നാലുവര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് വീണ്ടും ഏകദിന ലോകകപ്പ് വരികയാണ്. ഒക്ടോബര്‍ 5നാണ് വിശ്വകിരീട പോരാട്ടത്തിന് ആരംഭമാവുന്നത്. 2011ന് ശേഷം ഇന്ത്യ വേദിയാവുന്ന ആദ്യത്തെ ഏകദിന ലോകകപ്പാണ് വരാനിരിക്കുന്നത്. അവസാന രണ്ട് ലോകകപ്പിലും ആതിഥേയരായവര്‍ കപ്പുയര്‍ത്തിയതായാണ് കാണാനാവുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യക്കും ഇത്തവണ വലിയ കിരീട പ്രതീക്ഷയാണുള്ളത്. ഏഷ്യാ കപ്പില്‍ ഇന്ത്യ കിരീടം നേടിയിരുന്നു.
ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയും ഇന്ത്യ സ്വന്തമാക്കി. അതുകൊണ്ടുതന്നെ കിരീടത്തിലേക്കെത്താനുള്ള സാധ്യതയും വളരെ കൂടുതലാണ്. സമീപകാലത്തെ ഇന്ത്യയുടെ ഫോം ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. നിലവില്‍ ഇന്ത്യയുടെ പ്രധാന താരങ്ങളെല്ലാം ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ പരിക്കിന്റെ പിടിയിലുള്ള അക്ഷര്‍ പട്ടേലിന് ലോകകപ്പ് നഷ്ടമാവാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. ചരിത്രം പരിശോധിച്ച് പ്രധാനപ്പെട്ട ഐസിസി ടൂര്‍ണമെന്റുകള്‍ പരിക്കുമൂലം നഷ്ടമായ ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്നറിയാം.
ഇന്ത്യക്കായി ഒരു ലോകകപ്പ് പോലും കളിക്കാന്‍ ഭാഗ്യമില്ലാതെ പോയ താരമാണ് ഇഷാന്ത് ശര്‍മ. സ്വിങ് പേസറായിരുന്ന ഇഷാന്ത് 2013ലെ ചാമ്പ്യന്‍സ് ട്രോഫി കിരീടം ഇന്ത്യയുടെ അലമാരയിലെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ്. 2015ലെ ഏകദിന ലോകകപ്പില്‍ ഇഷാന്ത് പരിഗണിക്കപ്പെടുമായിരുന്നു. എന്നാല്‍ കൃത്യ സമയത്ത് പരിക്ക് പണികൊടുത്തതോടെ അദ്ദേഹത്തിന് ഈ ലോകകപ്പ് സീറ്റ് നഷ്ടമാവുകയായിരുന്നു.
രണ്ടാമത്തെ താരം പ്രവീണ്‍ കുമാറാണ്. ന്യൂബോളില്‍ ഗംഭീരമായ സ്വിങ്ങുമായി വിസ്മയിപ്പിക്കുന്ന പ്രവീണ്‍ കുമാര്‍ മോശമല്ലാത്ത രീതിയില്‍ ബാറ്റുചെയ്യുന്ന താരം കൂടിയാണ്. 2011ലെ ഏകദിന ലോകകപ്പിനുള്ള ടീമില്‍ പ്രവീണ്‍ കുമാറും ഇടം പിടിക്കേണ്ടതായിരുന്നു. ധോണിയുടെ വിശ്വസ്തരായ ബൗളര്‍മാരിലൊരാളായിരുന്നു പ്രവീണ്‍. എന്നാല്‍ കാല്‍മുട്ടിന് പരിക്കേറ്റതോടെ പ്രവീണിന് പകരം എസ് ശ്രീശാന്തിനെ ഇന്ത്യ ടീമിലേക്ക് പരിഗണിക്കുകയായിരുന്നു.

മൂന്നാമത്തെ താരം റിഷഭ് പന്താണ്. വരാനിരിക്കുന്ന ലോകകപ്പിലെ ഇന്ത്യയുടെ എക്‌സ് ഫാക്ടര്‍ താരമായിരുന്നു റിഷഭ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനില്‍ വലിയ പ്രതീക്ഷയായിരുന്നു ഇന്ത്യക്കുണ്ടായിരുന്നത്. എന്നാല്‍ ഇന്ത്യയുടേയും ആരാധകരുടേയും എല്ലാ പ്രതീക്ഷകളും തെറ്റിച്ചാണ് 2022 ഡിസംബര്‍ 30നാണ് റിഷഭ് കാര്‍ അപകടത്തില്‍പ്പെടുന്നത്. ഗുരുതരമായി പരിക്കേറ്റ താരം ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതേയുള്ളൂ. ഇതോടെ ലോകകപ്പിന്റെ ടിക്കറ്റും റിഷഭിന് നഷ്ടമായി.
ഇന്ത്യയുടെ സ്റ്റാര്‍ പേസറായ ജസ്പ്രീത് ബുംറ നീണ്ട ഇടവേളക്ക് ശേഷം കഴിഞ്ഞിടെയാണ് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയത്. ഇത്തവണത്തെ ഏകദിന ലോകകപ്പ് ബുംറ കളിക്കുമെന്നുറപ്പാണ്. എന്നാല്‍ 2022ലെ ടി20 ലോകകപ്പ്, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ എന്നിവയെല്ലാം ബുംറക്ക് നഷ്ടമായിരുന്നു. പുറത്തിനേറ്റ പരിക്കാണ് ബുംറക്ക് തിരിച്ചടിയായത്. ഇത്തവണ ഇതിന്റെയെല്ലാം ക്ഷീണം തീര്‍ക്കുന്ന തകര്‍പ്പന്‍ പ്രകടനമാണ് ബുംറയില്‍ നിന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
വീരേന്ദര്‍ സെവാഗിനേയും പരിക്ക് ചതിച്ചിട്ടുണ്ട്. 2010ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സെവാഗിനും ഇടമുണ്ടായിരുന്നു. എന്നാല്‍ തോളിനേറ്റ പരിക്കിനെത്തുടര്‍ന്ന് സെവാഗിന് ലോകകപ്പ് നഷ്ടമായി. പകരം മുരളി വിജയിയെ ഇന്ത്യ ടീമിലെടുത്തു. 2007ലെ ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും നേടിയ ഇന്ത്യന്‍ ടീമിലെ അംഗമായിരുന്നു സെവാഗ്. വെടിക്കെട്ട് ഓപ്പണറായിരുന്ന സെവാഗ് പന്തുകൊണ്ടും ടീമിന് ഉപകാരിയായിരുന്നു.
ഇത്തവണത്തെ ലോകകപ്പിന് മുമ്പ് അക്ഷര്‍ പട്ടേല്‍ മാത്രമാണ് ഇന്ത്യക്ക് തലവേദനയാവുന്നത്. അക്ഷറിന് പകരം ആര്‍ അശ്വിനെ ഇന്ത്യ കളിപ്പിച്ചേക്കും. ഓസീസ് പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനമാണ് അശ്വിന്‍ കാഴ്ചവെക്കുന്നത്. നിലവിലെ ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ വലം കൈയന്‍ സ്പിന്നറെ ഉള്‍പ്പെടുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ഇന്ത്യ അശ്വിനെ പരിഗണിക്കാനാണ് സാധ്യത. 27നാണ് മാറ്റങ്ങളോടെ ലോകകപ്പ് ടീം പ്രഖ്യാപിക്കാനുള്ള അവസാന തീയ്യതി. ഇന്ത്യ എന്തൊക്കെ മാറ്റം വരുത്തുമെന്ന് കണ്ടറിയാം.