Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: ഇഷാന്‍ ഒരു കാര്യം ചെയ്യണം, എന്നാലേ രക്ഷപ്പെടൂ! ഡെക്കിനു പിറകെ ഉപദേശിച്ച് അക്തര്‍

ലോകകപ്പില്‍ മറക്കാന്‍ ആഗ്രഹിക്കുന്ന അരങ്ങേറ്റ മല്‍സരമായിരുന്നു ഇന്ത്യന്‍ യുവതാരം ഇഷാന്‍ കിഷന്‍ കളിച്ചത്. ചെപ്പോക്കില്‍ നടന്ന പോരാട്ടത്തില്‍ അഞ്ചു തവണ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയക്കെതിരേ ഓപ്പണറായി താരത്തിനു നറുക്കുവീണിരുന്നു. പക്ഷെ ഈ അവസരം ഇഷാന്‍ കളഞ്ഞുകുളിച്ചു. ഗോള്‍ഡന്‍ ഡെക്കായാണ് താരം പുറത്തായത്. ഇപ്പോഴിതാ ഇഷാനു നിര്‍ണായക ഉപദേശം നല്‍കിയിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഷുഐബ് അക്തര്‍. സ്വന്തം യൂട്യൂബ് ചാനലില്‍ കളിയെക്കുറിച്ച് വിശകലനം നടത്തുകയായിരുന്നു അദ്ദേഹം.

ശുഭ്മന്‍ ഗില്‍ ഡെങ്കിപ്പനിയെ തുടര്‍ന്നു പിന്‍മാറിയതോടെയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയായി ഇഷാന് തികച്ചും അപ്രതീക്ഷിതമായി ടീമിലേക്കു വിളിയെത്തിയത്. നേരത്തേ ഓപ്പണറായി ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറിയടക്കം നേടിയിട്ടുള്ള ഇഷാനില്‍ നിന്നും മികച്ചൊരു ഇന്നിങ്‌സ് ടീം പ്രതീക്ഷിച്ചിരുന്നു.

ISHAN KISHAN

പക്ഷെ അക്കൗണ്ട് തുറക്കാന്‍ പോലും താരത്തിനായില്ല. മിച്ചെല്‍ സ്റ്റാര്‍ക്കെറിഞ്ഞ ആദ്യ ഓവറില്‍ തന്നെ അലക്ഷ്യമായ ഷോട്ട് കളിച്ച് ഇഷാന്‍ വിക്കറ്റ് വലിച്ചെറിഞ്ഞു. ഓഫ് സ്റ്റംപിന് പുറത്തേക്കു പോയ ഒരു വൈഡ് ബോളില്‍ ആഞ്ഞുവീശിയ ഇഷാന്റെ ബാറ്റില്‍ എഡ്ജായ ബോള്‍ സ്ലിപ്പില്‍ കാമറൂണ്‍ ഗ്രീന്‍ അനായാസം പിടികൂടുകയായിരുന്നു.

ഇഷാന്‍ കിഷന്‍ കൂടുതല്‍ ക്ഷമയോടെ ബാറ്റ് ചെയ്യാന്‍ ശീലിക്കണമെന്നായിരുന്നു അക്തറിന്റെ ഉപദേശം. ഇഷാന്‍ ചെറുപ്പമാണ്, അതിന്റേതായ ആവേശം അവനുണ്ടാവും. പക്ഷെ ഈ ശൈലി ഒരു ബാറ്ററെന്ന നിലയില്‍ അവനെ അത്ര സഹായിക്കില്ല. കളിക്കളത്തിലെത്തിയാല്‍ സാഹചര്യം മനസ്സിലാക്കി ഇഷാന്‍ കളിക്കേണ്ടത് ആവശ്യമാണ്. പ്രായത്തിന്റേതായ ആക്രമണോത്സുകതയാണ് അവന്റേതെന്നെന്നു എനിക്കറിയാം.

ബൗളര്‍ക്കു മേല്‍ തന്റെ ആധിപത്യം തുടക്കത്തില്‍ തന്നെ സ്ഥാപിക്കാനാണ് അവന്‍ ആഗ്രഹിക്കുന്നത്. ഞാനിതാ വന്നുവെന്ന തരത്തില്‍ ഒരു ഇംപാക്ടുണ്ടാക്കാന്‍ ഇഷാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് അത്തരമൊരു അഗ്രസീവ് ഷോട്ടിനു അവന്‍ തുനിഞ്ഞത്. പക്ഷെ ഈ സമീപനം ഇഷാന്‍ മാറ്റിയെടുക്കണം. കുറേക്കൂടി ക്ഷമയും കാണിക്കേണ്ടതുണ്ടെന്നും അക്തര്‍ ഉപദേശിക്കുന്നു.

ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യയുടെ മാച്ച് വിന്നറായി മാറിയ വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലിന്റെ പ്രകടനത്തെ അക്തര്‍ വാനോളം പുകഴ്ത്തുകയും ചെയ്തു. ടീം മൂന്നു വിക്കറ്റിനു രണ്ടു റണ്‍സില്‍ നില്‍ക്കവെ രണ്ടാം ഓവറില്‍ തന്നെ നാലാമനായി രാഹുലിന് ക്രീസില്‍ ഇറങ്ങേണ്ടി വരികയായിരുന്നു.

ശ്രദ്ധയോടെ തുടങ്ങിയ അദ്ദേഹം മോശം ബോളുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്ത് ടീമിനെ മുന്നോട്ടു നയിക്കുകയായിരുന്നു. പുറത്താവാതെ 97 റണ്‍സാണ് രാഹുല്‍ അടിച്ചെടുത്തത്. പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തിയിരുന്നു.

AKHTAR

വളരെ പക്വതയുള്ള ഇന്നിങ്‌സായിരുന്നു രാഹുല്‍ കാഴ്ചവച്ചത്. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ കടുപ്പമേറിയ സാഹചര്യങ്ങളിലൂടെ അദ്ദേഹത്തിനു കടന്നു പോവേണ്ടതായി വന്നു. പക്ഷെ രാഹുല്‍ അതിനെ നന്നായി അതിജീവിക്കുകയും ചെയ്തു. മഞ്ഞവീഴ്ച കാരണം ബോളില്‍ ഈര്‍പ്പം വരികയും അതു ബാറ്റിലേക്കു നന്നായി വരാന്‍ ആരംഭിക്കുകയും ചെയ്ത ശേഷമായിരുന്നു രാഹുല്‍ തന്റെ സ്വതസിദ്ധമായ ഷോട്ടുകള്‍ കളിക്കാന്‍ ആരംഭിച്ചതെന്നും അക്തര്‍ വിലയിരുത്തി.

കളിയില്‍ ഇന്ത്യ ജയിക്കാനുള്ള ഒരേയൊരു കാരണം കെഎല്‍ രാഹുലാണെന്നു ഞാന്‍ കരുതുന്നു. 85 റണ്‍സെടുത്ത വിരാട് കോലിയും നന്നായി കളിച്ചെങ്കിലും രാഹുലിനെപ്പോലെ എതിരാളികള്‍ക്കു പുറത്താക്കാന്‍ അവസരങ്ങള്‍ നല്‍കാതിരുന്ന ഇന്നിങ്‌സായിരുന്നില്ല അത്.

മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായ ലീഗില്‍ പെടുത്താവുന്നയാളാണ് താനെന്നു രാഹുല്‍ ഈ കളിയില്‍ ലോകത്തിനു കാണിച്ചു തരികയായിരുന്നു. ഇന്ത്യന്‍ മധ്യനിരയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട താരം കൂടിയാണ് അദ്ദേഹമെന്നും അക്തര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, October 10, 2023, 6:37 [IST]
Other articles published on Oct 10, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+