ഐസിസി ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ കന്നിയങ്കത്തിനു ഇനി മണിക്കൂറുകള്‍ മാത്രം. ഞായറാഴ്ച ഉച്ചയ്ക്കാണ് ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡയത്തില്‍ ഇന്ത്യ ഇറങ്ങുക. അഞ്ചു തവണ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ ആദ്യ എതിരാളികള്‍. മികച്ചൊരു വിജയത്തോടെ തന്നെ ദൈര്‍ഘ്യമേറിയ ടൂര്‍ണമെന്റിനു തുടക്കം കുറിക്കാനായിരിക്കും രോഹിത് ശര്‍മയുടെയും സംഘത്തിന്റെയും ലക്ഷ്യം.
അടുത്തിടെ സമാപിച്ച മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഓസ്‌ട്രേലിയയെ കെട്ടുകെട്ടുക്കാന്‍ ഇന്ത്യക്കായിരുന്നു. 2-1നായിരുന്നു പരമ്പര ഇന്ത്യ പോക്കറ്റിലാക്കിയത്. ഈ വിജയം നല്‍കിയ ആത്മവിശ്വാസത്തിലായിരിക്കും ലോകകപ്പില്‍ കംഗാരപ്പടയ്‌ക്കെതിരേ ഇന്ത്യ കച്ചമുറുക്കുക. സ്പിന്നര്‍മാര്‍ അരങ്ങുവാഴുന്ന ചെപ്പോക്കിലെ പിച്ചില്‍ ഗംഭീര ബാറ്റിങ് റെക്കോര്‍ഡുള്ള ചില താരങ്ങള്‍ ഇന്ത്യന്‍ നിരയിലുണ്ട്.

ഓസ്‌ട്രേലിയക്കെിരേ ചെപ്പോക്കില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടെന്നു വിശേഷിപ്പിക്കാവുന്ന താരം റണ്‍മെഷീന്‍ വിരാട് കോലിയോ, ക്യാപ്റ്റന്‍ രോഹിത് ശര്‍മയോ അല്ല. മറിച്ച് നാലാം നമ്പര്‍ സ്‌പെഷ്യലിസ്റ്റായ ശ്രേയസ് അയ്യരാണ് ചെപ്പോക്കില്‍ ഇന്ത്യയുടെ വജ്രായുധം.
ഏകദിനത്തില്‍ ഈ വേദിയില്‍ ഞെട്ടിക്കുന്ന റെക്കോര്‍ഡാണ് അദ്ദേഹത്തിലുള്ളത്. ഏകദിനത്തില്‍ ശ്രേയസിന്റെ ചെപ്പോക്കിലെ ബാറ്റിങ് ശരാശരി 70 ആണ്. ഈ വേദിയില്‍ അദ്ദേഹം എത്ര മാത്രം അപകടകാരിയാണെന്നു ഈ ശരാശരി തെളിയിക്കുന്നു. ചെപ്പോക്കില്‍ 50ന് മുകളില്‍ ബാറ്റിങ് ശരാശരി ഇന്ത്യയുടെ മറ്റൊരു താരത്തിന് കൂടി മാത്രമേയുള്ളൂ.
വൈസ് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യയാണ് ഈ വേദിയില്‍ കസറിയ രണ്ടാമത്തെയാള്‍. 61.50 ശരാശരിയിലാണ് അദ്ദേഹം ഇവിടെ ഏകദിനത്തില്‍ റണ്‍സ് വാരിക്കൂട്ടിയത്. ശ്രേയസും ഹാര്‍ദിക്കും കഴിഞ്ഞാല്‍ നിലവിലെ ടീമിലെ മറ്റാരും തന്നെ ചെപ്പോക്കില്‍ അത്ര മിടുക്കരല്ല. 45 പോലും ശരാശരി ഇവിടെ മറ്റൊരു താരത്തിനുമില്ല.
ബാറ്റിങ് ശരാശരിയില്‍ മൂന്നംസ്ഥാനം വിരാട് കോലിക്കാണ്. 42.13 ശരാശരിയാണ് ചെപ്പോക്കില്‍ അദ്ദേഹത്തിനുള്ളത്. ബാറ്റിങ് സെന്‍സേഷനും യുവ ഓപ്പണറുമായ ശുഭ്മന്‍ ഗില്‍ കോലിക്കു തൊട്ടുപിന്നിലായി നാലാംസ്ഥാനത്തുണ്ട്. 37 ആണ് ഇവിടെ അദ്ദേഹത്തിന്റെ ശരാശരി.

പക്ഷെ ലോകത്തിലെ രണ്ടാം നമ്പര്‍ ബാറ്റര്‍ കൂടിയായ ഗില്ലിന്റെ സേവനം ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യക്കു ലഭിച്ചേക്കില്ല. ഡെങ്കിപ്പനി പിടിപെട്ട താരം നാളെ കളിക്കുമോയെന്ന കാര്യം സംശയമാണ്. ഗില്‍ പുറത്തിരിക്കുകയാണെങ്കില്‍ പകരം ഇഷാന്‍ കിഷനായിരിക്കും ടീമിലേക്കു നറുക്കുവീഴുക.
ക്യാപ്റ്റന്‍ രോഹിത്തിനു ചെപ്പോക്കിലെ ശരാശരിയുടെ കാര്യത്തില്‍ അഞ്ചാംസ്ഥാനം മാത്രമേയുള്ളൂ. 23.33 എന്ന ശരാശരിയാണ് അദ്ദേഹത്തിനുള്ളത്. ഹിറ്റ്മാന്‍ കഴിഞ്ഞാല്‍ ഇവിടെ ബാറ്റിങില്‍ രണ്ടക്ക ശരാശരിയുള്ള ഇന്ത്യന്‍ ബാറ്റര്‍മാര്‍ രണ്ടു പേര്‍ മാത്രമേയുള്ളൂ.
സൂപ്പര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലുമാണ് ഇവര്‍. പക്ഷെ രണ്ടു പേര്‍ക്കും ചെപ്പോക്കില്‍ 20 പോലും ശരാശരിയില്ല. 19.50 ആണ് ജഡ്ഡുവിന്റെ ശരാശരി. ഈ വേദിയിലെ ഏറ്റവും മോശം ശരാശരി രാഹുലിനാണ്. 19 മാത്രമാണ് ഇവിടെ താരത്തിന്റെ ശരാശരി.
ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡ്
ടീം രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ഷര്‍ദുല്‍ ടാക്കൂര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, രവിചന്ദ്രന്‍ അശ്വിന്‍.