World Cup 2023: ഇന്ത്യ സഞ്ജുവിന്റെ വില അറിഞ്ഞു! സൂര്യ ലോക ദുരന്തം- ഇനി കളിപ്പിക്കരുത്
അഹമ്മദാബാദ്: ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച നേരിട്ടിരിക്കുകയാണ്. സെമിയിലടക്കം വമ്പന്‍ സ്‌കോര്‍ നേടിയ ഇന്ത്യക്ക് ഫൈനലില്‍ 240 റണ്‍സാണ് നേടാനായത്. അച്ചടക്കത്തോടെ ഓസീസ് നിര പന്തെറിഞ്ഞപ്പോള്‍ ഇന്ത്യയുടെ പേരുകേട്ട ബാറ്റ്‌സ്മാന്‍മാരെല്ലാം നിരാശപ്പെടുത്തി പുറത്താവുകയായിരുന്നു. ഇതില്‍ ഏറ്റവും വിമര്‍ശനം കേള്‍ക്കുന്ന താരങ്ങളിലൊരാള്‍ സൂര്യകുമാര്‍ യാദവാണ്.
ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ ഇന്ത്യ ഫിനിഷര്‍ റോളില്‍ കളിപ്പിച്ച സൂര്യ 28 പന്ത് നേരിട്ട് 18 റണ്‍സാണ് ഫൈനലില്‍ നേടിയത്. ഒരു ബൗണ്ടറിയാണ് അദ്ദേഹത്തിന് ആകെ നേടാനായത്. അവസാന ഓവറുകളില്‍ സൂര്യകുമാറിന്റെ ബാറ്റിങ് വെടിക്കെട്ടും സൂപ്പര്‍ ഫിനിഷിങ്ങും പ്രതീക്ഷിച്ചിരുന്നെങ്കിലും ജോഷ് ഹെയ്‌സല്‍വുഡിന്റെ സ്ലോ ബൗണ്‍സറില്‍ വിക്കറ്റ് കീപ്പര്‍ ജോഷ് ഇന്‍ഗ്ലിസിന് ക്യാച്ച് നല്‍കിയാണ് സൂര്യ പുറത്തായത്. പ്രതീക്ഷകള്‍ വാനോളമായിരുന്നെങ്കിലും ദുരന്തമായാണ് സൂര്യയുടെ മടക്കം.
ഇതോടെ വലിയ വിമര്‍ശനം സൂര്യക്കെതിരേ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉയരുകയാണ്. സൂര്യയുടെ കരുത്ത് മനസിലാക്കിയ ഓസീസ് സ്ലോ ബോളെറിഞ്ഞാണ് വെടിക്കെട്ട് ബാറ്ററെ കുടുക്കിയത്. സൂര്യക്ക് ഏകദിനം ചേരില്ലെന്നും ഇന്ത്യ സഞ്ജു സാംസണിന്റെ വില മനസിലാക്കിയെന്നുമാണ് ആരാധകര്‍ പറയുന്നത്. സഞ്ജുവിനെ തഴഞ്ഞ് ഏകദിനത്തില്‍ മോശം റെക്കോഡുള്ള സൂര്യകുമാറിനെ കളിപ്പിച്ചതിന്റെ തിരിച്ചടിയാണ് ഇന്ത്യ നേരിടുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.
മുംബൈ ലോബിയുടെ താല്‍പര്യം ഇന്ത്യന്‍ ടീമില്‍ നടപ്പിലാക്കുമ്പോള്‍ ഇത്തരം വലിയ തിരിച്ചടികള്‍ നേരിടേണ്ടി വന്നാലും തെറ്റുപറയാനാവില്ലെന്നും ആരാധകര്‍ പറയുന്നു. ഏകദിനത്തില്‍ സൂര്യ വളരെ മോശം റെക്കോഡുള്ള താരമാണ്. എന്നിട്ടും ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയവര്‍ ഇപ്പോള്‍ ഉത്തരം പറയണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു. സൂര്യയില്‍ നിന്ന് വലിയ പ്രകടനം ടീം മാനേജ്‌മെന്റ് പ്രതീക്ഷിച്ചിരുന്നു. ഫൈനലില്‍ സൂര്യയെ പുറത്തിരുത്തി അശ്വിനെ കളിപ്പിക്കുമെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു.

എന്നാല്‍ സൂര്യയെ നിലനിര്‍ത്താന്‍ രോഹിത് ശര്‍മ തീരുമാനിക്കുകയായിരുന്നു. മുംബൈ ഇന്ത്യന്‍സ് ടീമിനോട് രോഹിത് കാട്ടുന്ന സ്‌നേഹത്തിന്റെ പരിണിത ഫലമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നതെന്നും ആരാധകര്‍ പറയുന്നു. സൂര്യകുമാര്‍ യാദവ് ലോകകപ്പില്‍ ഏഴ് മത്സരത്തില്‍ നിന്ന് നേടിയത് 106 റണ്‍സാണ്. 17 ശരാശരിയും 101 സ്‌ട്രൈക്ക് റേറ്റുമാണ് സൂര്യക്കുള്ളത്. സഞ്ജുവുണ്ടായിരുന്നെങ്കില്‍ ഇതിലും മികച്ച പ്രകടനം കാഴ്ചവെക്കുമായിരുന്നുവെന്നും ആരാധകര്‍ പറയുന്നു.
11 ഏകദിനത്തില്‍ നിന്ന് 56ന് മുകളില്‍ ശരാശരിയില്‍ 339 റണ്‍സാണ് സഞ്ജു നേടിയത്. 101ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റും സഞ്ജുവിനുണ്ട്. രണ്ട് അര്‍ധ സെഞ്ച്വറിയും അദ്ദേഹം നേടി. അതേ സമയം 23.8 ശരാശരിയില്‍ 476 റണ്‍സാണ് സൂര്യയുടെ ഏകദിനത്തിലെ സമ്പാദ്യം. സ്‌ട്രൈക്ക് റേറ്റ് 100.4 ആണ്. രണ്ട് തവണയാണ് ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടിയത്. ഇന്ത്യയുടെ ഫ്രീ വിക്കറ്റാണ് സൂര്യകുമാര്‍ യാദവെന്നും രോഹിത്താണ് സൂര്യയുടെ മോശം പ്രകടനത്തിന് ഉത്തരം പറയേണ്ടതെന്നും ആരാധകര്‍ പറയുന്നു.
ടി20യില്‍ സൂര്യകുമാറിന്റെ പ്രകടനം പകരംവെക്കാനാവാത്തതാണ്. ഇന്ത്യയുടെ ബെസ്റ്റ് ടി20 പ്ലയര്‍ സൂര്യകുമാറാണെന്ന് പറയാം. എന്നാല്‍ ഏകദിനത്തില്‍ സൂര്യ ദുരന്തമാണെന്ന് ഇനിയെങ്കിലും തിരിച്ചറിയണെന്നും അര്‍ഹതയുള്ള താരങ്ങള്‍ക്ക് അവസരം നല്‍കാന്‍ തയ്യാറാകണമെന്നുമാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. എന്തായാലും സൂര്യയുടെ പ്രകടനത്തിനെതിരേ രൂക്ഷ വിമര്‍ശനമാണുയരുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications