മുംബൈ: ഏകദിന ലോകകപ്പിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം ഉണര്‍ന്നുകഴിഞ്ഞു. ഇത്തവണ ഇന്ത്യയിലാണ് ലോകകപ്പ് നടക്കുന്നത്. 2011ല്‍ ആതിഥേയരായപ്പോള്‍ കിരീടം ചൂടാന്‍ ഇന്ത്യക്കായിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ വലിയ പ്രതീക്ഷയിലാണ് ഇന്ത്യയുള്ളത്. 2011ലേതിന് സമാനമായി കരുത്തുറ്റ താരനിര ഇത്തവണ ഇന്ത്യക്കൊപ്പമുണ്ട്. രോഹിത് ശര്‍മ നയിക്കുമ്പോള്‍ കരുത്തുപകര്‍ന്ന് വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ജസ്പ്രീത് ബുംറ എന്നിവരെല്ലാമുണ്ടാവും.
ഇത്തവണ വലിയ പ്രതീക്ഷയിലാണ് ഇന്ത്യന്‍ ടീമെങ്കിലും കാര്യങ്ങള്‍ എളുപ്പമായിരിക്കില്ലെന്നുറപ്പ്. എതിരാളികളെല്ലാം ഇന്ത്യയില്‍ കളിച്ച് അനുഭവസമ്പത്തുള്ളവരായതിനാല്‍ ലോകകപ്പില്‍ ആതിഥേയരെന്ന നിലയില്‍ വലിയ മുന്‍തൂക്കം ടീമിന് അവകാശപ്പെടാനാവില്ല. ഇത്തവണ ലോകകപ്പില്‍ കരുത്തുകാട്ടാന്‍ കാത്തിരിക്കുന്ന താരങ്ങളില്‍ ഏറ്റവും മികച്ചവരായി മാറുക ആരൊക്കെയാവും?. ഇത്തവണ കസറാന്‍ സാധ്യതയുള്ള അഞ്ച് താരങ്ങളെ തിരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യയുടെ ശിഖര്‍ ധവാന്‍.
ഒന്നാമതായി വിരാട് കോലിയെയാണ് ധവാന്‍ തിരഞ്ഞെടുത്തത്. ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്നാണ് കോലിയെ ധവാന്‍ വിശേഷിപ്പിച്ചത്. റണ്‍സിനോട് വളരെ ആവേശം കാട്ടുന്ന ബാറ്റ്‌സ്മാനായ കോലി ലോകകപ്പില്‍ കസറുമെന്നാണ് ധവാന്‍ പറയുന്നത്. ഇത്തവണത്തെ ഏകദിന ലോകകപ്പ് കോലിയെ സംബന്ധിച്ചും വളരെ നിര്‍ണ്ണായകമാണ്. കാരണം കരിയറിന്റെ പ്രധാന ഘട്ടത്തിലൂടെയാണ് ഇപ്പോള്‍ കോലി കടന്ന് പോകുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹം മുന്നില്‍ നിന്ന് ടീമിനെ നയിക്കുമെന്നാണ് പ്രതീക്ഷ.
ഇന്ത്യയില്‍ കോലിയെപ്പോലെ മികച്ച റെക്കോഡ് മറ്റൊരു ബാറ്റ്‌സ്മാനുമില്ല. അതുകൊണ്ടുതന്നെ ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം തന്നെ അദ്ദേഹം കാഴ്ചവെക്കുമെന്ന് പ്രത്യാശിക്കാം. രണ്ടാമത്തെ താരമായി ഇന്ത്യയുടെ രോഹിത് ശര്‍മയെയാണ് ധവാന്‍ തിരഞ്ഞെടുത്ത്. ഒരു സമയത്ത് ഇന്ത്യയുടെ പ്രധാന ഓപ്പണര്‍മാരായിരുന്നു ധവാനും രോഹിത്തും. പരിമിത ഓവറില്‍ മികച്ച കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്.

ഐസിസി ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ റെക്കോഡാണ് ധവാനുള്ളത്. എന്നാല്‍ മോശം സ്‌ട്രൈക്ക് റേറ്റിന്റെ പേരില്‍ ധവാനെ ഇന്ത്യ ലോകകപ്പ് ടീമില്‍ നിന്ന് തഴയുകയായിരുന്നു. ധവാന് പകരം ശുബ്മാന്‍ ഗില്ലിനെയാണ് ഇന്ത്യ ഇപ്പോള്‍ ഓപ്പണര്‍ റോളില്‍ പിന്തുണക്കുന്നത്. മൂന്നാമതായി ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെയാണ് ധവാന്‍ തിരഞ്ഞെടുക്കുന്നത്. ഇടം കൈയന്‍ പേസറായ സ്റ്റാര്‍ക്ക് ഇന്ത്യയില്‍ കളിച്ച് മികച്ച റെക്കോഡ് സ്വന്തമാക്കിയിട്ടുള്ള താരമാണ്.
സ്റ്റാര്‍ക്കിന്റെ മിന്നല്‍ യോര്‍ക്കറുകളെ പേടിക്കാത്ത ബാറ്റ്‌സ്മാന്‍മാരില്ല. ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ക്കെല്ലാം സ്റ്റാര്‍ക്കിന്റെ ഇടം കൈ ബൗളിങ് വലിയ തലവേദന സൃഷ്ടിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. നാലാമതായി ധവാന്‍ തിരഞ്ഞെടുത്തത് അഫ്ഗാനിസ്ഥാന്റെ സൂപ്പര്‍ സ്പിന്നറായ റാഷിദ് ഖാനെയാണ്. റാഷിദിന്റെ സ്പിന്‍ ബൗളിങ് എല്ലാ ബാറ്റ്‌സ്മാന്‍മാരെയും വട്ടം കറക്കുന്നതാണ്. ഏഷ്യന്‍ പിച്ചുകളില്‍ സ്പിന്നിന് മുന്‍തൂക്കമുണ്ട്.
ഇന്ത്യന്‍ പിച്ചില്‍ സ്പിന്നര്‍മാര്‍ ശോഭിക്കുമെന്ന കാര്യം ഉറപ്പാണ്. അതുകൊണ്ടുതന്നെ റാഷിദ് ഖാന്റെ സ്പിന്‍ മികവ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് വലിയ തലവേദനയാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അഞ്ചാമതായി ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാദയെയാണ് ധവാന്‍ തിരഞ്ഞെടുത്തത്. അതിവേഗ പേസര്‍മാരിലൊരാളായ റബാദ മികച്ച റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ്. ഐപിഎല്ലിലൂടെ ഇന്ത്യന്‍ പിച്ചിലെ സാഹചര്യം റബാദക്ക് നന്നായി അറിയാം.
എക്‌സ്ട്രാ ബൗണ്‍സും പേസും അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് റബാദ. അതുകൊണ്ടുതന്നെ ലോകകപ്പില്‍ ശോഭിക്കാന്‍ റബാദക്കും സാധിച്ചേക്കും. ജസ്പ്രീത് ബുംറ പരിക്കിന്റെ ഇടവേളക്ക് ശേഷമാണ് മടങ്ങിയെത്തുന്നത്. അതുകൊണ്ടുതന്നെ പ്രകടനം എങ്ങനെയാവുമെന്നത് കണ്ടറിയണം. സ്പിന്നര്‍മാര്‍ കൂടുതല്‍ മികവ് കാട്ടുന്ന ലോകകപ്പായി വരാനിരിക്കുന്ന ലോകകപ്പ് മാറാനുള്ള സാധ്യതയുണ്ട്. എന്തായാലും കപ്പടിക്കാന്‍ ഏറ്റവും മികച്ച പോരാട്ടം പുറത്തെടുക്കേണ്ടി വരുമെന്നുറപ്പാണ്.