ടീം ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും വലിയ അഗ്നിപരീക്ഷയാണ് ഈ വര്‍ഷം നാട്ടില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പ്. ടൂര്‍ണമെന്റ് സ്വന്തം കാണികള്‍ക്കു മുന്നിലായതിനാല്‍ ഇന്ത്യക്കു എന്തു വില കൊടുക്കും കിരീടം നേടിയേ തീരൂ. അതിനു കഴിഞ്ഞില്ലെങ്കില്‍ കോച്ച് മുതല്‍ ക്യാപ്റ്റന്‍ വരെ പലരുടെയും തലകള്‍ തെറിക്കും. അതിനാല്‍ കടുത്ത സമ്മര്‍ദ്ദത്തോടെയായിരിക്കും രാഹുല്‍ ദ്രാവിഡും രോഹിത് ശര്‍മയും ഈ ടൂര്‍ണമെന്റില്‍ ഇറങ്ങുക.
സമീപകാലത്തെ വലിയ ടൂര്‍ണമെന്റുകളെടുക്കുകയാണെങ്കില്‍ എല്ലാ രാജ്യങ്ങളും പ്രധാന ടീമിനെ കൂടാതെ ഒരു സ്റ്റാന്റ്‌ബൈ ലിസ്റ്റിനെയും പ്രഖ്യാപിക്കുന്നതായി കാണാന്‍ സാധിക്കും. പ്രധാന താരങ്ങള്‍ക്കു പകരം വയ്ക്കാന്‍ ശേഷിയുള്ള മികച്ച കളിക്കാര്‍ തന്നെയാണ് ബാക്കപ്പായി ഈ ലിസ്റ്റില്‍ ഇടം പിടിക്കാറുള്ളത്. വരാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യയും സ്റ്റാന്‍ഡ് ബൈ ലിസ്റ്റിലെ പ്രഖ്യാപിക്കുമെന്നുറപ്പാണ്.

ലോകകപ്പില്‍ ഇന്ത്യയുടെ സ്റ്റാന്റ്‌ബൈ ലിസ്റ്റില്‍ ഇടം പിടിക്കാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാവുമെന്നു നോക്കാം. കര്‍ണാടകയില്‍ നിന്നുള്ള വലംകൈയന്‍ ഫാസ്റ്റ് പ്രസിദ്ധ് കൃഷ്ണയാണ് ബാക്കപ്പ് ലിസ്റ്റില്‍ ഇടം പിടിക്കാന്‍ സാധ്യതയുളള ഒരു താരം. പരിക്കു കാരണം മാസങ്ങളോളം പുറത്തായിരുന്ന പ്രസിദ്ധ് ഫിറ്റ്‌നസ് വീണ്ടെടുത്ത ശേഷം അയര്‍ലാന്‍ഡിനെതിരേ നടക്കാനിരിക്കുന്ന ടി20 പരമ്പരയിലൂടെ തിരിച്ചുവരവിനൊരുങ്ങുകയാണ്.
ഇന്ത്യക്കു വേണ്ടി നേരത്തേ ഏകദിനത്തില്‍ കളിക്കുകയും മികച്ച പ്രകടനങ്ങള്‍ നടത്തുകയും ചെയ്തിട്ടുള്ള താരമാണ് പ്രസിദ്ധ്. ഏകദിനത്തില്‍ ദേശീയ ടീമിനു വേണ്ടി 14 മല്‍സരങ്ങളില്‍ നിന്നും 25 വിക്കറ്റുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്.
പക്ഷെ കഴിഞ്ഞ വര്‍ഷം ആഗസ്റ്റിനു ശേഷം ഏകദിനത്തില്‍ പ്രസിദ്ധിനു കളിക്കാനായിട്ടില്ല. തന്റെ ഉയരം നന്നായി പ്രയോജനപ്പെടുത്തി ബൗള്‍ ചെയ്യാന്‍ മിടുക്കനാണ് അദ്ദേഹം. ബൗളിങിലെ വേരിയേഷനുകളും പ്രസിദ്ധിനെ സ്‌പെഷ്യലാക്കി മാറ്റുന്നു.
മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണാണ് ഇന്ത്യയുടെ സ്റ്റാന്റ്‌ബൈ ലിസ്റ്റില്‍ ഇടം പിടിക്കാന്‍ സാധ്യതയുള്ള രണ്ടാമത്തെ താരം. കെഎല്‍ രാഹുല്‍ ഫിറ്റ്‌നസ് വീണ്ടെടുക്കുകയാണെങ്കില്‍ ലോകകപ്പിനുള്ള പ്രധാന ടീമിലേക്കു അദ്ദേഹത്തെ പരിഗണിക്കാന്‍ സാധ്യതയില്ല. രാഹുല്‍ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറാവുമ്പോള്‍ ഇഷാന്‍ കിഷനായിരിക്കും ബാക്കപ്പ്.

എന്നാല്‍ മധ്യനിരയിലെ ഏതെങ്കിലുമൊരു താരത്തിനു ലോകകപ്പിനു മുമ്പോ, ടൂര്‍ണമെന്റിനു ഇടയിലോ പരിക്കേല്‍ക്കുകയാണെങ്കില്‍ സഞ്ജുവിനായിരിക്കും ആദ്യം ടീമിലേക്കു വിളിയെത്തുക. വിക്കറ്റ് കീപ്പറാണെന്നതും സഞ്ജുവിനു മുന്‍തൂക്കം നല്‍കുന്ന കാര്യമാണ്. അതുകൊണ്ടു തന്നെ ലോകകപ്പ് പ്ലാനില്‍ അദ്ദേഹമുണ്ടാവും.
യുവ ഇടംകൈയന്‍ ബാറ്റര്‍ തിലക് വര്‍മയാണ് ലോകകപ്പിനുള്ള സ്റ്റാന്റ്‌ബൈ ലിസ്റ്റിലേക്കു വരാനിടയുള്ള മൂന്നാമത്തെ താരം. വെസ്റ്റ് ഇന്‍ഡീസുമായി നടന്നുകൊണ്ടിരിക്കുന്ന ടി20 പരമ്പരയിലൂടെ അരങ്ങേറിയ താരമാണ് 20കാരന്‍.
അരങ്ങേറ്റ മല്‍സരത്തില്‍ 22 ബോളില്‍ 39 റണ്‍സോടെ വരവറിയിച്ച തിലക് തൊട്ടുത്ത കളിയില്‍ 41 ബോളില്‍ 51 റണ്‍സും സ്‌കോര്‍ ചെയ്തു. മൂന്നാമത്തെ മല്‍സരത്തില്‍ പുറത്താവാതെ 49 റണ്‍സും നേടിയിരുന്നു.
ഏകദിനത്തില്‍ ഇന്ത്യക്കു വേണ്ടി ഇനിയും അരങ്ങേറിയിട്ടില്ലെങ്കിലും തിലകിന്റെ ബാറ്റിങ് ടെക്‌നിക്കും അഗ്രസീവ് സമീപനവുമെല്ലാം ഏറെ പ്രശംസ പിടിച്ചുപറ്റിക്കഴിഞ്ഞു. ഏകദിനത്തിലും അവസരങ്ങള്‍ ലഭിച്ചാല്‍ മികച്ച ഇന്നിങ്‌സുകള്‍ കളിക്കാനുള്ള ശേഷി താരത്തിനുണ്ട്. അതുകൊണ്ടു തന്നെ ലോകകപ്പിലെ സ്റ്റാന്റ്‌ബൈ ലിസ്റ്റിലും തിലക് ഇടംപിടിച്ചേക്കും.