കൊല്‍ക്കത്ത: ലോകകപ്പില്‍ സൗത്താഫ്രിക്കയുമായുള്ള പോരാട്ടത്തില്‍ 49ാം ഏകദിന സെഞ്ചറിയുമായി വിരാട് കോലി ചരിത്രം കുറിച്ചെങ്കിലും ഈ ഇന്നിങ്‌സിനെതിരേ രൂക്ഷ വിമര്‍ശനം. ടീമിനു വേണ്ടി കളിക്കാതെ വ്യക്തിഗത നേട്ടങ്ങള്‍ക്കാണ് കോലിയുടെ പ്രഥമ പരിഗണനയെന്നു വീണ്ടും തെളിഞ്ഞുവെന്നാണ് ആരാധകരില്‍ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. ഇത്രയും സ്വാര്‍ഥമായ ഇന്നിങ്‌സ് മുമ്പ് കണ്ടിട്ടില്ലെന്നും പലരും കോലിക്കെതിരേ ആഞ്ഞടിച്ചു.
പുറത്താവാതെ 101 റണ്‍സാണ് അദ്ദേഹം സകോര്‍ ചെയ്തത്. 121 ബോളുകള്‍ നേരിട്ട കോലിയുടെ ഇന്നിങ്‌സില്‍ വെറും 10 ഫോറുകള്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. എങ്ങനെയെങ്കിലും 49ാം സെഞ്ച്വറിയുമായി ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ലോക റെക്കോര്‍ഡിനൊപ്പമെത്താനാണ് കോലി ശ്രമിച്ചതെന്നു സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ആരോപിക്കുകയാണ്.

പാകിസ്താന്‍ ടീമിന്റെ ആരാധകരും കോലിയെ വിമര്‍ശിച്ചും പരിഹസിച്ചുമെല്ലാം രംഗത്തു വന്നിട്ടുണ്ട്. ബാബര്‍ ആസമാണ് ഇത്തരമൊരു ഇന്നിങ്‌സ് കളിച്ചതെങ്കില്‍ സെല്‍ഫിഷ് ഇന്നിങ്‌സെന്നായിരിക്കും എല്ലാവരും പറയുക. പക്ഷെ ഇതു വിരാട് കോലിയായതു കൊണ്ട് ആരും ഒന്നും മിണ്ടില്ല.
അവസാനത്തെ 10 ഓവറുകളില്‍ വെറും രണ്ടു ഫോറുകളാണ് കോലി നേടിയത്. സെഞ്ച്വറിക്കു വേണ്ടി മാത്രമാണ് അദ്ദേഹം കളിച്ചതെന്നു ഇതില്‍ നിന്നും വ്യക്തമാണെന്നും ആരാധകര്‍ വിമര്‍ശിച്ചു.
ഇന്ത്യയുടെ മാത്രമല്ല ലോകം കണ്ട എക്കാലത്തെയും സ്വാര്‍ഥനായ ക്രിക്കറ്റര്‍മാരില്‍ ഒരാളാണ് വിരാട് കോലി. വ്യക്തിഗത നേട്ടങ്ങള്‍ക്കായി മറ്റുളളവരോടു യാചിക്കാന്‍ പോലും അദ്ദേഹത്തിനു മടിയില്ല. ഈ ലോകകപ്പില്‍ ഇതിനകം തന്നെ സെഞ്ച്വറിക്കു വേണ്ടി ടീമംങ്ങളോടു കോലി കെഞ്ചുന്നത് നമ്മള്‍ കണ്ടിട്ടുള്ളതാണ്.
രോഹിത് ശര്‍മയും എംഎസ് ധോണിയുമൊന്നും ഇങ്ങനെയല്ല. വ്യക്തിഗത നേട്ടങ്ങളേക്കാള്‍ ടീമിനു ഗുണം ചെയ്യുന്ന ഇന്നിങ്‌സുകള്‍ കളിക്കാനാണ് ഇവര്‍ ശ്രമിച്ചിട്ടുള്ളതെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.
സെഞ്ച്വറിക്കു വേണ്ടി നിരവധി ബോളുകളും ഓവറുകളുമാണ് വിരാട് കോലി ഈ മല്‍സരത്തില്‍ പാഴാക്കിയത്. സെഞ്ച്വറിക്കു വേണ്ടി കളിക്കാതെ കുറേക്കൂടി അഗ്രസീവായി അദ്ദഹം സ്‌കോര്‍ ചെയ്തിരുന്നെങ്കില്‍ ഇതിനേക്കാള്‍ വലിയ ടോട്ടല്‍ (ആറിന് 326) പടുത്തുയര്‍ത്താന്‍ ഇന്ത്യക്കു സാധിക്കുമായിരുന്നു. ഈ മല്‍സരത്തില്‍ ഇന്ത്യ തോല്‍ക്കുകയാണെങ്കില്‍ പൂര്‍ണ ഉത്തരവാദിത്വം കോലിക്കു തന്നെ ആയിരിക്കുമെന്നതില്‍ സംശയമില്ലെന്നും ആരാധകര്‍ കുറ്റപ്പെടുത്തി.

വിരാട് കോലിയുടെ റെക്കോര്‍ഡ് സെഞ്ച്വറിയേക്കാള്‍ മൂല്യമുള്ളത് രോഹിത് ശര്‍മ 24 ബോളില്‍ നേടിയ 40 റണ്‍സിനാണ്. കാരണം സൗത്താഫ്രിക്കയെ തുടക്കത്തില്‍ തന്നെ ബാക്ക് ഫൂട്ടിലാക്കിയത് അദ്ദേഹത്തിന്റെ ഈ കടന്നാക്രമണമാണ്. പക്ഷെ പലപ്പോഴും കാണികളുടെ ക്ഷമ പരീക്ഷിക്കുന്നതായിരുന്നു കോലിയുടെ ഇന്നിങ്‌സ്.
സെഞ്ച്വറി എങ്ങനെയെങ്കിലും തികയ്ക്കാന്‍ റിസ്‌ക്കുള്ള ഒരു ഷോട്ടും അദ്ദേഹം കളിച്ചില്ല. സെഞ്ച്വറി കോലിയെ മാത്രം സന്തോഷിപ്പിക്കുമ്പോള്‍ ആരാധര്‍ക്കു നിരാശയും രോഷവുമാണുള്ളതെന്നും ആരാധകര്‍ തുറന്നടിച്ചു.
അതേസമയം, തുടര്‍ച്ചയായ എട്ടാം ജയം ലക്ഷ്യമിടുന്ന ഇന്ത്യ 327 റണ്‍സിന്റെ വിജയലക്ഷ്യമാണ് സൗത്താഫ്രിക്കയ്ക്കു നല്‍കിയിരിക്കുന്നത്. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ അഞ്ചു വിക്കറ്റിനു 326 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. കോലിയുടെ സെഞ്ച്വറിക്കൊപ്പം ശ്രേയസ് അയ്യരുടെ (77) ഫിഫ്റ്റിയും ഇന്ത്യക്കു കരുത്തായി. 87 ബോളില്‍ ഏഴു ഫോറും രണ്ടു സിക്‌സുമുള്‍പ്പെട്ടതായിരുന്നു ശ്രേയസിന്റെ ഇന്നിങ്‌സ്.