മുംബൈ: ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇതിനോടകം പ്രഖ്യാപിച്ച് കഴിഞ്ഞു. രോഹിത് ശര്‍മ നായകനും ഹാര്‍ദിക് പാണ്ഡ്യ വൈസ് ക്യാപ്റ്റനുമായുള്ള ഇന്ത്യയുടെ 15 അംഗ ടീമില്‍ ഒട്ടുമിക്ക പ്രധാനപ്പെട്ട താരങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ സഞ്ജു സാംസണ്‍ തഴയപ്പെട്ടതും സൂര്യകുമാര്‍ യാദവ് 15 അംഗ ടീമില്‍ ഇടം പിടിച്ചതും വലിയ വിവാദമായിരുന്നു. ഏകദിനത്തില്‍ 55ന് മുകളില്‍ ശരാശരിയുള്ള ബാറ്റ്‌സ്മാനാണ് സഞ്ജു.
അതേ സമയം 25ല്‍ താഴെയാണ് സൂര്യകുമാര്‍ യാദവിന്റെ ശരാശരി. എന്നിട്ടും സൂര്യകുമാറിനെ പരിഗണിച്ചത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴി തുറന്നത്. ബിസിസിഐയിലെ മുംബൈ ലോബിയുടെ ഇടപെടലാണ് സൂര്യക്ക് ടീമില്‍ ഇടം നേടിക്കൊടുത്തതെന്ന ആക്ഷേപം ശക്തമായിരുന്നു. ഏഷ്യാ കപ്പിലും സൂര്യ ഇടം പിടിച്ചപ്പോള്‍ സഞ്ജുവിനെ റിസര്‍വ് താരമാക്കി ഒതുക്കി. കെ എല്‍ രാഹുല്‍ മടങ്ങിയെത്തിയപ്പോള്‍ സഞ്ജുവിനെ ടീമില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.
ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരേ സൂര്യകുമാര്‍ യാദവിന് പ്ലേയിങ് 11ല്‍ അവസരം ലഭിച്ചിരുന്നു. 34 പന്ത് നേരിട്ട് 26 റണ്‍സ് നേടിയാണ് സൂര്യ പുറത്തായത്. നിരാശപ്പെടുത്തുന്ന ബാറ്റിങ് പ്രകടനമാണ് സൂര്യ കാഴ്ചവെച്ചത്. തുടര്‍ച്ചയായി സ്വീപ് ഷോട്ട് മാത്രം കളിച്ച് ഷക്കീബ് അല്‍ ഹസന് മുന്നില്‍ ക്ലീന്‍ബൗള്‍ഡായാണ് സൂര്യയുടെ പുറത്താകല്‍. ഇതോടെ സൂര്യയെ ഇന്ത്യ ഏകദിന ടീമില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
ടി20യില്‍ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനാണെങ്കിലും ഏകദിനത്തില്‍ മോശം പ്രകടനമാണ് താരം നടത്തുന്നത്. സ്ഥിരതയോടെ വലിയ ഇന്നിങ്‌സ് കാഴ്ചവെക്കാന്‍ സൂര്യക്ക് സാധിക്കുന്നില്ല. ഇന്ത്യ ഫിനിഷര്‍ റോളിലേക്ക് പരിഗണിക്കുന്ന സൂര്യയുടെ പ്രകടനം മോശമായതിനാല്‍ ലോകകപ്പ് ടീമില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യമാണ് ശക്തമാവുന്നത്. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യ ലോകകപ്പ് ടീമില്‍ മാറ്റം വരുത്തിയേക്കും.

ഈ മാസം 28നാണ് ലോകകപ്പ് ടീമില്‍ മാറ്റം വരുത്താനുള്ള അവസാന തീയ്യതി. ഏഷ്യാ കപ്പിന് ശേഷം ഓസീസ് പരമ്പരയാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരക്ക് ശേഷം ഇന്ത്യ ആവശ്യമായ മാറ്റം ലോകകപ്പ് ടീമില്‍ വരുത്തിയേക്കുമെന്നാണ് വിവരം. നിലവിലെ സൂചനകള്‍ പ്രകാരം സഞ്ജു സാംസണിനെ ഇന്ത്യ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കുകയും സൂര്യകുമാര്‍ യാദവിനെ റിസര്‍വ് താരങ്ങളുടെ പട്ടികയിലേക്ക് മാറ്റുകയും ചെയ്‌തേക്കും.
സൂര്യകുമാറിന്റെ ഇതുവരെയുള്ള കണക്കുകള്‍ മോശമായിട്ടും അദ്ദേഹത്തെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയതില്‍ വ്യാപക പ്രതിഷേധമുണ്ട്. ബംഗ്ലാദേശിനെതിരേ സൂര്യ ഫ്‌ളോപ്പായതോടെ വിമര്‍ശനം കൂടുതല്‍ ശക്തമായിരിക്കുകയാണ്. അതുകൊണ്ടുതന്നെ ലോകകപ്പ് ടീമില്‍ നിന്ന് സൂര്യയെ മാറ്റാന്‍ ടീം മാനേജ്‌മെന്റിന് മുന്നില്‍ വലിയ സമ്മര്‍ദ്ദമുണ്ട്. സഞ്ജുവിനെ ഇന്ത്യ പരിഗണിക്കണമെന്ന് പല പ്രമുഖരും ഇതിനോടകം അഭിപ്രായപ്പെട്ടിട്ടുമുണ്ട്.
ലോകകപ്പിലെ റിസര്‍വ് താരങ്ങളെ സംബന്ധിച്ചുള്ള അന്തിമ തീരുമാനവും 28ാം തീയ്യതി ഉണ്ടാവും. തിലക് വര്‍മ, പ്രസിദ്ധ് കൃഷ്ണ എന്നിവരെ റിസര്‍വ് പട്ടികയിലേക്ക് പരിഗണിക്കാനാണ് ഇന്ത്യന്‍ ടീം പദ്ധതിയിടുന്നത്. ഇത്തവണത്തെ ലോകകപ്പ് കിരീടം ആതിഥേയരെന്ന നിലയില്‍ ഇന്ത്യക്ക് അഭിമാന പ്രശ്‌നമാണ്. എന്ത് വിലകൊടുത്തും ഇന്ത്യക്ക് കിരീടം അലമാരയിലെത്തിക്കേണ്ടതായുണ്ട്. നിലവില്‍ ശക്തമായ ടീം കരുത്ത് ഇന്ത്യക്കുണ്ട്.
പരിക്കിന് ശേഷം മടങ്ങിവന്ന താരങ്ങളെല്ലാം മികച്ച പ്രകടനം കാഴ്ചവെക്കുന്നുമുണ്ട്. ഇന്ത്യ കൂടുതല്‍ ഇടം കൈയന്‍ ബൗളര്‍മാരെ നെറ്റ്‌സ് പരിശീലനത്തിനായി ഒപ്പം കൂട്ടിയേക്കും. മൊഹ്‌സിന്‍ ഖാന്‍, ചേതന്‍ സക്കറിയ, ജയദേവ് ഉനദ്ഘട്ട് എന്നിവരെയെല്ലാം നെറ്റ്‌സ് ബൗളര്‍മാരായി ഇന്ത്യ പരിഗണിക്കുമെന്നാണ് സൂചന. അതേ സമയം സ്‌പെഷ്യലിസ്റ്റ് സ്പിന്നില്‍ ബാക്കപ്പായി യുസ്‌വേന്ദ്ര ചഹാലിനെ ഇന്ത്യ പരിഗണിച്ചേക്കില്ല. 28ാം തീയ്യതി അന്തിമ ടീമിനെ പ്രഖ്യാപിക്കുമ്പോള്‍ എന്തൊക്കെ മാറ്റം ഉണ്ടാവുമെന്നത് കണ്ടറിയാം.