World Cup 2023: സഞ്ജു വീണ്ടും ഇന്ത്യന്‍ ടീമിലേക്ക്? ആ പരമ്പര കളിച്ചേക്കും! പക്ഷെ ഫോം തുടരണം
മുംബൈ: ഏകദിന ലോകകപ്പ്, ഏഷ്യാ കപ്പ്, ഏഷ്യന്‍ ഗെയിംസ് ടീമുകളില്‍ നിന്നെല്ലാം തഴയപ്പെട്ട സഞ്ജു സാംസണ്‍ വീണ്ടും ആഭ്യന്തര ക്രിക്കറ്റിലേക്കെത്തിയിരിക്കുകയാണ്. കേരള ടീമിന്റെ ക്യാപ്റ്റനായി സയ്യിദ് മുഷ്താഖ് അലി ട്രോഫി കളിക്കുകയാണ് സഞ്ജു. അവസാനം കളിച്ച രണ്ട് മത്സരത്തിലും തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറികളാണ് സഞ്ജു നേടിയത്. ഇതോടെ സഞ്ജുവിന്റെ ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ് പ്രതീക്ഷകളും സജീവമായിരിക്കുകയാണ്.
ഏകദിന ലോകകപ്പില്‍ സഞ്ജുവിനെ തഴഞ്ഞ് സൂര്യകുമാറിനെ പരിഗണിച്ചത് വലിയ വിവാദമായിരുന്നു. സഞ്ജുവിന്റെ തിരിച്ചുവരവ് എന്നായിരിക്കുമെന്നറിയാന്‍ കാത്തിരിക്കുന്നവര്‍ക്ക് പ്രതീക്ഷ നല്‍കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ഏകദിന ലോകകപ്പിന് പിന്നാലെ നടക്കുന്ന ഇന്ത്യ vs ഓസ്‌ട്രേലിയ ടി20 പരമ്പരക്കുള്ള ടീമിലേക്ക് സഞ്ജുവിന് വിളിയെത്തുമെന്നാണ് വിവരം. എന്നാല്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ശേഷിക്കുന്ന മത്സരങ്ങളിലും സഞ്ജു തിളങ്ങേണ്ടതായുണ്ട്.
നിലവില്‍ കേരളത്തെ ക്വാര്‍ട്ടറിലേക്കെത്തിക്കാന്‍ സഞ്ജുവിനായിട്ടുണ്ട്. മികച്ച പ്രകടനം തുടര്‍ന്നാല്‍ സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ ഇടം പ്രതീക്ഷിക്കാം. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാന്‍ പോവുകയാണ്. ഹാര്‍ദിക് പാണ്ഡ്യക്ക് കീഴില്‍ മികച്ച ടീമിനെ സൃഷ്ടിക്കാനുള്ള സമയമാണിത്. ലോകകപ്പിന് പിന്നാലെയായതിനാല്‍ സീനിയര്‍ താരങ്ങളില്‍ മിക്കവര്‍ക്കും ഇന്ത്യ വിശ്രമം നല്‍കിയേക്കും. അതുകൊണ്ടുതന്നെ സഞ്ജുവിനും ടീമില്‍ ഇടം പ്രതീക്ഷിക്കാം.
എന്നാല്‍ പ്രകടന നിലവാരം താഴാതെ നോക്കണം. 32 പന്തില്‍ 52, 31 പന്തില്‍ 55 എന്നിങ്ങനെയാണ് കഴിഞ്ഞ രണ്ട് മത്സരത്തിലെ സഞ്ജുവിന്റെ സ്‌കോര്‍. നാലാം നമ്പറിലാണ് സഞ്ജു കസറുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയാണ് ലോകകപ്പിന് പിന്നാലെ ഇന്ത്യയും ഓസീസും തമ്മില്‍ കളിക്കുന്നത്. നവംബര്‍ 23നാണ് ഈ പരമ്പര ആരംഭിക്കുന്നത്. ഇന്ത്യയുടെ ടി20 ടീമില്‍ സഞ്ജുവിന് അവസരം ലഭിച്ചപ്പോഴൊന്നും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിട്ടില്ല.

എന്നാല്‍ ടി20 ലോകകപ്പ് മുന്നില്‍ക്കണ്ട് കുറച്ച് അവസരങ്ങള്‍ക്കൂടി സഞ്ജുവിന് ഇന്ത്യ നല്‍കിയേക്കും. അതുകൊണ്ടുതന്നെ ഇനിയുള്ള കേരളത്തിനൊപ്പമുള്ള പ്രകടനം താരത്തിന് നിര്‍ണ്ണായകമാണ്. എന്നാല്‍ സഞ്ജുവിനെക്കാള്‍ മികവ് കാട്ടാന്‍ നിരവധി താരങ്ങള്‍ക്ക് സാധിക്കുന്നുണ്ടെന്നതാണ് വസ്തുത. നിലവിലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഏറ്റവും മിന്നിക്കുന്നത് യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗാണ്. 6 മത്സരത്തില്‍ 383 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്.
196.41 സ്‌ട്രൈക്ക് റേറ്റും പരാഗിനുണ്ട്. 25 ഫോറും 29 സിക്‌സും താരം പറത്തിയെന്നതാണ് എടുത്തു പറയേണ്ടത്. അഭിഷേക് ശര്‍മ ആറ് മത്സരത്തില്‍ നിന്ന് 373 റണ്‍സാണ് നേടിയത്. കേരളത്തിന്റെ വിഷ്ണു വിനോദ് ആറ് മത്സരത്തില്‍ നിന്ന് 341 റണ്‍സ് നേടിക്കഴിഞ്ഞു. തിലക് വര്‍മ ആറ് മത്സരത്തില്‍ നിന്ന് 277 റണ്‍സാണ് നേടിയത്. റുതുരാജ് ഗെയ്ക്‌വാദ് അഞ്ച് മത്സരത്തില്‍ നിന്ന് 232 റണ്‍സും അടിച്ചെടുത്തു.
സഞ്ജുവിനെ സംബന്ധിച്ച് ടി20 ലോകകപ്പിനുള്ള ടീമില്‍ ഇടം നേടുക വളരെ പ്രയാസമാണ്. വിക്കറ്റ് കീപ്പര്‍മാരായി കെ എല്‍ രാഹുലും ഇഷാന്‍ കിഷനുമുണ്ട്. പരിക്ക് ഭേദമായി റിഷഭ് പന്ത് ഈ വര്‍ഷം അവസാനത്തോടെ തിരിച്ചെത്തിയേക്കും. ഇതോടെ സഞ്ജുവിന് കൂടുതല്‍ കടുപ്പമാവും. ജിതേഷ് ശര്‍മ ഫിനിഷര്‍ റോളില്‍ തിളങ്ങുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ്. അതുകൊണ്ടുതന്നെ സഞ്ജുവിന് കാര്യങ്ങള്‍ പ്രയാസമാവും.
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാണ് സഞ്ജു സാംസണ്‍. അവസാന സീസണില്‍ ടീമിനെ പ്ലേ ഓഫിലെത്തിക്കാന്‍ സഞ്ജുവിനായിരുന്നില്ല. എന്നാല്‍ ഇത്തവണ രാജസ്ഥാനൊപ്പം മികവ് കാട്ടാതെ സഞ്ജുവിന് ദേശീയ ടീമിലേക്ക് മടങ്ങിയെത്തുക ദുഷ്‌കരമായിരിക്കുമെന്നുറപ്പ്. ഇനിയുള്ള എല്ലാ മത്സരങ്ങളും സഞ്ജുവിന് കാര്യങ്ങള്‍ കടുപ്പമാക്കുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications