കൊല്‍ക്കത്ത: ഏകദിന ലോകകപ്പിലെ കരുത്തരുടെ പോരാട്ടത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നാണംകെടുത്തിയിരിക്കുകയാണ്. 243 റണ്‍സിനാണ് ഇന്ത്യയുടെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റുചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 27.1 ഓവറില്‍ 83 റണ്‍സില്‍ കൂടാരം കയറുകയായിരുന്നു. വിരാട് കോലിയുടെ (101*) സെഞ്ച്വറിയും രവീന്ദ്ര ജഡേജയുടെ അഞ്ച് വിക്കറ്റ് പ്രകടനവുമാണ് ഇന്ത്യക്ക് തകര്‍പ്പന്‍ ജയമൊരുക്കിയത്.
മത്സരത്തില്‍ ഇന്ത്യക്കായി ശ്രേയസ് അയ്യരും ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. 87 പന്ത് നേരിട്ട് 7 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 77 റണ്‍സാണ് ശ്രേയസ് നേടിയത്. ആദ്യം നിരവധി ഡോട്ട്‌ബോളുകള്‍ വരുത്തി സമ്മര്‍ദ്ദത്തോടെയാണ് ശ്രേയസ് ബാറ്റുചെയ്തത്. എന്നാല്‍ വെള്ളംകുടിക്കുന്ന ഇടവേളക്കിടെ ഇഷാന്‍ കിഷനിലൂടെ നായകന്‍ രോഹിത് ശര്‍മ ശ്രേയസ് അയ്യര്‍ക്ക് എന്തോ സന്ദേശം കൈമാറി. ഇതിന് ശേഷം ഗംഭീര ബാറ്റിങ് പ്രകടനമാണ് ശ്രേയസ് കാഴ്ചവെച്ചത്.
ഇപ്പോഴിതാ മത്സരത്തിനിടെ രോഹിത് തനിക്ക് നല്‍കിയ സന്ദേശം എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രേയസ് അയ്യര്‍. 'ഒരുവശത്ത് കോലി നിലയുറപ്പിക്കുമ്പോള്‍ മറുവശത്ത് ആക്രമിക്കാനാണ്' രോഹിത് ശര്‍മ നല്‍കിയ സന്ദേശം. ഇത് ശ്രേയസിന് ആത്മവിശ്വാസം നല്‍കി. പല മത്സരങ്ങളിലും അമിതമായി ആക്രമണത്തിന് ശ്രമിച്ചാണ് ശ്രേയസ് പുറത്തായത്. പ്രത്യേകിച്ച് ഷോട്ട് ബോള്‍ കുരുക്കില്‍ ഒന്നിലധികം തവണ ശ്രേയസ് അയ്യര്‍ കുടുങ്ങി.
അതുകൊണ്ടുതന്നെ ശ്രേയസിന് വലിയ ഷോട്ടുകള്‍ കളിക്കാന്‍ അല്‍പ്പം ആത്മവിശ്വാസക്കുറവുണ്ടായിരുന്നു. രോഹിത് ശര്‍മയും ശുബ്മാന്‍ ഗില്ലും പുറത്തായതിനാല്‍ത്തന്നെ വിരാട് കോലി-ശ്രേയസ് അയ്യര്‍ കൂട്ടുകെട്ട് ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതായിരുന്നു. എന്നാല്‍ ശ്രേയസ് ക്രീസിലെത്തിയതുമുതല്‍ കേശവ് മഹാരാജിനെ ഉപയോഗിച്ച് ദക്ഷിണാഫ്രിക്ക തന്ത്രം മെനഞ്ഞു. പേസര്‍മാര്‍ ഷോര്‍ട്ട് ബോളിലൂടെ ശ്രേയസിനെ കുരുക്കാന്‍ നോക്കി. എന്നാല്‍ പതിയെ താളം കണ്ടെത്തിയ ശ്രേയസ് പിന്നീട് കടന്നാക്രമിച്ചു.

വിരാട് കോലി നിലയുറപ്പിച്ച് കളിച്ചപ്പോള്‍ ഒരുവശത്ത് അതിവേഗം റണ്‍സുയര്‍ത്തുന്ന ശ്രേയസ് അയ്യരെയാണ് കാണാനായത്. ഇതാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്കെത്തിച്ചതും. ഷോര്‍ട്ട് ബോളിലടക്കം ബൗണ്ടറി നേടാന്‍ ശ്രേയസിനായി. ന്യൂസീലന്‍ഡിനും ഇംഗ്ലണ്ടിനുമെതിരേ ഷോര്‍ട്ട് ബോളില്‍ ശ്രേയസ് പുറത്തായതോടെ താരത്തെ പ്ലേയിങ് 11ല്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യവും ശക്തമായി. എന്നാല്‍ ടീം മാനേജ്‌മെന്റ് ശ്രേയസില്‍ വിശ്വാസം അര്‍പ്പിക്കുകയായിരുന്നു.
മത്സരശേഷം തന്നില്‍ വിശ്വാസം അര്‍പ്പിച്ച നായകന്‍ രോഹിത് ശര്‍മക്കും ടീം മാനേജ്‌മെന്റിനും ശ്രേയസ് നന്ദി പറയുകയും ചെയ്തു. ഇന്ത്യയുടെ പ്ലേയിങ് 11ല്‍ ഒരു സ്‌പെഷ്യലിസ്റ്റ് ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍പോലുമില്ല. എന്നിട്ടും ഇഷാനെ തഴഞ്ഞ് ശ്രേയസിന് ഇന്ത്യ പിന്തുണ നല്‍കിയപ്പോള്‍ നിര്‍ണ്ണായക പ്രകടനത്തോടെ അവസരം മുതലാക്കാന്‍ താരത്തിന് സാധിക്കുകയും ചെയ്തു.
ഇന്ത്യ ഇത്തവണ സജീവ കിരീട പ്രതീക്ഷ നല്‍കിയാണ് മുന്നോട്ട് പോകുന്നത്. രോഹിത് ശര്‍മയുടേയും വിരാട് കോലിയുടേയും മികച്ച ഫോമാണ് ഇന്ത്യയുടെ കരുത്താവുന്നത്. രോഹിത് വെടിക്കെട്ട് തുടക്കം നല്‍കുമ്പോള്‍ അതിനെ മികച്ച സ്‌കോറിലേക്ക് വളര്‍ത്തുകയെന്ന ഉത്തരവാദിത്തം കോലി മനോഹരമായി നിര്‍വഹിക്കുന്നു. പേസ് ബൗളര്‍മാര്‍ ഒന്നിനൊന്ന് മെച്ചം. ജസ്പ്രീത് ബുംറ ആദ്യ ഓവറില്‍ത്തന്നെ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നു.
പിന്നാലെയെത്തുന്ന മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയും ഈ സമ്മര്‍ദ്ദം നിലനിര്‍ത്തിത്തന്നെ പന്തെറിയുകയാണ്. സ്പിന്‍ നിരയില്‍ കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും അവസരത്തിനൊത്തുയരുന്നു. തട്ടകത്തിന്റെ ആധിപത്യം മുതലാക്കാന്‍ ഇന്ത്യക്ക് സാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇത്തവണ കിരീടത്തിലേക്ക് ഇന്ത്യയെത്താനുള്ള സാധ്യത കൂടുതലാണെന്ന് തന്നെ പറയാം.