മുംബൈ: ഏകദിന ലോകകപ്പ് പടിവാതുക്കല്‍ എത്തിനില്‍ക്കവെ ഇന്ത്യക്ക് ആശങ്കയാവുന്നത് താരങ്ങളുടെ ഫിറ്റ്‌നസാണ്. കെ എല്‍ രാഹുല്‍, ശുബ്മാന്‍ ഗില്‍, ജസ്പ്രീത് ബുംറ എന്നിവരെല്ലാം പരിക്കിനെത്തുടര്‍ന്ന് ഏറെ നാളുകള്‍ പുറത്തിരുന്ന് തിരിച്ചെത്തിയവരാണ്. അതുകൊണ്ടുതന്നെ ഇവരുടെ ഫിറ്റ്‌നസ് വലിയ ആശങ്കയായി തുടരുന്നു. ഇപ്പോഴിതാ ഇന്ത്യയുടെ തലവേദനയുയര്‍ത്തി ശ്രേയസ് അയ്യര്‍ക്ക് വീണ്ടും പരിക്കേറ്റിരിക്കുകയാണ്. നേപ്പാളിനെതിരായ ഗ്രൂപ്പുഘട്ട മത്സരത്തിനിടെയാണ് ശ്രേയസിന് വീണ്ടും പരിക്കേറ്റത്.
ഐപിഎല്ലിനിടെ പരിക്കേറ്റ് ടീമിന് പുറത്തായ ശ്രേയസ് വലിയ ഇടവേളക്ക് ശേഷമാണ് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് നടത്തിയത്. ഇടവേളക്ക് ശേഷം കളിച്ച രണ്ടാം മത്സരത്തില്‍ത്തന്നെ ശ്രേയസിന് പരിക്കേറ്റുവെന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ലോകകപ്പ് ഒക്ടോബര്‍ 5ന് ആരംഭിക്കാനിരിക്കെ ശ്രേയസിന്റെ പരിക്ക് വലിയ തിരിച്ചടി തന്നെയാണ്. പരിക്ക് വേട്ടയാടുന്ന ശ്രേയസിനെ ഇന്ത്യ ഏകദിന ലോകകപ്പ് ടീമിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ (എന്‍സിഎ) പരിശോധന കഴിഞ്ഞ് ഫിറ്റ്‌നസ് വീണ്ടെടുത്താണ് ശ്രേയസ് തിരിച്ചെത്തിയതെങ്കിലും രണ്ടാം മത്സരത്തില്‍ത്തന്നെ പരിക്കേറ്റതോടെ എന്‍സിഎയ്‌ക്കെതിരേയും ചോദ്യമുയരുന്നുണ്ട്. പുറം ഭാഗത്തേറ്റ പരിക്കാണ് ഇപ്പോള്‍ ശ്രേയസിനെ വലക്കുന്നത്. താരത്തിന് എത്ര ദിവസം വിശ്രമം വേണ്ടിവരുമെന്നത് വ്യക്തമല്ല. പാകിസ്താനെതിരായ സൂപ്പര്‍ ഫോര്‍ മത്സരം കളിക്കാതിരുന്ന ശ്രേയസ് വീണ്ടും എന്‍സിഎയിലേക്ക് മടങ്ങിയേക്കുമെന്ന റിപ്പോര്‍ട്ടുണ്ട്.
അങ്ങനെ വന്നാല്‍ താരത്തിനെ ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കാന്‍ ടീം മാനേജ്‌മെന്റ് നിര്‍ബന്ധിതരാവും. ഏഷ്യാ കപ്പിന് പിന്നാലെ ഓസ്‌ട്രേലിയക്കെതിരായ മൂന്ന് മത്സര ഏകദിന പരമ്പര ഇന്ത്യ കളിക്കുന്നുണ്ട്. അതിന് ശേഷമാണ് ലോകകപ്പിലേക്കെത്തുന്നത്. ശ്രേയസിന് പരിക്കേറ്റ് ഒരാഴ്ചയ്ക്ക് മുകളില്‍ വിശ്രമം വേണ്ടിവന്നാല്‍ അദ്ദേഹത്തെ ഒഴിവാക്കി പകരക്കാരനെക്കുറിച്ച് ടീം മാനേജ്‌മെന്റ് ആലോചിക്കും. എന്‍സിഎയിലെ പരിശോധനക്ക് ശേഷമുള്ള ഫലത്തെ അടിസ്ഥാനമാക്കിയാവും ഇത് തീരുമാനിക്കുക.

ശ്രേയസ് പുറത്തായാല്‍ സഞ്ജു സാംസണെ ഇന്ത്യ ഏകദിന ലോകകപ്പ് ടീമിലേക്ക് പരിഗണിക്കുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഏകദിന ലോകകപ്പിന്റെ 15 അംഗ ടീമില്‍ സഞ്ജുവിന് ഇടം ലഭിച്ചിരുന്നില്ല. ഏഷ്യാ കപ്പില്‍ റിസര്‍വ് താരമായി ഉള്‍പ്പെട്ടിരുന്നെങ്കിലും കെ എല്‍ രാഹുല്‍ ടീമിനൊപ്പം ചേര്‍ന്നതോടെ സഞ്ജുവിനെ നാട്ടിലേക്ക് മടക്കി അയച്ചു. ഇപ്പോള്‍ ശ്രേയസിന് പരിക്കേറ്റ് പുറത്തായാല്‍ ഇന്ത്യ സഞ്ജുവിനെ വിളിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.
ഏകദിനത്തില്‍ 55ന് മുകളില്‍ ശരാശരിയുള്ള താരമാണ് സഞ്ജു. മധ്യനിരയില്‍ ബാറ്റ് ചെയ്ത് മികച്ച പ്രകടനങ്ങള്‍ കാഴ്ചവെക്കാന്‍ കഴിവുണ്ട്. എന്നാല്‍ സഞ്ജുവില്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് വിശ്വാസം അര്‍പ്പിക്കുന്നില്ല. ശ്രേയസ് പുറത്തായാല്‍ ബാക്കപ്പ് താരമെന്ന നിലയില്‍ സൂര്യകുമാര്‍ യാദവ് ലോകകപ്പ് ടീമിലുണ്ട്. ഒന്നാം നമ്പര്‍ ടി20 ബാറ്റ്‌സ്മാനാണ് സൂര്യകുമാര്‍. എന്നാല്‍ ഏകദിനത്തിലെ അദ്ദേഹത്തിന്റെ ശരാശരി 25ല്‍ താഴെയാണ്.
അതുകൊണ്ടുതന്നെ ശ്രേയസിന്റെ പകരക്കാരനായി സൂര്യയെ കളിപ്പിക്കുന്നത് ഇന്ത്യക്ക് തിരിച്ചടിയായി മാറാനാണ് സാധ്യത. അതേ സമയം ഇഷാന്‍ കിഷന്‍ മധ്യനിരയില്‍ ഫോമിലേക്കെത്തിയത് ഇന്ത്യക്ക് ആശ്വാസമായിട്ടുണ്ട്. ശ്രേയസിനെ പുറത്തിരുത്തി കെ എല്‍ രാഹുലിനെ നാലാം നമ്പറിലും ഇടം കൈയനായ ഇഷാനെ അഞ്ചാം നമ്പറിലും കളിപ്പിച്ചാല്‍ സംതുലിതമായ 11 സൃഷ്ടിക്കാന്‍ ഇന്ത്യക്കാവും. അതുകൊണ്ടുതന്നെ ശ്രേയസിന്റെ അഭാവം ഇന്ത്യയെ കാര്യമായി ബാധിക്കില്ല.
ലോകകപ്പ് ടീമില്‍ നിന്ന് ശ്രേയസ് പുറത്തായാല്‍ എന്തായാലും പകരക്കാരനെ കണ്ടെത്തേണ്ടതായി വരും. അത് സഞ്ജുവാകുമോയെന്നതാണ് അറിയേണ്ടത്. 2019ലേതിന് സമാനമായി അപ്രതീക്ഷിത താരത്തെ ഇന്ത്യ ടീമിലേക്ക് എത്തിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇടം കൈയനെന്ന മുന്‍തൂക്കത്തില്‍ യുവതാരം തിലക് വര്‍മയെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്. എന്നാല്‍ ഇതെല്ലാം തീരുമാനിക്കപ്പെടുക ശ്രേയസിന്റെ പരിശോധനാ ഫലത്തിന് ശേഷമായിരിക്കും.