കറാച്ചി: ഏകദിന ലോകകപ്പ് കിരീടം ഇന്ത്യ കൈവിട്ടതിന് പിന്നാലെ വലിയ വിമര്‍ശനങ്ങളും ചര്‍ച്ചകളും ഉയരുകയാണ്. ഇന്ത്യയുടെ തോല്‍വിയുടെ കാരണങ്ങളും ടീമില്‍ വേണ്ട മാറ്റങ്ങളേക്കുറിച്ചുമെല്ലാം ചര്‍ച്ചകള്‍ സജീവം. ഇന്ത്യയുടെ തോല്‍വിക്ക് പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടാനാവും. ഫൈനലിലെ മോശം ബാറ്റിങ്ങാണ് പ്രധാനമായും തിരിച്ചടിയായത്. സമ്മര്‍ദ്ദം ഇന്ത്യയെ കാര്യമായി ബാധിച്ചെന്ന് തന്നെ പറയാം. കപ്പ് നേടാനായില്ലെങ്കിലും ഇന്ത്യയുടെ മികച്ച ലോകകപ്പുകളിലൊന്നായിരുന്നു ഇത്തവണത്തേത്.
ഇന്ത്യ ഏറ്റവും ശക്തരായ ഓസ്‌ട്രേലിയയോടാണ് തോറ്റത്. ഇപ്പോഴിതാ ഇന്ത്യയുടെ തോല്‍വിക്ക് കാരണം അമിത ആത്മവിശ്വാസമാണെന്ന് വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ പാകിസ്താന്‍ ഓള്‍റൗണ്ടറും നായകനുമായ ഷാഹിദ് അഫ്രീദി. പാകിസ്താന്‍ ചാനലില്‍ സംസാരിക്കവെ അഫ്രീദി നടത്തിയ പരാമര്‍ശങ്ങള്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. 'തുടര്‍ച്ചയായി മത്സരങ്ങള്‍ ജയിക്കുമ്പോള്‍ ആത്മവിശ്വാസം വളരെ ഉയരത്തിലായിരിക്കും. ഇത് നമ്മളെ പിന്നോട്ടടിക്കും' എന്നാണ് അഫ്രീദി പറഞ്ഞത്.
ഇന്ത്യയുടെ തോല്‍വിക്ക് കാരണം അമിത ആത്മവിശ്വാസമാണെന്നാണ് അഫ്രീദി ചൂണ്ടിക്കാട്ടിയത്. ഈ വീഡിയോ പുറത്തുവന്നതിന് പിന്നാലെ വലിയ വിമര്‍ശനമാണ് അഫ്രീദിക്കെതിരേ ഇന്ത്യന്‍ ആരാധകര്‍ ഉയര്‍ത്തുന്നത്. അഫ്രീദി പാകിസ്താന്‍ ടീമിനെ ഉപദേശിക്കുകയും മികച്ച പ്രകടനത്തിലേക്കെത്തിക്കുകയും ചെയ്യാന്‍ ശ്രമിക്കൂ എന്നാണ് ആരാധകര്‍ പറയുന്നത്. ഫൈനലില്‍ നിര്‍ഭാഗ്യത്താല്‍ ഇന്ത്യ തോറ്റു. എന്നാല്‍ പാകിസ്താന് സെമി പോലും കളിക്കാനായിട്ടില്ല.
അഫ്രീദിയുടെ ഇന്ത്യ വിരോധമാണ് ഇത്തരത്തില്‍ പറയിക്കുന്നതെന്നും ഇന്ത്യയുടെ മികവിനെ അളക്കാന്‍ ആയിട്ടില്ലെന്നും ആരാധകര്‍ പറയുന്നു. ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ഇതുവരെ തോല്‍പ്പിക്കാന്‍ പാകിസ്താന് സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇന്ത്യയെ മറ്റുള്ളവര്‍ തോല്‍പ്പിക്കുന്നത് കണ്ട് പാകിസ്താന്‍ താരങ്ങള്‍ സന്തോഷിക്കുന്നതിനെ തെറ്റുപറയാനാവില്ലെന്നും ആരാധകര്‍ പറയുന്നു. ഇന്ത്യയുടെ തോല്‍വി പാകിസ്താന്‍ ആരാധകര്‍ ആഘോഷിക്കുന്നതിന്റെ വീഡിയോയും വൈറലായിരുന്നു.

ഇന്ത്യ ചരിത്ര കുതിപ്പാണ് ലോകകപ്പില്‍ നടത്തിയതെങ്കിലും ഫൈനലില്‍ കലമുടക്കുകയായിരുന്നു. ലീഗ് ഘട്ടത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചിരുന്നു. എന്നാല്‍ ഫൈനലില്‍ ഈ മികവ് ആവര്‍ത്തിക്കാനായില്ല. പിച്ചിനെ മനസിലാക്കുന്നതില്‍ ഇന്ത്യക്ക് തെറ്റുപറ്റി. പിച്ചിന്റെ സ്വഭാവത്തെക്കുറിച്ച് ക്യുറേറ്റര്‍ കൃത്യമായി പറഞ്ഞിരുന്നു. ആദ്യം പേസിനെ തുണക്കുന്ന പിച്ച് പതിയെ സ്ലോവാകുമെന്നാണ് ക്യുറേറ്റര്‍ പറഞ്ഞത്. ഇത് അതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു.
ഓസ്‌ട്രേലിയ ടോസ് നേടി ആദ്യം ബൗളിങ് തിരഞ്ഞെടുത്തപ്പോള്‍ പലരും വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഇതായിരുന്നു മികച്ച തീരുമാനം. വൈകുന്നേരത്തെ മഞ്ഞുവീഴ്ച കൃത്യമായി ഓസീസ് മനസിലാക്കി. മഞ്ഞുവീണതോടെ ഇന്ത്യന്‍ സ്പിന്നര്‍മാരുടെ തന്ത്രങ്ങള്‍ പാളി. ഓസ്‌ട്രേലിയക്ക് ബാറ്റിങ് അല്‍പ്പം എളുപ്പവുമായി. ഇന്ത്യക്ക് ഒരു ബൗളറുടെ കുറവുണ്ടായിരുന്നുവെന്ന് പറയാം. പന്ത് എറിയാന്‍ കഴിവുള്ള ബാറ്റ്‌സ്മാന്‍മാരുടെ അഭാവം ഇന്ത്യന്‍ ടീമിനെ ബാധിച്ചിട്ടുണ്ടെന്ന് പറയാം.
ഫൈനലില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവമാണ് ഇന്ത്യയെ ഏറ്റവും ബാധിച്ചത്. ഫിനിഷര്‍ റോളില്‍ സൂര്യകുമാര്‍ യാദവ് തീര്‍ത്തും നിരാശപ്പെടുത്തി. ലീഗ് ഘട്ടത്തില്‍ ഇന്ത്യയുടെ ടോപ് ഫൈവ് ബാറ്റ്‌സ്മാന്‍മാര്‍ ഗംഭീര പ്രകടനമാണ് നടത്തിയത്. എന്നാല്‍ ഫൈനലില്‍ ഈ മികവ് ആവര്‍ത്തിക്കാന്‍ ഇന്ത്യക്ക് സാധിക്കാതെ പോയി. രോഹിത് ശര്‍മ നിര്‍ണ്ണായക സമയത്ത് വിക്കറ്റ് വലിച്ചെറിഞ്ഞതും ഇന്ത്യക്ക് തിരിച്ചടിയായി മാറി. ശുബ്മാന്‍ ഗില്ലും ശ്രേയസ് അയ്യരും ഫൈനലില്‍ നിരാശപ്പെടുത്തി.
കിരീട ഫേവറേറ്റുകളെന്ന സമ്മര്‍ദ്ദം ഇന്ത്യക്കുണ്ടായിരുന്നു. അഹമ്മദാബാദിലെ ഒന്നര ലക്ഷത്തോളം കാണികള്‍ക്ക് മുന്നില്‍ ഇന്ത്യയെ സമ്മര്‍ദ്ദം വേട്ടയാടി. ഇത് ബാറ്റിങ്ങിലും ബാധിച്ചു. ഇതാണ് തോല്‍വിക്ക് കാരണമായി മാറിയത്. ഇടവേളക്ക് ശേഷം ഏകദിന ലോകകപ്പില്‍ മുത്തമിടാന്‍ ഇന്ത്യക്ക് ലഭിച്ച സുവര്‍ണ്ണാവസരമാണ് ഇപ്പോള്‍ നഷ്ടപ്പെടുത്തിയതെന്ന് നിസംശയം പറയാം.