ബെംഗളൂരു: നെതര്‍ലാന്‍ഡ്‌സുമായുള്ള ലോകകപ്പ് മല്‍സരത്തില്‍ കിടിലന്‍ റെക്കോര്‍ഡിനൊപ്പമെത്തിയിരിക്കുയാണ് ഇന്ത്യന്‍ സെന്‍സേഷനും ലോകത്തിലെ നമ്പര്‍വണ്‍ ബാറ്ററുമായ ശുഭ്മന്‍ ഗില്‍. തീപ്പൊരി ഫിഫ്റ്റിയുമായാണ് അദ്ദേഹം മിന്നിച്ചത്. 32 ബോളില്‍ നിന്നും 51 റണ്‍സ് അടിച്ചെടുത്താണ് ഗില്‍ പുറത്തായത്. മൂന്നു ഫോറുകളും ഒരു സിക്‌സറുമടക്കമായിരുന്നു ഇത്. ഫിഫ്റ്റി തികയ്ക്കാന്‍ അദ്ദേഹത്തിനു 30 ബോളുകള്‍ മാത്രമേ വേണ്ടി വന്നുള്ളൂ. പോള്‍ വാന്‍ മീക്കെറന്‍ എറിഞ്ഞ 12ാം ഓവറിലെ രണ്ടാമത്തെ ബോളില്‍ സിംഗിളെടുത്താണ് ഗില്‍ ഫിഫ്റ്റി തികച്ചത്.
30 ബോളുകളില്‍ നിന്നും ഫിഫ്റ്റി കണ്ടെത്തിയതോടെയാണ് ഗില്ലും ചരിത്രത്തിന്റെ ഭാഗമായി മാറിയത്. ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ ഫിഫ്റ്റിയെന്ന റെക്കോര്‍ഡിനൊപ്പമാണ് അദ്ദേഹമെത്തിയത്. നിലവിലെ ക്യാപ്റ്റനും തന്റെ ഓപ്പണിങ് പങ്കാളിയുമായ രോഹിത് ശര്‍മയുടെ റെക്കോര്‍ഡിനൊപ്പം ഗില്ലും തന്റെ പേര് ചേര്‍ത്തിരിക്കുകയാണ്.

ഈ ലോകകപ്പില്‍ തന്നെയായിരുന്നു ഹിറ്റ്മാന്റെ 30 ബോള്‍ ഫിഫ്റ്റി. അഫ്ഗാനിസ്താനെതിരേ കഴിഞ്ഞ മാസം ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തിലായിരുന്നു രോഹിത് അതിവേഗ ഫിഫ്റ്റി കുറിച്ചത്. രോാഹിത്തിന്റെ പാത പിന്തുടര്‍ന്നു ക്രിക്കറ്റിലെ ജൂനിയര്‍ ഹിറ്റ്മാനായി മാറാന്‍ തനിക്കും സാധിക്കുമെന്നു കാണിച്ചുതന്നിരിക്കുകയാണ് ഗില്‍.
ലോകകപ്പില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ അതിവേഗ ഫിഫ്റ്റിയെന്ന ഓള്‍ടൈം റെക്കോര്‍ഡ് നിലവില്‍ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരില്‍ ഭദ്രമാണ്. വെറും നാലു ബോളുകളുടെ വ്യത്യാസത്തിലാണ് സച്ചിന്റെ റെക്കോര്‍ഡിനൊപ്പമെത്താനുള്ള സുവര്‍ണാസരം ഗില്ലിനു നഷ്ടമായത്.
26 ബോളില്‍ നിന്നും ഫിഫ്റ്റിയുമായാണ് സച്ചിന്‍ തലപ്പത്തുള്ളത്. 2007ലെ ലോകകപ്പിലായിരുന്നു മിന്നല്‍ ഫിഫ്റ്റിയുമായി അദ്ദേഹം ചരിത്രം കുറിച്ചത്. 16 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും സച്ചിന്റെ ഈ റെക്കോര്‍ഡ് ഇപ്പോഴും ഇളക്കം തട്ടാതെ തന്നെ നില്‍ക്കുകയാണ്.
അതിവേഗ ഫിഫ്റ്റി കുറിച്ച ഇന്ത്യന്‍ താരങ്ങളുടെ ലിസ്റ്റില്‍ നാലു മുതല്‍ ആറു വരെ സ്ഥാനങ്ങളിലുള്ളത് സന്ദീപ് പാട്ടീല്‍, സച്ചിന്‍, രോഹിത് എന്നിവരാണ്. ടോപ്പ് സിക്‌സില്‍ രോഹിത്തും സച്ചിനും രണ്ടു തവണ വീതം തങ്ങളുടെ പേര് എഴുതിച്ചേര്‍ത്തിട്ടുണ്ടെന്നതാണ് ശ്രദ്ധേയം.

1983ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേയാണ് പാട്ടീല്‍ 32 ബോളില്‍ ഫിഫ്റ്റിയിലെത്തിയത്. സച്ചിന്‍ 2011ലൈ ലോകകപ്പില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ 33 ബോളിലും രോഹിത് 2019ലെ ലോകകപ്പില്‍ പാകിസ്താനെതിരേ 34 ബോളുകളിലും ഫിഫ്റ്റി കണ്ടെത്തിയിരുന്നു.
നെതര്‍ലാന്‍ഡ്‌സിനെതിരേ രോഹിത്തിന്റെ റെക്കോര്‍ഡിനൊപ്പമെത്തുക മാത്രമല്ല മറ്റൊരു വമ്പന്‍ നാഴികക്കല്ലും ഗില്‍ പൂര്‍ത്തിയാക്കി. ഏകദിനത്തില്‍ ഈ കലണ്ടര്‍ വര്‍ഷത്തില്‍ 2000 റണ്‍സ് തികച്ച ലോകത്തിലെ ആദ്യ താരമായാണ് അദ്ദേഹം മാറിയത്. കരിയറിലാദ്യമായാണ് ഗില്‍ ഒരു വര്‍ഷം 2000 റണ്‍സ് ക്ലബ്ബില്‍ ഇടം പിടിച്ചത്. ഗൗതം ഗംഭീര്‍, രോഹിത്, വീരേന്ദര്‍ സെവാഗ് എന്നിവര്‍ക്കൊപ്പം അദ്ദേഹമെത്തുകയും ചെയ്തു.
ഇവരെല്ലാം ഓരോ തവണയാണ് ഒരു കലണ്ടര്‍ വര്‍ഷം 2000 റണ്‍സ് നേടിയിട്ടുള്ളത്. ആറു തവണ 2000ത്തിനു മുകളില്‍ റണ്‍സ് നേടിയ വിരാട് കോലിയുടെ പേരിലാണ് ഓള്‍ടൈം റെക്കോര്‍ഡ്. സച്ചിന്‍ അഞ്ചു തവണയും സൗരവ് ഗാംഗുലി നാലു തവണയും രാഹുല്‍ ദ്രാവിഡ് മൂന്നു തവണയും ഒരു കലണ്ടര്‍ വര്‍ഷം ഈ നേട്ടത്തിനു അര്‍ഹരായിട്ടുണ്ട്.