World Cup 2023: യുവിയുടെ റെക്കോഡ് തകര്‍ത്തു, മധ്യനിരയില്‍ ശ്രേയസ് ഇനി കിങ്- വമ്പന്‍ നേട്ടം
ബംഗളൂരു: ഏകദിന ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരേ ഇന്ത്യ ബാറ്റിങ് വെടിക്കെട്ട് കാഴ്ചവെച്ചിരിക്കുകയാണ്. നാല് വിക്കറ്റിന് 410 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. ഇന്ത്യയുടെ ടോപ് ഓഡറിലെ അഞ്ച് താരങ്ങളും 50ലധികം റണ്‍സ് നേടിയെന്നതാണ് എടുത്തു പറയേണ്ടത്. ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു സംഭവം. രോഹിത് ശര്‍മ (61), ശുബ്മാന്‍ ഗില്‍ (51), വിരാട് കോലി (51) എന്നിവര്‍ അര്‍ധ സെഞ്ച്വറിയോടെ തിളങ്ങി.
ശ്രേയസ് അയ്യരും (128*) കെ എല്‍ രാഹുലും (102) സെഞ്ച്വറിയും നേടി. ശ്രേയസ് ലോകകപ്പിലെ തന്റെ ആദ്യ സെഞ്ച്വറിയാണ് നേടിയത്. 94 പന്തില്‍ 10 ഫോറും 5 സിക്‌സുമാണ് ശ്രേയസ് നേടിയത്. സെഞ്ച്വറി പ്രകടനത്തോടെ ചരിത്ര റെക്കോഡിലേക്കും ശ്രേയസ് എത്തിയിരിക്കുകയാണ്. ഒരു ഏകദിന ലോകകപ്പില്‍ ഇന്ത്യക്കായി കൂടുതല്‍ റണ്‍സ് നേടുന്ന മധ്യനിര ബാറ്റ്‌സ്മാനെന്ന റെക്കോഡാണ് ശ്രേയസ് സ്വന്തമാക്കിയത്. 2011ല്‍ 362 റണ്‍സ് നേടിയ യുവരാജായിരുന്നു ഇതുവരെ ഈ റെക്കോഡില്‍ തലപ്പത്തുണ്ടായിരുന്നത്.
എന്നാല്‍ ഇത്തവണത്തെ ശ്രേയസിന്റെ സ്‌കോര്‍ 421 റണ്‍സായിരിക്കുകയാണ്. ഇതോടെ യുവരാജിനെ മറികടക്കാന്‍ ശ്രേയസിന് സാധിച്ചിരിക്കുകയാണ്. 347 റണ്‍സുമായി കെ എല്‍ രാഹുല്‍ പിന്നാലെയുണ്ട്. കൂടാതെ മറ്റ് ചില റെക്കോഡുകളും ശ്രേയസ് സ്വന്തം പേരിലാക്കി. ഏകദിന ലോകകപ്പില്‍ 400ലധികം റണ്‍സ് നേടുന്ന ഇന്ത്യയുടെ ആദ്യത്തെ മധ്യനിര ബാറ്റ്‌സ്മാനാണ് ശ്രേയസ്. ഒരു ലോകകപ്പില്‍ മധ്യനിരയില്‍ ഇന്ത്യക്കായി കൂടുതല്‍ റണ്‍സ് നേടുന്ന താരമായും ശ്രേയസ് മാറി.
ഇത് നാലാം തവണയാണ് ഫിഫ്റ്റി പ്ലസ് സ്‌കോര്‍ ശ്രേയസ് നേടുന്നത്. ഒരു ലോകകപ്പില്‍ കൂടുതല്‍ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടുന്ന ഇന്ത്യയുടെ മധ്യനിര ബാറ്റ്‌സ്മാന്‍മാരില്‍ രണ്ടാം സ്ഥാനത്താണ് ശ്രേയസ്. 2011 ലോകകപ്പിന് ശേഷം ഇന്ത്യക്കായി ലോകകപ്പില്‍ സെഞ്ച്വറി നേടുന്ന ആദ്യത്തെ നാലാം നമ്പര്‍ ബാറ്റ്‌സ്മാനാണ് ശ്രേയസ്. കെ എല്‍ രാഹുല്‍ 62 പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി. ഇന്ത്യക്കായി ഏകദിന ലോകകപ്പില്‍ വേഗത്തില്‍ സെഞ്ച്വറി നേടുന്ന താരമായി രാഹുല്‍ മാറി.

64 പന്തില്‍ സെഞ്ച്വറി നേടിയ രോഹിത് ശര്‍മയുടെ റെക്കോഡാണ് രാഹുല്‍ തകര്‍ത്തത്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും നിരവധി റെക്കോഡുകള്‍ നേടിയെടുത്തു. ഓപ്പണറെന്ന നിലയില്‍ 14000 റണ്‍സ് ക്ലബ്ബിലേക്കെത്താന്‍ ഹിറ്റ്മാനായി. കൂടാതെ തുടര്‍ച്ചയായ രണ്ട് ലോകകപ്പുകളില്‍ 500ലധികം റണ്‍സ് നേടുന്ന ആദ്യത്തെ ബാറ്റ്‌സ്മാനാണ് രോഹിത്. രണ്ട് ലോകകപ്പുകളില്‍ 500ലധികം റണ്‍സ് ഇതിന് മുമ്പ് നേടിയത് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മാത്രമാണ്.
ഒരു ലോകകപ്പില്‍ കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ നായകനായും ഏകദിന ലോകകപ്പില്‍ 500 റണ്‍സ് നേടുന്ന ആദ്യത്തെ ഇന്ത്യന്‍ നായകനാവാനും രോഹിത്തിന് സാധിച്ചു. വിരാട് കോലിയും റെക്കോഡ് നേടിയെടുത്തു. ഇത്തവണത്തെ ലോകകപ്പില്‍ ഇത് ഏഴാം തവണയാണ് കോലി 50ലധികം റണ്‍സ് നേടുന്നത്. ഇതോടെ ഒരു ലോകകപ്പില്‍ കൂടുതല്‍ ഫിഫ്റ്റി പ്ലസ് സ്‌കോറെന്ന റെക്കോഡില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കൊപ്പമെത്താന്‍ കോലിക്കായി.
ടീമെന്ന നിലയില്‍ ചരിത്ര റെക്കോഡിലേക്കും ഇന്ത്യയെത്തി. ഒരു ഏകദിന ലോകകപ്പ് മത്സരത്തില്‍ ആദ്യത്തെ അഞ്ച് ബാറ്റ്‌സ്മാന്‍മാരും അര്‍ധ സെഞ്ച്വറിയിലധികം സ്‌കോര്‍ നേടുന്നത് ഇതാദ്യമായാണ്. ഇന്ത്യയുടെ ഏകദിന ചരിത്രത്തിലെത്തന്നെ ആദ്യത്തെ സംഭവമാണിത്. സെമിയില്‍ ന്യൂസീലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. ഈ മത്സരത്തിന് മുമ്പ് ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്ന പ്രകടനമാണ് നെതര്‍ലന്‍ഡ്‌സിനെതിരേ ടീം കാഴ്ചവെച്ചിരിക്കുന്നതെന്ന് പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications