മുംബൈ: ഇന്ത്യ വേദിയാവുന്ന ലോകകപ്പിലേക്കുള്ള ദൂരം കുറഞ്ഞുവരികയാണ്. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ ലോകകപ്പിനുള്ള ഔദ്യോഗിക ഷെഡ്യൂള്‍ പ്രഖ്യാപിക്കും. ഇന്ത്യ വേദിയാവുന്നതിനാല്‍ത്തന്നെ കപ്പില്‍ കുറഞ്ഞൊന്നും ടീമിന് ചിന്തിക്കാനാവില്ല. 2013ലാണ് ഇന്ത്യ അവസാനമായി ഐസിസി ട്രോഫി നേടുന്നത്. അതുകൊണ്ടുതന്നെ ഇത്തവണത്തെ ലോകകപ്പ് വളരെ പ്രധാനപ്പെട്ടതാണ്. ഇനിയുള്ള പരമ്പരകളെല്ലാം ലോകകപ്പ് മുന്നില്‍ക്കണ്ടുകൊണ്ടാവണം.
ലോകകപ്പിന് മുന്നോടിയായി ഇന്ത്യ വെസ്റ്റ് ഇന്‍ഡീസില്‍ മൂന്ന് ഫോര്‍മാറ്റിലും പരമ്പര കളിക്കുന്നുണ്ട്. തുടര്‍ന്ന് ഏഷ്യാ കപ്പും ഇന്ത്യക്ക് മുന്നിലുണ്ട്. ഇതിലൂടെയെല്ലാം ലോകകപ്പിനായി നന്നായി മുന്നൊരുക്കം നടത്താമെന്ന കണക്കുകൂട്ടലിലാണ് ഇന്ത്യ. എന്നാല്‍ ലോകകപ്പ് ടീം തിരഞ്ഞെടുക്കുന്നതിന് മുമ്പ് ഇന്ത്യക്ക് മുന്നില്‍ ചില പ്രധാന ചോദ്യങ്ങളുണ്ട്. വേഗം തീരുമാനമെടുക്കേണ്ട അഞ്ച് പ്രധാന തലവേദനകളെക്കുറിച്ച് പരിശോധിക്കാം.
ഏകദിന ലോകകപ്പില്‍ വിക്കറ്റ് കീപ്പറുടെ കാര്യത്തില്‍ ഇന്ത്യ തീരുമാനമെടുക്കേണ്ടതായുണ്ട്. റിഷഭ് പന്ത് ലോകകപ്പിന് മുമ്പായി തിരിച്ചെത്തുമെന്ന് പറയുമ്പോഴും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ സംശയങ്ങള്‍ നിലനില്‍ക്കുന്നു. അതുകൊണ്ടുതന്നെ ബാക്കപ്പായി രണ്ട് കീപ്പര്‍മാരെ കരുതിയിരിക്കണം. കെ എല്‍ രാഹുലിനെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തുമെന്നതില്‍ തര്‍ക്കമില്ല. റിഷഭില്ലെങ്കില്‍ കീപ്പിങ് ഗ്ലൗ രാഹുലിന് നല്‍കും. എന്നാല്‍ ബാക്കപ്പായി സഞ്ജു സാംസണ്‍-ഇഷാന്‍ കിഷന്‍ എന്നിവരിലാര് വേണം?
ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയും മുഖ്യ പരിഗണന നല്‍കുന്ന താരത്തിന് കൂടുതല്‍ അവസരം നല്‍കുകയും ചെയ്യണം. രണ്ടാമത്തെ കാര്യം മധ്യനിരയില്‍ ആരെന്നതാണ്. നാലാം നമ്പര്‍ വളരെ പ്രധാനപ്പെട്ടതാണ്. നിലവില്‍ കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ ഈ സ്ഥാനത്തിനായി കണ്ണുവെക്കുന്നു. രാഹുലിനെ അഞ്ചാം നമ്പറിലായാലും കളിപ്പിക്കാം. പക്ഷെ നാലാം നമ്പറില്‍ ശ്രേയസ്-സൂര്യ എന്നിവരിലാര്?
രണ്ട് പേരും മികച്ചവരാണ്. സൂര്യകുമാര്‍ അല്‍പ്പം കൂടി വെടിക്കെട്ട് നടത്തുന്ന താരമാണ്. പക്ഷെ ഏകദിനത്തില്‍ അവസരം ലഭിച്ചപ്പോഴൊന്നും വലിയൊരു പ്രകടനം നടത്താന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ശ്രേയസിനെയാവും ഇന്ത്യ പിന്തുണക്കാന്‍ സാധ്യത കൂടുതല്‍. സൂര്യയെ ബാക്കപ്പാക്കിയേക്കും. എന്തായാലും ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതാണ്.
മറ്റൊരു പ്രധാന പ്രശ്‌നം സ്പിന്‍ നിരയിലാണ്. രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടാന്‍ സാധ്യത കൂടുതലാണ്. ഇന്ത്യയിലെ സാഹചര്യം സ്പിന്നിന് അനുകൂലമാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി രണ്ട് പേരെ പരിഗണിക്കാവുന്നതാണ്. കുല്‍ദീപ് യാദവും യുസ് വേന്ദ്ര ചഹാലും ഒരുപോലെ മികവുകാട്ടുന്നവരാണ്.

ഇതില്‍ ആരുവേണമെന്നത് സെലക്ടര്‍മാരുടെ തലപുകയ്ക്കുന്ന ചോദ്യമാണ്. ചഹാലിനെ ഇന്ത്യക്ക് തള്ളിക്കളയാനാവില്ല. സമീപകാലത്ത് ഗംഭീര പ്രകടനം നടത്തുന്ന താരത്തിന് ഇന്ത്യന്‍ പിച്ചുകളില്‍ തിളങ്ങാനുള്ള കഴിവുണ്ട്. അതുകൊണ്ടുതന്നെ നാല് സ്പിന്നര്‍മാരെ പരിഗണിക്കണമോയെന്നത് പ്രധാന ചോദ്യമാണ്. ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ പന്തെറിയുന്നവര്‍ കുറവാണെന്നതാണ് പ്രധാന പ്രശ്‌നം.
ഏകദിന ലോകകപ്പില്‍ പേസ് ഓള്‍റൗണ്ടറായി ഹര്‍ദിക് പാണ്ഡ്യക്ക് ഇടം ഉറപ്പാണ്. വൈസ് ക്യാപ്റ്റന്‍ സ്ഥാനവും അദ്ദേഹത്തിന് ലഭിച്ചേക്കും. എന്നാല്‍ ഹര്‍ദിക്കിന്റെ ബാക്കപ്പായി ആരുവേണമെന്നത് തലപുകയ്ക്കുന്ന ചോദ്യമാണ്. ശര്‍ദുല്‍ ഠാക്കൂറിനെ പരിഗണിച്ചാലും ഹര്‍ദിക്കിന്റെ ഉത്തമ ബാക്കപ്പെന്ന് പറയാനാവില്ല. ഇനിയൊരു താരത്തെ വളര്‍ത്തുകയെന്നതും പ്രയാസം. ഹര്‍ദിക്കിന് പരിക്കേറ്റാല്‍ ഇന്ത്യക്കത് നികത്താനാവാത്ത വിടവായി മാറും.
യുവതാരങ്ങളിലാരെയെങ്കിലും പരിഗണിക്കണോ അതോ മുന്‍ താരങ്ങളിലാരെയെങ്കിലും തിരിച്ചുവിളിക്കണമോയെന്നതും തീരുമാനമെടുക്കേണ്ട കാര്യമാണ്. വിജയ് ശങ്കര്‍, ശിവം ദുബെ എന്നിവരെല്ലാം തിരിച്ചുവരവ് പ്രതീക്ഷിക്കുന്നു. റിങ്കു സിങ്, യശ്വസി ജയ്‌സ്വാള്‍ എന്നിവരാണ് ഇടം പ്രതീക്ഷിക്കുന്ന യുവതാരങ്ങള്‍. ഇക്കാര്യത്തിലെല്ലാം വേഗത്തില്‍ തീരുമാനമെടുത്ത് ഇന്ത്യ മുന്നോട്ട് പോകാത്ത പക്ഷം ലോകകപ്പ് നേട്ടം എളുപ്പമാവില്ലെന്നുറപ്പ്.