ ഇന്ത്യ വലിയ പ്രതീക്ഷയോടെ കണ്ടിരുന്ന ബാറ്റ്‌സ്മാനാണ് ശുബ്മാന്‍ ഗില്‍. ഈ വര്‍ഷം ഏറ്റവും മികച്ച ഫോമില്‍ കളിച്ചിരുന്ന യുവ ഓപ്പണര്‍ക്ക് ലോകകപ്പിലെ ആദ്യ മത്സരത്തിന് മുമ്പ് പനി ബാധിക്കുകയായിരുന്നു. ഇതോടെ ഓസ്‌ട്രേലിയക്കും അഫ്ഗാനിസ്ഥാനുമെതിരായ മത്സരം ഗില്ലിന് നഷ്ടമായി. പാകിസ്താനെതിരായ മത്സരത്തില്‍ ഗില്‍ കളിച്ചെങ്കിലും വലിയ സ്‌കോര്‍ നേടാതെ മടങ്ങി. ഇപ്പോള്‍ പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്തിയ താരം ബംഗ്ലാദേശിനെതിരായ മത്സരത്തിന് തയ്യാറെടുക്കുകയാണ്.
രോഹിത് ശര്‍മക്കൊപ്പം ഓപ്പണര്‍ റോളില്‍ ഗില്ലുണ്ടാവുമെന്നുറപ്പാണ്. ബംഗ്ലാദേശിനെതിരായ മത്സരത്തിലൂടെ വലിയൊരു നാഴികക്കല്ല് പിന്നിടാനൊരുങ്ങുകയാണ് ഗില്‍. ഏകദിനത്തില്‍ വേഗത്തില്‍ 2000 റണ്‍സ് എന്ന റെക്കോഡിലേക്കെത്താനുള്ള അവസരമാണ് ഗില്ലിനെ കാത്തിരിക്കുന്നത്. നിലവില്‍ ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംലയുടെ പേരിലാണ് ഈ റെക്കോഡ്. 40 ഇന്നിങ്‌സില്‍ നിന്നാണ് അദ്ദേഹം ഈ നേട്ടത്തിലേക്കെത്തിയത്.
അടുത്ത നാല് ഇന്നിങ്‌സില്‍ നിന്ന് 67 റണ്‍സ് നേടാനായാല്‍ അംലയെ മറികടന്ന് ഈ റെക്കോഡില്‍ തലപ്പത്തേക്കെത്താന്‍ ഗില്ലിന് സാധിക്കും. താരത്തിന്റെ സമീപകാല ഫോം പരിശോധിക്കുമ്പോള്‍ ഗില്‍ അനായാസം ഈ റെക്കോഡ് സ്വന്തമാക്കിയേക്കും. ഈ വര്‍ഷം കൂടുതല്‍ റണ്‍സ്, സെഞ്ച്വറി, റെക്കോഡുകളെല്ലാം ഗില്ലിന്റെ പേരിലാണ്. അതുകൊണ്ടുതന്നെ ബംഗ്ലാദേശിനെതിരായ പ്രകടനത്തിലൂടെത്തന്നെ ഈ നാഴികക്കല്ല് സ്വന്തം പേരിലാക്കാന്‍ ഗില്ലിന് സാധിക്കുമെന്ന് പ്രതീക്ഷിക്കാം.
വേഗത്തില്‍ 2000 ഏകദിന റണ്‍സ് പൂര്‍ത്തിയാക്കുന്ന ഇന്ത്യക്കാരനെന്ന റെക്കോഡില്‍ ശിഖര്‍ ധവാനാണ് തലപ്പത്തുള്ളത്. 48 ഇന്നിങ്‌സില്‍ നിന്നാണ് ധവാന്‍ ഈ നേട്ടത്തിലെത്തിയത്. ഇടം കൈയന്‍ ഓപ്പണറായിരുന്ന ധവാനെ മറികടന്ന് ഇന്ത്യന്‍ താരങ്ങളില്‍ തലപ്പത്തേക്കെത്താനുള്ള അവസരവും ഗില്ലിന് മുന്നിലുണ്ട്. ഇതിന് ഗില്ലിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. പൂനെയിലാണ് മത്സരം നടക്കുന്നത്. നിലവില്‍ ഏകദിന ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്താണ് ഗില്ലുള്ളത്.

പാകിസ്താന്‍ നായകന്‍ ബാബര്‍ ആസമാണ് തലപ്പത്ത്. വരുന്ന മത്സരങ്ങളില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയാല്‍ ഗില്ലിന് തലപ്പത്തേക്കെത്താന്‍ സാധിച്ചേക്കും. അതിന് ഗില്ലിന് സാധിക്കുമോയെന്നതും കണ്ടറിയണം. നിലവില്‍ ഹാട്രിക് ജയം നേടിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ബംഗ്ലാദേശിനെതിരേ ഇറങ്ങുന്നത്. ഏഷ്യാ കപ്പില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ ബംഗ്ലാദേശിന് സാധിച്ചിരുന്നു. എന്നാല്‍ ലോകകപ്പില്‍ ബംഗ്ലാദേശിന് കാര്യങ്ങള്‍ എളുപ്പമാവില്ല.
ഇന്ത്യയുടെ എല്ലാ താരങ്ങളും ഫോമിലാണ്. അതുകൊണ്ടുതന്നെ ഇന്ത്യക്കാണ് വിജയ സാധ്യതയുള്ളത്. പക്ഷെ കഴിഞ്ഞ മത്സരങ്ങളിലെല്ലാം ചില അപ്രതീക്ഷിത അട്ടിമറികള്‍ സംഭവിച്ചിരുന്നു. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ അഫ്ഗാനിസ്ഥാന്‍ തോല്‍പ്പിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയെ നെതര്‍ലന്‍ഡ്‌സും പരാജയപ്പെടുത്തി. അതുകൊണ്ടുതന്നെ ഇന്ത്യയെ ബംഗ്ലാദേശ് അട്ടിമറിക്കാനുള്ള സാധ്യതയും കൂടുതലാണ്. ലോകകപ്പ് ചരിത്രത്തില്‍ ഒരു തവണ മാത്രമാണ് ഇന്ത്യയെ ബംഗ്ലാദേശ് അട്ടിമറിച്ചത്. 4 തവണ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 3ലും ജയം ഇന്ത്യക്കായിരുന്നു.
ഇന്ത്യയെ സംബന്ധിച്ച് ബംഗ്ലാദേശിനെതിരായ മത്സരം വളരെ പ്രധാനപ്പെട്ടതാണ്. ന്യൂസീലന്‍ഡും മൂന്ന് മത്സരങ്ങള്‍ ജയിച്ച് മികച്ച പ്രകടനമാണ് നടത്തുന്നത്. നെറ്റ് റണ്‍റേറ്റില്‍ നിലവില്‍ ഇന്ത്യ ന്യൂസീലന്‍ഡിനെക്കാള്‍ മുന്നിലാണ്. എന്നാല്‍ അഫ്ഗാനെതിരേ കിവീസിന് വലിയ ജയം നേടാനായാല്‍ ഇന്ത്യയെ നെറ്റ് റണ്‍റേറ്റില്‍ മറികടക്കാനാവും. അതുകൊണ്ടുതന്നെ ഇന്ത്യക്ക് ബംഗ്ലാദേശിനെതിരേ വലിയ ജയം നേടിയെടുക്കേണ്ടതായുണ്ട്.
അല്ലാത്തപക്ഷം ഇന്ത്യക്ക് ഒന്നാം സ്ഥാനത്ത് തുടരുക പ്രയാസമാവും. ബംഗ്ലാദേശ് നിരയില്‍ നായകന്‍ ഷക്കീബ് അല്‍ ഹസന്‍ കളിക്കുന്ന കാര്യം സംശയമാണ്. പരിക്കിന്റെ പിടിയിലുള്ള ഷക്കീബിന് ഇന്ത്യക്കെതിരായ മത്സരം നഷ്ടമാവാനാണ് സാധ്യത. അങ്ങനെ വന്നാല്‍ ഇന്ത്യക്കത് വലിയ ആശ്വാസമായി മാറും.