For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: നാലാം നമ്പറില്‍ ഇന്ത്യ ആരെ കളിപ്പിക്കും? കൂടുതല്‍ റണ്‍സ് ഈ താരത്തിന്! പട്ടിക

തട്ടകത്തില്‍ ഏകദിന ലോകകപ്പിനെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. 2013ന് ശേഷം ഐസിസി കിരീടമില്ലെന്ന വലിയ തലവേദനക്ക് ഇന്ത്യ പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ ഇത്തവണത്തെ ലോകകപ്പില്‍ ഇന്ത്യക്ക് വാനോളം പ്രതീക്ഷകളാണ്. മികച്ച താരസമ്പത്തും തട്ടകത്തിന്റെ മുന്‍തൂക്കവും ഇന്ത്യക്കുണ്ട്. 2011ലേതിന് സമാനമായി ഇതിനെ മുതലാക്കാന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

എന്നാല്‍ നിരവധി പ്രശ്‌നങ്ങളാണ് ഇന്ത്യക്ക് മുന്നിലുള്ളത്. 2019ലെ ലോകകപ്പിന് ശേഷം നാല് വര്‍ഷം മുന്നോട്ട് പോയിട്ടും പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല. ഇതില്‍ പ്രധാന പ്രശ്‌നങ്ങളിലൊന്ന് നാലാം നമ്പര്‍ ബാറ്റ്‌സ്മാന്‍ ആരെന്നതാണ്. ഏകദിനത്തില്‍ നാലാം നമ്പറിന് നിര്‍ണ്ണായക റോളാണുള്ളത്. യുവരാജ് സിങ്ങിന് ശേഷം ഈ സീറ്റില്‍ വിശ്വസ്തനെ കണ്ടെത്താന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ലെന്നതാണ് വസ്തുത.

ഇത്തവണത്തെ ലോകകപ്പില്‍ നാലാം നമ്പറില്‍ ഇന്ത്യ ആരെ പരിഗണിക്കും? 2020 മുതല്‍ നാലാം നമ്പറില്‍ കളിച്ച താരങ്ങളുടെ റണ്‍സ് പരിഗണിച്ച് വിലയിരുത്താം. ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യ ഒരു തവണയാണ് നാലാം നമ്പറില്‍ ബാറ്റ് ചെയ്തത്. അഞ്ച് റണ്‍സാണ് അദ്ദേഹം നേടിയത്. ഹാര്‍ദിക് പാണ്ഡ്യയെ ആറാം നമ്പറിലേക്കാണ് നിലവില്‍ ഇന്ത്യ പരിഗണിക്കുന്നത്. ഹാര്‍ദിക്കിനെ നാലാം നമ്പറില്‍ കളിപ്പിക്കുന്നതിനെ മികച്ച നീക്കമെന്ന് നിലവില്‍ പറയാനാവില്ല.

സ്പിന്‍ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍ ഒരു ഇന്നിങ്‌സിലാണ് നാലാം നമ്പറില്‍ ബാറ്റു ചെയ്തത്. 11 റണ്‍സാണ് നേടിയത്. ഇത്തവണ വാഷിങ്ടണ്‍ ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഇടം നേടുമോയെന്നതാണ് കണ്ടറിയേണ്ടത്. ഇന്ത്യ സര്‍പ്രൈസ് നീക്കമായി വിരാട് കോലിയെ നാലാം നമ്പറില്‍ കളിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. 2020 മുതലുള്ള കണക്കുകള്‍ നോക്കുമ്പോള്‍ ഒരു തവണയാണ് കോലി നാലാം നമ്പറില്‍ കളിച്ചത്.

kl rahul

16 റണ്‍സാണ് ഈ മത്സരത്തില്‍ അദ്ദേഹം നേടിയത്. കോലി മൂന്നാം നമ്പറില്‍ തുടരുന്നതാണ് ഇന്ത്യക്ക് ഗുണകരമെന്ന് വിലയിരുത്താം. ഇന്ത്യയുടെ 360 ഡിഗ്രി താരമായ സൂര്യകുമാര്‍ യാദവ് 5 ഇന്നിങ്‌സാണ് നാലാം നമ്പറില്‍ കളിച്ചത്. നേടിയത് വെറും 30 റണ്‍സാണ്. ടി20യില്‍ പകരംവെക്കാനില്ലാത്ത പ്രതിഭയാണ് സൂര്യകുമാര്‍. എന്നാല്‍ ഏകദിനത്തില്‍ സൂര്യകുമാറിനെ ഇന്ത്യയുടെ നിര്‍ണ്ണായക താരമെന്ന് പറയാനാവില്ല. ഏകദിന ലോകകപ്പില്‍ സൂര്യകുമാറിനെ ബാക്കപ്പ് താരമായി ഇന്ത്യ പരിഗണിച്ചേക്കും.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലും സൂര്യ ഫ്‌ളോപ്പായിരുന്നു. അതുകൊണ്ടുതന്നെ തഴയപ്പെടാനും സാധ്യതകളേറെ. സഞ്ജു സാംസണാണ് മറ്റൊരാള്‍. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ നാലാം നമ്പറില്‍ ശോഭിക്കാന്‍ കഴിവുള്ളവനാണ്. 2020 മുതലുള്ള കണക്ക് പ്രകാരം സഞ്ജു നാലാം നമ്പറില്‍ ഒരു തവണയാണ് ബാറ്റ് ചെയ്തത്. 51 റണ്‍സും നേടി. എന്നാല്‍ സഞ്ജുവിന് നാലാം നമ്പറില്‍ ഇന്ത്യ അവസരം നല്‍കാന്‍ സാധ്യത വളരെ കുറവാണ്.

മനീഷ് പാണ്ഡെ മൂന്ന് മത്സരത്തില്‍ നാലാം നമ്പറില്‍ ബാറ്റുചെയ്തു. നേടിയത് 74 റണ്‍സാണ്. ഇപ്പോള്‍ മനീഷ് ചിത്രത്തിലേ ഇല്ലാത്തതിനാല്‍ താരത്തിന്റെ പ്രകടനം വിലയിരുത്തിയിട്ട് കാര്യമില്ല. ഇടം കൈയന്‍ ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ ഇഷാന്‍ കിഷന്‍ 6 ഇന്നിങ്‌സ് നാലാം നമ്പറില്‍ ബാറ്റു ചെയ്തു. 106 റണ്‍സാണ് നേടിയത്. ഇഷാനെ ഇന്ത്യ നാലാം നമ്പറിലേക്ക് പരിഗണിക്കാന്‍ സാധ്യത കുറവാണ്. ബാക്കപ്പ് ഓപ്പണര്‍, വിക്കറ്റ് കീപ്പര്‍ റോളാണ് ഇഷാനെ കാത്തിരിക്കുന്നത്.

ഇന്ത്യയുടെ സീനിയര്‍ താരം കെ എല്‍ രാഹുല്‍ മൂന്ന് ഇന്നിങ്‌സിലാണ് നാലാം നമ്പറില്‍ ബാറ്റുചെയ്തത്. 189 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. പരിക്കില്‍ നിന്ന് മുക്തനായി തിരിച്ചെത്തുന്ന രാഹുലിനെ നാലാം നമ്പറില്‍ ഇന്ത്യക്ക് പരിഗണിക്കാവുന്നതാണ്. ഇന്ത്യയുടെ മുഖ്യ വിക്കറ്റ് കീപ്പറായ റിഷഭ് പന്ത് 9 ഇന്നിങ്‌സാണ് നാലാം നമ്പറില്‍ ബാറ്റു ചെയ്തത്. നേടിയത് 340 റണ്‍സും. കാര്‍ അപകടത്തില്‍ പരിക്കേറ്റ റിഷഭ് നിലവില്‍ ഫിറ്റ്‌നെസ് വീണ്ടെടുക്കുന്നതേയുള്ളു.

ഇത്തവണത്തെ ലോകകപ്പില്‍ റിഷഭ് കളിക്കില്ലെന്നുറപ്പാണ്. നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ റിഷഭ് പരിശീലനം നടത്തുന്നുണ്ട്. ശ്രേയസ് അയ്യര്‍ 17 ഇന്നിങ്‌സിലാണ് നാലാം നമ്പറില്‍ ബാറ്റു ചെയ്തത്. 675 റണ്‍സാണ് ശ്രേയസിന്റെ സമ്പാദ്യം. നിലവില്‍ ഇന്ത്യ നാലാം നമ്പറില്‍ വിശ്വസ്തനായി കാണുന്നത് ശ്രേയസിനെയാണ്. എന്നാല്‍ പരിക്കിന് ശേഷം മടങ്ങിയെത്തുന്ന ശ്രേയസിന്റെ പ്രകടനം എങ്ങനെയാവുമെന്നത് കാത്തിരുന്ന് കണ്ടറിയാം.

Story first published: Friday, August 11, 2023, 21:17 [IST]
Other articles published on Aug 11, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+