മുംബൈ: കാത്തിരിപ്പിനൊടുവില്‍ ഏകദിന ലോകകപ്പ് ആവേശം സെമിയിലേക്ക് കടന്നിരിക്കുകയാണ്. ഒന്നാം സെമിയില്‍ ഇന്ത്യ ന്യൂസീലന്‍ഡിനെ നേരിടാന്‍ പോവുകയാണ്. ഇന്ന് മുംബൈയിലാണ് മത്സരം. ഇന്ത്യയെ സംബന്ധിച്ച് ന്യൂസീലന്‍ഡിനെതിരായ മത്സരം വളരെ നിര്‍ണ്ണായകമാണ്. 2019ലെ ഏകദിന ലോകകപ്പിന്റെ സെമിയില്‍ ഇന്ത്യയെ പുറത്താക്കിയത് ന്യൂസീലന്‍ഡാണ്. അതുകൊണ്ടുതന്നെ ഇത്തവണത്തെ സെമി ഇന്ത്യക്ക് പകരം വീട്ടാനുള്ള അവസരമാണ്.
എന്നാല്‍ ന്യൂസീലന്‍ഡിനെ നോക്കൗട്ട് മത്സരങ്ങളില്‍ തോല്‍പ്പിക്കാന്‍ ഇതുവരെ ഇന്ത്യക്കായിട്ടില്ല. അതുകൊണ്ടുതന്നെ കാര്യങ്ങള്‍ എളുപ്പമായിരിക്കില്ലെന്നുറപ്പ്. മുംബൈയിലെ പിച്ചില്‍ മികച്ച പോരാട്ടം തന്നെ എല്ലാവരും പ്രതീക്ഷിക്കുന്നു. മുംബൈയില്‍ ടോസ് കിട്ടിയാല്‍ ഇന്ത്യ എന്താവും തിരഞ്ഞെടുക്കുകയെന്ന ചോദ്യം ഇതിനോടകം വലിയ ചര്‍ച്ചയായിട്ടുണ്ട്. പല പ്രമുഖരും പല അഭിപ്രായങ്ങളാണ് പങ്കുവെക്കുന്നത്. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ നായകനും സീനിയര്‍ താരവുമായ സുനില്‍ ഗവാസ്‌കര്‍ ഇക്കാര്യത്തില്‍ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ്.
'ഇന്ത്യക്ക് ഇത്തവണ മികച്ച ബൗളിങ് കരുത്തുണ്ട്. അതുകൊണ്ടുതന്നെ ആദ്യം ബാറ്റിങ്ങാണോ ബൗളിങ് ആണോ എന്നതില്‍ വലിയ കാര്യമില്ല. എന്നാല്‍ ന്യൂസീലന്‍ഡ് രണ്ടാമത് പന്തെറിയുന്നതാണ് ഇന്ത്യക്ക് കൂടുതല്‍ ഗുണം ചെയ്യുക. കാരണം മുംബൈയില്‍ വൈകുന്നേരം മഞ്ഞ് പ്രതീക്ഷിക്കുന്നു. അത് ബാറ്റിങ്ങിനെ കൂടുതല്‍ സഹായിച്ചേക്കും. ന്യൂബോള്‍ ബൗളര്‍മാരായി മൂന്ന് പേര്‍ ഇന്ത്യക്കുണ്ട്. കുല്‍ദീപിന്റെയും ജഡേജയുടേയും സ്പിന്നിനും ഇവിടെ മികവ് കാട്ടാനായേക്കും.
അതുകൊണ്ടുതന്നെ രണ്ടാമത് പന്തെറിഞ്ഞാലും ഇന്ത്യക്ക് റണ്‍സ് പ്രതിരോധിക്കാനായേക്കും. ഭേദപ്പെട്ടൊരു ടോട്ടലുണ്ടെങ്കില്‍ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീം സ്വാഭാവികമായും സമ്മര്‍ദ്ദത്തിലായിരിക്കും'- ഗവാസ്‌കര്‍ പറഞ്ഞു. 2019ലെ ഏകദിന ലോകകപ്പിന്റെ സെമിയില്‍ രണ്ടാമത് ബാറ്റ് ചെയ്താണ് ഇന്ത്യ തോറ്റത്. ടോസ് ഭാഗ്യം ലഭിച്ചാല്‍ ഇന്ത്യ ആദ്യം ബാറ്റുചെയ്യുന്നതാവും നന്നാവുക. മുംബൈയില്‍ 300ന് മുകളില്‍ സ്‌കോറിലേക്ക് ഇന്ത്യ എത്തിയാല്‍ മറികടക്കാന്‍ കിവീസ് പാടുപെടും.

ഇന്ത്യയുടെ ബൗളര്‍മാര്‍ ആദ്യ ഓവര്‍ മുതല്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നു. ജസ്പ്രീത് ബുംറ ആദ്യ ഓവറില്‍ വിക്കറ്റ് നേടാന്‍ മിടുക്കുകാട്ടുന്നു. ആദ്യ ഓവറില്‍ത്തന്നെ ബുംറ പിടിമുറക്കുമ്പോള്‍ പിന്നാലെയെത്തുന്ന മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയും ഈ സമ്മര്‍ദ്ദത്തെ നന്നായി ഉപയോഗിക്കുന്നു. കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും സ്പിന്നുകൊണ്ട് മധ്യ ഓവറുകളില്‍ നേട്ടമുണ്ടാക്കുന്നു. എന്നാല്‍ കിവീസ് നിസാരക്കാരുടെ നിരയല്ല. ബാറ്റുകൊണ്ടും പന്തുകൊണ്ടും ടീം മികവ് കാട്ടുന്നു.
സ്പിന്നിനെ നന്നായി നേരിടുന്ന ബാറ്റ്‌സ്മാന്‍മാരാണ് കിവീസിന്റേത്. അതുകൊണ്ടുതന്നെ സ്പിന്‍ കെണിയില്‍ ന്യൂസീലന്‍ഡിനെ പെടുത്തുക പ്രയാസം. ഇന്ത്യയുടെ ബാറ്റിങ് നിര ഗംഭീര ഫോമിലാണ്. മുംബൈയില്‍ മികച്ച അനുഭവസമ്പത്ത് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കുണ്ട്. അതുകൊണ്ടുതന്നെ ഇത് മുതലാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. രോഹിത് ശര്‍മ നല്‍കുന്ന വെടിക്കെട്ട് തുടക്കം ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്. ഗവാസ്‌കറും ഇക്കാര്യം ചൂണ്ടിക്കാട്ടി.
'രോഹിത് ശര്‍മ തന്റെ സ്വാഭാവിക ശൈലി സെമിയിലും മാറ്റാന്‍ യാതൊരു സാധ്യതയുമില്ല. ടൂര്‍ണമെന്റില്‍ ഇതുവരെ കളിച്ച അതേ ആക്രമണോത്സകത തുടര്‍ന്നേക്കും. വ്യക്തിഗത നേട്ടങ്ങളോ നാഴികക്കല്ലുകളോ അവന്‍ ശ്രദ്ധിക്കുന്നേയില്ല. ടീമിന്റെ വെടിക്കെട്ട് തുടക്കം നല്‍കുന്നതില്‍ മാത്രമാണ് അവന്‍ ശ്രദ്ധ നല്‍കുന്നത്. 10 ഓവറില്‍ രോഹിത് നല്‍കുന്ന ഗംഭീര തുടക്കമാണ് പിന്നീടുള്ള 40 ഓവറുകളില്‍ മറ്റുള്ളവര്‍ മുതലാക്കുന്നത്. അതുകൊണ്ടുതന്നെ ആദ്യത്തെ 10 ഓവര്‍ വളരെ നിര്‍ണ്ണായകമാണ്.
ശുബ്മാന്‍ ഗില്‍ രോഹിത്തിന് അനുയോജ്യനായ ഓപ്പണിങ് പങ്കാളിയാണ്. നന്നായി സ്‌ട്രോക്ക് ചെയ്ത് കളിക്കാന്‍ ഗില്ലിനും കഴിവുണ്ട്'- ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു. ടോസ് മത്സരത്തില്‍ നിര്‍ണ്ണായകമാവുമെന്ന് പറയാനാവില്ല. എന്തായാലും മികച്ച പോരാട്ടം സെമിയില്‍ പ്രതീക്ഷിക്കാം.