നാട്ടില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പ് ഇന്ത്യയുടെ ചില കളിക്കാര്‍ക്കു ദേശീയ ടീമിനൊപ്പം അവസാനത്തെ ഊഴം കൂടിയായേക്കും. കാരണം ടൂര്‍ണമെന്റിനു ശേഷം ടീമില്‍ ചില മാറ്റങ്ങള്‍ സംഭവിച്ചേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. മോശം ഫോമിലൂടെ കടന്നു പോയ്‌ക്കൊണ്ടിരിക്കുന്ന, ടീമിന് ബാധ്യതായി മാറിയ ചിലരെ ലോകകപ്പിനു പിന്നാലെ ഈ ഫോര്‍മാറ്റില്‍ നിന്നും ഇന്ത്യ ഒഴിവാക്കിയേക്കും.
ലോകകപ്പിനു ശേഷം മൂന്നു താരങ്ങള്‍ക്കായിരിക്കും ഇന്ത്യയുടെ ഏകദിന ടീമില്‍ സ്ഥാനം നഷ്ടമായേക്കുക. ഇവര്‍ ആരൊക്കെയാവുമെന്നു നമുക്കു പരിശോധിക്കാം. സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂറാണ് ഏകദിനത്തില്‍ ടീമില്‍ നിന്നും പേരു വെട്ടാനിടയുള്ള ഒരു താരം. സമീപകാലത്തു ഏകദിനത്തില്‍ ഇന്ത്യക്കു വേണ്ടി ബൗളിങില്‍ മോശമല്ലാത്ത പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള താരമാണ് അദ്ദേഹം. പക്ഷെ ടീം പ്രതീക്ഷിക്കുന്നതു കളിക്കളത്തില്‍ നല്‍കാന്‍ ശര്‍ദ്ദുലിനു സാധിക്കുന്നില്ല.

ബൗളിങില്‍ കൂട്ടുകെട്ടുകള്‍ തകര്‍ക്കുന്ന കാര്യത്തില്‍ മിടുക്കനാണെങ്കിലും ലക്കും ലഗാനുമില്ലാതെ റണ്‍സ് വാരിക്കോരി നല്‍കുന്നത് ശര്‍ദ്ദുലിന്റെ ഏറ്റവും വലിയ ദൗര്‍ബല്യമാണ്. ഈ കുറവ് പരിഹരിക്കാതെ ഇനി അദ്ദേഹത്തിനു മുന്നോട്ടു പോവുകയെന്നത് ദുഷ്‌കരം തന്നെയായിരിക്കും. ബാറ്റിങില്‍ വാലറ്റത്ത് മോശമല്ലാത്ത സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്ന ഒരൊറ്റ കാരണത്താലാണ് ശര്‍ദ്ദുല്‍ ലോകകപ്പിലും സ്ഥാനം നിലനിര്‍ത്തിയത്.
പക്ഷെ ബാറ്റിങില്‍ യാതൊരു സ്ഥിരതയും പുലര്‍ത്താന്‍ അദ്ദേഹത്തിനു സാധിക്കുന്നില്ല. എട്ടാം നമ്പറില്‍ ബാറ്റ് ചെയ്യാറുള്ള ശര്‍ദ്ദുല്‍ ടീമിനു വിശ്വസിക്കാവുന്ന താരമല്ല. അതുകൊണ്ടു തന്നെ ലോകകപ്പിനു ശേഷം അദ്ദേഹത്തെ ഒഴിവാക്കി ടീമിനു കുറേക്കൂടി വിശ്വസിക്കാവുന്ന മറ്റൊരാരാളെ ഇന്ത്യ വളര്‍ത്തിയെടുത്തേക്കും.
സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് ലോകകകപ്പിനു ശേഷം സ്ഥാനം നഷ്ടമായേക്കാവുന്ന രണ്ടാമത്തെ താരം. മാച്ച് വിന്നറായ ജഡ്ഡുവിനെ ഇന്ത്യ കൈവിടുമോയെന്നു പലരും സംശയിക്കുന്നുണ്ടാവും. പക്ഷെ ഏകദിനത്തില്‍ കുറച്ചു കാലമായി അദ്ദേഹം തികഞ്ഞ പരാജയമാണ്.
ബൗളിങില്‍ വിക്കറ്റുകള്‍ ലഭിക്കുന്നുണ്ടെങ്കിലും ജഡ്ഡു ബാറ്റിങ് മറന്ന മട്ടാണ്. കഴിഞ്ഞ 10 മാസത്തെ പ്രകടനം നോക്കിയാല്‍ ഏകദിനത്തില്‍ ഒരു ഫിഫ്റ്റി പോലും അദ്ദേഹം നേടിയിട്ടില്ല. ഈ വര്‍ഷം ഏകദിനത്തില്‍ 12 ഇന്നിങ്‌സുകളിലാണ് ജഡ്ഡു ബാറ്റ് ചെയ്തത്. ഇവയില്‍ നിന്നും 27 ശരാശിയില്‍ വെറും 189 റണ്‍സ് മാത്രമേ സ്‌കോര്‍ ചെയ്യാനായിട്ടുള്ളൂ.
അതുകൊണ്ടു തന്നെ ഈ ലോകകപ്പ് ജഡേജയെ സംബന്ധിച്ച വളരെ പ്രധാനപ്പെട്ടതാണ്. ബൗളിങിലും ബാറ്റിങിലും ടീമിനായി മികച്ച പ്രകടനങ്ങള്‍ നടത്തി അദ്ദേഹം തന്റെ കഴിവ് തെളിയിക്കേണ്ടത് ആവശ്യമാണ്. ജഡ്ഡുവിന് അതിനായില്ലെങ്കില്‍ ലോകകപ്പിനു ശേഷം അക്ഷര്‍ പട്ടേലിനു ഇന്ത്യ പ്രഥമ പരിഗണന നല്‍കിയേക്കുകയും ചെയ്യും.

വെറ്ററന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയാണ് ലോകകപ്പിനു പിന്നാലെ ഇന്ത്യന്‍ ടീമില്‍ സ്ഥാനം നഷ്ടമായേക്കാവുന്ന മൂന്നാമത്തെ താരം. ഏകദിനത്തില്‍ ഷമി ഇപ്പോള്‍ ടീമിലെ അവിഭാജ്യ ഘടകമല്ലെന്നു കാണാം. മുഹമ്മദ് സിറാജിന്റെ വളര്‍ച്ചയാണ് ഇതിനു കാരണം.
ഷമിയെ പിന്തള്ളി ഇന്ത്യയുടെ രണ്ടാമത്തെ ഫസ്റ്റ് ചോയ്‌സ് പേസറായി സിറാജ് മാറിക്കഴിഞ്ഞു. ജസ്പ്രീത് ബുംറയും സിറാജും കഴിഞ്ഞ മാത്രമാണ് ഇപ്പോൾ ഷമിയുടെ സ്ഥാനം. ലോകകപ്പിലും അധിക മല്‍സരങ്ങളില്‍ അദ്ദേഹത്തിനു അവസരം ലഭിക്കാനിടയില്ല.
ഓള്‍റൗണ്ടര്‍മാരായ ഹാര്‍ദിക് പാണ്ഡ്യയും ശര്‍ദ്ദുല്‍ ടാക്കൂറും പേസ് ബൗളിങ് കൈകാര്യം ചെയ്യുമെന്നതിനാല്‍ തന്നെ ഷമി ഇപ്പോള്‍ ഏകദിനത്തില്‍ ഒരു അധികപ്പറ്റായി മാറിയിരിക്കുകയാണ്. അതുകൊണ്ടു തന്നെ ലോകകപ്പിനു ശേഷം ഒരുപക്ഷെ ഷമിയെ ടെസ്റ്റില്‍ മാത്രമാവും ഇന്ത്യക്കൊപ്പം കണ്ടേക്കുക.