ഏഷ്യാ കപ്പില്‍ നാലാം സ്ഥാനക്കാരായാണ് പാകിസ്താന് നാട്ടിലേക്ക് മടങ്ങേണ്ടി വന്നത്. പാകിസ്താനായിരുന്നു ആതിഥേയര്‍. വലിയ പ്രതീക്ഷകളോടെയെത്തിയ ടീമിന് ഇന്ത്യയോടും ശ്രീലങ്കയോടും പരാജയപ്പെടേണ്ടി വന്നു. പരിക്കും മഴയും പാകിസ്താന്റെ പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടിയായി. നാലാം സ്ഥാനക്കാരായി നാണംകെട്ട് പുറത്തായതിന് പിന്നാലെ പാകിസ്താന്റെ ഡ്രസിങ് റൂമില്‍ വെച്ച് താരങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു.
പാകിസ്താന്‍ നായകന്‍ ബാബര്‍ ആസമും പാക് പേസര്‍ ഷഹീന്‍ ഷാ അഫ്രീദിയും തമ്മിലാണ് വാക്കുതര്‍ക്കമുണ്ടായത്. ബാബര്‍ താരങ്ങളുടെ പ്രകടനത്തെ വിമര്‍ശിച്ചപ്പോള്‍ മികവ് കാട്ടിയവരെ അഭിനന്ദിക്കുന്നതിന് മടികാട്ടരുതെന്ന് ഷഹീന്‍ പറഞ്ഞു. എന്നാല്‍ ആരൊക്കെയാണ് നന്നായി കളിച്ചതെന്ന് എനിക്കറിയാമെന്നും ഇടക്കുകയറി സംസാരിക്കരുതെന്നും ഷഹീനോട് ബാബര്‍ പറഞ്ഞു. ഇത് വാക്കുതര്‍ക്കത്തിലേക്ക് നീങ്ങവെ മുഹമ്മദ് റിസ്വാന്‍ ഇടപെട്ടാണ് ഇവരെ ശാന്തരാക്കിയത്.
പാകിസ്താന്‍ ഡ്രസിങ് റൂമിലുണ്ടായ ഈ സംഭവം പുറത്താവുകയും ബാബറും ഷഹീനും തമ്മില്‍ ഉടക്കാണെന്ന വാര്‍ത്ത വലിയ ചര്‍ച്ചയാവുകയും ചെയ്തു. ഇപ്പോഴിതാ ബാബറുമായുള്ള ഉടക്കിനെ സംബന്ധിച്ചുള്ള എല്ലാ വാര്‍ത്തകള്‍ക്കും ഷഹീന്‍ തന്നെ പൂട്ടിട്ടിരിക്കുകയാണ്. ബാബറിനോടൊപ്പം വീട്ടില്‍ ഇരിക്കുന്ന ചിത്രം പങ്കുവെച്ച് കുടുംബം എന്ന പോസ്റ്റിട്ടാണ് ഷഹീന്‍ എല്ലാ ചര്‍ച്ചകള്‍ക്കും വിരാമമിട്ടത്. ഇരുവരും തമ്മില്‍ ഇപ്പോഴു അടുത്ത സുഹൃത് ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ടെന്ന് വ്യക്തം.
എന്നാല്‍ പാകിസ്താന്‍ ടീമിനുള്ളില്‍ ബാബര്‍ ആസമിനെതിരേ പടയൊരുക്കമുണ്ടെന്നതാണ് വസ്തുത. ബാബറിന്റെ ക്യാപ്റ്റനെന്ന നിലയിലെ പല തീരുമാനങ്ങളോടും സഹതാരങ്ങള്‍ക്ക് വിയോജിപ്പുണ്ട്. ഇത്തവണത്തെ ഏഷ്യാ കപ്പില്‍ നേപ്പാളിനെതിരായ ഗ്രൂപ്പുഘട്ടത്തിലെ സെഞ്ച്വറി മാറ്റിനിര്‍ത്തിയാല്‍ ബാബര്‍ ദുരന്തമായിരുന്നു. പ്രധാന മത്സരങ്ങളിലെല്ലാം അദ്ദേഹം ഫ്‌ളോപ്പായിരുന്നു. എന്നാല്‍ സ്വന്തം പിഴവ് മനസിലാക്കാതെ സഹതാരങ്ങളെ വിമര്‍ശിക്കാനാണ് ബാബര്‍ ശ്രമിച്ചത്. ഇതാണ് സഹതാരങ്ങളെ ചൊടിപ്പിച്ചത്.

മുഹമ്മദ് റിസ്വാന്‍ ബാബറിനെ പിന്തുണക്കുന്നുണ്ടെങ്കിലും ഷദാബ് ഖാനും ഷഹീനും ഹാരിസ് റഊഫുമെല്ലാം ബാബറിന് എതിരാണ്. ബാബറിനെ നായകസ്ഥാനത്ത് നിന്ന് മാറ്റാന്‍ പടയൊരുക്കം ടീമിനുള്ളില്‍ ശക്തമാണ്. ടീമിലെ താരങ്ങള്‍ക്ക് വേണ്ട പിന്തുണ ബാബര്‍ നല്‍കുന്നില്ലെന്ന വിമര്‍ശനവും സഹതാരങ്ങള്‍ക്കുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഷദാബ് ഖാനെ ഏകദിന ലോകകപ്പ് ടീമില്‍ നിന്ന് പാകിസ്താന്‍ തഴഞ്ഞേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
ഇത്തവണത്തെ ഏകദിന ലോകകപ്പ് പാകിസ്താനെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. ബാബര്‍ ആസമിന്റെ ഭാവി തീരുമാനിക്കുന്ന ലോകകപ്പായിരിക്കും ഇത്. മികച്ച പ്രകടനം പാകിസ്താന് കാഴ്ചവെക്കാന്‍ സാധിക്കാതെ പോയാല്‍ ബാബറിന്റെ ക്യാപ്റ്റന്‍സി തെറിച്ചേക്കുമെന്നാണ് വിവരം. ലോകകപ്പില്‍ വൈസ് ക്യാപ്റ്റനായി ഷഹീന്‍ എത്തിയേക്കുമെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല.
ബാബറിനെ സൂപ്പര്‍ താരമെന്ന് പാക് ആരാധകര്‍ വിശേഷിപ്പിക്കുമ്പോഴും പ്രധാന മത്സരങ്ങളില്‍ അദ്ദേഹം ഫ്‌ളോപ്പാണെന്നാണ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. സിംബാബ്‌വെ, ബംഗ്ലാദേശ് ഉള്‍പ്പെടെ ദുര്‍ബലരായ ടീമുകള്‍ക്കെതിരേയാണ് ബാബര്‍ കൂടുതല്‍ ശോഭിക്കുന്നത്. ഈ ചീത്തപ്പേര് മാറ്റാന്‍ ഏകദിന ലോകകപ്പില്‍ ബാബര്‍ തിളങ്ങേണ്ടതായുണ്ട്. അതിന് ബാബറിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. താരത്തിന്റെ തലവര മാറ്റുന്ന ലോകകപ്പായിരിക്കും വരാനിരിക്കുന്നത്.
ഏഷ്യാ കപ്പിലെ തോല്‍വിക്ക് പിന്നാലെ ബാബറിനെതിരേ വലിയ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഇൗ സമയത്ത് പാകിസ്താന്റെ പല പ്രമുഖരും ബാബറിനെ പിന്തുണച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. മുന്‍ പാക് താരവും ഇതിഹാസവും ഇതിഹാസവുമായ ജാവേദ് മിയാന്‍ദാദ് ബാബറിനെ മാത്രം വിമര്‍ശിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നത് ശരിയല്ലെന്നും ടീം എന്ന നിലയില്‍ തോല്‍വിക്ക് എല്ലാവരും ഉത്തരവാദികളാണെന്നുമാണ് പറഞ്ഞത്. എന്തായാലും ബാബറിന് മുന്നോട്ടുള്ള യാത്ര എളുപ്പമാകില്ലെന്നുറപ്പ്.