ഇന്ത്യയെ കരയിച്ച് ഓസ്‌ട്രേലിയ വീണ്ടുമൊരു ഏകദിന ലോകകപ്പില്‍ മുത്തമിട്ടപ്പോള്‍ അവരുടെ വീരനായകനായത് ഇടംകൈയന്‍ ഓപ്പണര്‍ ട്രാവിസ് ഹെഡായിരുന്നു. കിടിലന്‍ സെഞ്ച്വറിയുമായി അദ്ദേഹം ഏറെക്കുറെ തനിച്ചു തന്നെ ഇന്ത്യയുടെ കഥ കഴിക്കുകയായിരുന്നു. 120 ബോളില്‍ 15 ഫോറും നാലു സിക്‌സറുകളുമടക്കം ഹെഡ് അടിച്ചെടുത്തത് 137 റണ്‍സായിരുന്നു. ഫൈനലില്‍ പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹം തന്നെയായിരുന്നു.
ഓസീസിന്റെ വിജയശില്‍പ്പിയായി ഹെഡ് മാറിയപ്പോള്‍ അവരുടെ മുന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ നടത്തിയ ഒരു പ്രവചനം ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഏഴു വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു ഹെഡിനെക്കുറിച്ച് വോണ്‍ വമ്പന്‍ പ്രവചനം നടത്തിയത്. അദ്ദേഹത്തിന്റെ അന്നത്തെ നിരീക്ഷണം എത്ര മാത്രം കൃത്യമായിരുന്നുവെന്നു ഇപ്പോള്‍ വീണ്ടും തെളിഞ്ഞിരിക്കുകയാണ്.

ഒരു ക്രിക്കറ്ററെന്ന നിലയില്‍ ഞാന്‍ ട്രാവിസ് ഹെഡിന്റെ വലിയൊരു ഫാനാണ്. എല്ലാ ഫോര്‍മാറ്റുകളിലും ഓസ്‌ട്രേലിയയുടെ അടുത്ത സ്റ്റാറായി അദ്ദേഹം മാറുമെന്നു ഞാന്‍ വിശ്വസിക്കുന്നു. ഇങ്ങനെയായിരുന്നു 2016 ഡിസംബര്‍ ആറിനു ട്വിറ്ററില്‍ (എക്സ്) വോണ്‍ കുറിച്ചത്.
ഇതാദ്യമായല്ല ഫൈനല്‍ പോലെയൊരു വലിയ വേദിയില്‍ ഹെഡ് ഓസ്‌ട്രേലിയയുടെ രക്ഷകനായി മാറിയത്. ഈ വര്‍ഷം ജൂണില്‍ നടന്ന ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ കലാശക്കളിയിലും ഇന്ത്യയുടെ അന്തകനായി മാറിയത് അദ്ദേഹമായിരുന്നു. ഇംഗ്ലണ്ടിലെ ഓവലില്‍ നടന്ന കലാശപ്പോരില്‍ ഇന്ത്യയെ 209 റണ്‍സിനു മുക്കി ഓസീസ് ടെസ്റ്റിലെ കന്നി ലോക ചാംപ്യന്‍ പട്ടം സ്വന്തമാക്കിയപ്പോള്‍ ഹെഡായിരുന്നു പ്ലെയര്‍ ഓഫ് ദി മാച്ച്.
ആദ്യ ഇന്നിങ്‌സില്‍ അദ്ദേഹം അടിച്ചെടുത്ത 163 റണ്‍സായിരുന്നു മല്‍സരം ഇന്ത്യയില്‍ നിന്നും തട്ടിയെടുത്തത്. ഇപ്പോഴിതാ മാസങ്ങള്‍ക്കു ശേഷം വീണ്ടുമൊരു ഐസിസി ഫൈനലില്‍ ഇന്ത്യയുടെ കഥ കഴിച്ച് ബിഗ് മാച്ച് പ്ലെയറാണ് താനെന്നു ഹെഡ് തെളിയിച്ചിരിക്കുകയാണ്. അദ്ദേഹത്തെക്കുറിച്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് വോണ്‍ പറഞ്ഞത് വെറുതെയല്ലെന്നു ഇതിലൂടെ ഒന്നൂകൂടി ഉറപ്പാവുകയും ചെയ്തു.
ലോകകപ്പ് ഫൈനലില്‍ സെഞ്ച്വറിയടിച്ച മൂന്നാമത്തെ ഓസ്‌ട്രേലിയന്‍ താരമെന്ന റെക്കോര്‍ഡ് കഴിഞ്ഞ ദിവസം അദ്ദേഹത്തെ തേടിയെത്തിയിരുന്നു. ഇതിഹാസങ്ങളായ റിക്കി പോണ്ടിങ്, ആദം ഗില്‍ക്രിസ്റ്റ് എന്നിവര്‍ മാത്രമേ നേരത്തേ ലോകകപ്പ് ഫൈനലില്‍ ഓസീസിനു വേണ്ടി സെഞ്ച്വറി നേടിയിട്ടുള്ളൂ.
പരിക്കുകാരണം ഈ ലോകകപ്പിലെ ആദ്യത്തെ അഞ്ചു മല്‍സരങ്ങളും ഹെഡിനു നഷ്ടമായിരുന്നു. എന്നാല്‍ ന്യൂസിലാന്‍ഡിനെതിരേ ധര്‍മശാലയില്‍ നടന്ന മല്‍സരത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി അദ്ദേഹം തന്റെ മടങ്ങിവരവ് ആഘോഷിക്കുകയായിരുന്നു.

ലോകകപ്പില്‍ ഹെഡിന്റെ അരങ്ങേറ്റ മല്‍സരം കൂടിയായിരുന്നു ഇത്. ഫൈനലില്‍ മാത്രമല്ല സൗത്താഫ്രിക്കയ്‌ക്കെതിരേ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന സെമിയിലും ഓസീസിന്റെ വിജയശില്‍പ്പി ഹെഡായിരുന്നു. ദുഷ്‌കരമായ റണ്‍ചേസില്‍ 48 ബോളില്‍ 62 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്. ഈ കളിയിലും പ്ലെയര്‍ ഓഫ് ദി മാച്ചായത് ഹെഡായിരുന്നു.
ഇതോടെ ലോകകപ്പിന്റെ സെമി ഫൈനലിലും ഫൈനലിലും പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ എലൈറ്റ് താരങ്ങളുടെ ലിസ്റ്റിലും ഹെഡ് ഇടം പിടിച്ചിരിക്കുകയാണ്. നേരത്തേ ഇന്ത്യയുടെ മൊഹീന്ദര്‍ അമര്‍നാഥ് (1983), ശ്രീലങ്കയുടെ അരവിന്ദ ഡിസില്‍വ (1996), ഷെയ്ന്‍ വോണ്‍ (1999) എന്നിവര്‍ മാത്രമേ സെമിയിലും ഫൈനലിലും ഹീറോയായി മാറിയിട്ടുള്ളൂ.