മുംബൈ: ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം എട്ടാം തീയ്യതി നടക്കാന്‍ പോവുകയാണ്. ചെന്നൈ വേദിയാകുന്ന മത്സരത്തില്‍ കരുത്തരായ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. ഓസ്‌ട്രേലിയക്കെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യ ജയിച്ചെങ്കിലും മൂന്നാം മത്സരത്തില്‍ വിജയം ഓസീസിനൊപ്പമായിരുന്നു. ഓള്‍റൗണ്ടര്‍മാരാല്‍ സമ്പന്നമായ ഓസീസിനെ കീഴടക്കുക ആതിഥേയരായ ഇന്ത്യക്ക് കടുപ്പമായിരിക്കുമെന്ന കാര്യം ഉറപ്പാണ്.
ആദ്യ മത്സരത്തിനായി ഇന്ത്യ അവസാന ഘട്ട തയ്യാറെടുപ്പുകളിലേക്ക് കടക്കവെ വലിയ നിരാശ നല്‍കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. സ്റ്റാര്‍ ഓപ്പണര്‍ ശുബ്മാന്‍ ഗില്‍ ഡെങ്കിപ്പനി ബാധിതനാണെന്നും ആദ്യ മത്സരം നഷ്ടമാവുമെന്നുമാണ് വിവരം. അങ്ങനെ വരുമ്പോള്‍ ഇന്ത്യയുടെ പ്ലേയിങ് 11ല്‍ മാറ്റം കൊണ്ടുവരേണ്ടി വരും. ഇപ്പോഴിതാ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ ഇന്ത്യയുടെ പ്ലേയിങ് 11 നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാന്‍.
മൂന്ന് സ്പിന്നര്‍മാരെയും ഇന്ത്യ കളിപ്പിക്കണമെന്ന നിര്‍ദേശമാണ് സഹീര്‍ മുന്നോട്ട് വെക്കുന്നത്. 'ചെന്നൈയില്‍ കളിക്കാനിറങ്ങുമ്പോള്‍ ആദ്യം സംസാരിക്കേണ്ടത് മൂന്ന് സ്പിന്നര്‍മാരെയും കളിപ്പിക്കുന്നതിനെക്കുറിച്ചാണ്. പേസര്‍മാരായി മുഹമ്മദ് സിറാജും ജസ്പ്രീത് ബുംറയും ഒപ്പം ഹാര്‍ദിക് പാണ്ഡ്യയുമുണ്ട്. ശാര്‍ദ്ദുല്‍ ടാക്കൂറിനെ പുറത്തിരുത്തി ഇന്ത്യ മൂന്ന് സ്പിന്നര്‍മാരെ കളിപ്പിക്കേണ്ടതാണ്'-ക്രിക്ക് ബസില്‍ സംസാരിക്കവെ സഹീര്‍ ഖാന്‍ പറഞ്ഞു.
ചെന്നൈയിലെ പിച്ച് സ്പിന്നിന് അനുകൂലാണ്. ഓസീസ് ടീം മികച്ച ബാറ്റ്‌സ്മാന്‍മാരുടെ നിരയാണെങ്കിലും സ്പിന്നിനെ നേരിടുക കടുപ്പമാണെന്നതാണ് വസ്തുത. ആര്‍ അശ്വിന്‍ ഇന്ത്യയുടെ പ്ലേയിങ് 11ലേക്കെത്തിയാല്‍ ശാര്‍ദ്ദുലിന് പുറത്തിരിക്കേണ്ടി വരും. ചെന്നൈയിലെ സാഹചര്യം വിലയിരുത്തുമ്പോള്‍ ഇന്ത്യ മൂന്ന് സ്പിന്നര്‍മാരെ കളിപ്പിക്കുന്നതാണ് നല്ലത്. ഓസീസ് നിരയില്‍ ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാരുള്ളതിനാല്‍ അശ്വിനെപ്പോലൊരു വലം കൈയന്‍ സ്പിന്നര്‍ ടീമില്‍ വേണ്ടത് അത്യാവശ്യമാണ്.

വീരേന്ദര്‍ സെവാഗും ഇന്ത്യ മൂന്ന് സ്പിന്നര്‍മാരെ കളിപ്പിക്കണമെന്ന നിര്‍ദേശമാണ് മുന്നോട്ടുവെച്ചത്. 'ചെന്നൈയിലെ പിച്ചില്‍ വേഗം കുറവും ടേണുമുണ്ടാവും. ഇന്ത്യക്ക് അശ്വിന്‍, കുല്‍ദീപ്, ജഡേജ എന്നിങ്ങനെ മൂന്ന് ശക്തരായ സ്പിന്നര്‍മാരുണ്ട്. അവസാന ഏകദിന പരമ്പരയിലും ഓസീസ് സ്പിന്നിനെതിരേ പ്രയാസപ്പെടുന്നത് കണ്ടതാണ്. ആദ്യ രണ്ട് ഏകദിനവും ഇന്ത്യ ജയിക്കുകയും ചെയ്തു. മൂന്നാം മത്സരത്തില്‍ പിച്ചില്‍ ടേണ്‍ കുറഞ്ഞതോടെ ഓസീസ് മികച്ച പ്രകടനം നടത്തുകയും ശോഭിക്കുകയും ചെയ്തു'-സെവാഗ് പറഞ്ഞു.
ഇന്ത്യയുടെ സൂപ്പര്‍ ഓപ്പണര്‍ ശുബ്മാന്‍ ഗില്ലിന് പനി ബാധിച്ചതോടെ ഓസ്‌ട്രേലിയക്കെതിരായ മത്സരം കളിക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ഇതോടെ രോഹിത് ശര്‍മക്കൊപ്പം ഇഷാന്‍ കിഷന്‍ ഓപ്പണറായി എത്തുമെന്നുറപ്പ്. മധ്യനിരയില്‍ കളിച്ചിരുന്ന ഇടം കൈയന്‍ ബാറ്റ്‌സ്മാനായ ഇഷാന്‍ നേരത്തെ തന്നെ രോഹിത്തിനൊപ്പം ഓപ്പണിങ്ങില്‍ ബാറ്റുചെയ്തിട്ടുണ്ട്. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സടിച്ച ഗില്ലിന്റെ അഭാവം ഇന്ത്യയെ പ്രയാസപ്പെടുത്തുമെന്നുറപ്പാണ്.
ഇഷാന്‍ ഓപ്പണിങ്ങിലേക്കെത്തുന്നതോടെ മധ്യനിരയില്‍ ആരെന്നതാണ് പ്രധാന ചോദ്യം. ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ് എന്നിവരിലൊരാള്‍ക്കാവും അവസരം ലഭിക്കുക. ശ്രേയസ് സെഞ്ച്വറിയടക്കം നേടി മികച്ച ഫോമിലാണ്. സൂര്യ അവസാന 10 ഓവറില്‍ അതിവേഗം റണ്‍സുയര്‍ത്തി ടീമിന് മികച്ച സ്‌കോര്‍ നേടിക്കൊടുക്കാന്‍ ശേഷിയുള്ള താരവുമാണ്. അതുകൊണ്ടുതന്നെ ഇവരിലാരെ കളിപ്പിക്കുമെന്നതാണ് ഇന്ത്യയെ ആശയക്കുഴപ്പത്തിലാക്കുന്ന കാര്യം.
ബാറ്റിങ്ങിലും ബൗളിങ്ങിലും സംതുലിതമായ താരനിരയെ ഇത്തവണ ഇന്ത്യക്ക് ലഭിച്ചിട്ടുണ്ട്. ആതിഥേയരായതിനാല്‍ വിജയത്തില്‍ കുറഞ്ഞൊന്നും ഇന്ത്യ പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ ഓസീസിനെ പൂട്ടാന്‍ കടുത്ത പോരാട്ടം തന്നെ കാഴ്ചവെക്കേണ്ടി വരുമെന്നുറപ്പ്.
ഇന്ത്യയുടെ സാധ്യതാ 11: രോഹിത് ശര്‍മ (c), ഇഷാന്‍ കിഷന്‍, വിരാട് കോലി, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.