പെര്‍ത്ത്: ഏകദിന ലോകകപ്പിനെ വരവേല്‍ക്കാന്‍ ആരാധകരും ടീമുകളും തയ്യാറെടുത്തുകഴിഞ്ഞു. ഇനി തന്ത്രങ്ങള്‍ രാഗി മിനുക്കി അവസാന ഘട്ട തയ്യാറെടുപ്പുകള്‍ നടത്തുകയാണ് വേണ്ടത്. ഇന്ത്യയാണ് ഇത്തവണ ലോകകപ്പിന് ആതിഥേയരാവുന്നത്. ഇന്ത്യന്‍ പിച്ചില്‍ മികച്ച ബാറ്റിങ് പ്രകടനങ്ങള്‍ കാണാന്‍ സാധിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഐപിഎല്ലിലൂടെ ഒട്ടുമിക്ക വിദേശ താരങ്ങള്‍ക്കും ഇന്ത്യന്‍ പിച്ചുകളില്‍ വലിയ അനുഭവസമ്പത്ത് അവകാശപ്പെടാനാവും.
അതുകൊണ്ടുതന്നെ ഇന്ത്യക്ക് ആതിഥേയരെന്ന നിലയില്‍ വലിയ മുന്‍തൂക്കം അവകാശപ്പെടാനാവില്ല. 2011 ആവര്‍ത്തിച്ച് ഇന്ത്യ ലോകകപ്പില്‍ മുത്തമിടുമോയെന്നാണ് എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. ഇത്തവണ ശക്തമായ ടീം കരുത്ത് ഇന്ത്യക്കുണ്ട്. രോഹിത് ശര്‍മക്ക് കീഴില്‍ യുവത്വവും അനുഭവസമ്പത്തും ചേര്‍ന്ന മികച്ച ടീമിനെ കളത്തിലിറക്കാന്‍ ഇന്ത്യക്കാവും. എന്നാല്‍ 15 അംഗ ടീമിനെ പരിഗണിക്കുമ്പോള്‍ ആരെ തഴയുമെന്ന ആശയക്കുഴപ്പം ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്കുണ്ട്.
ഇതിനോടകം പല പ്രമുഖരും ഇന്ത്യയുടെ 15 അംഗ ടീമിനെ തിരഞ്ഞെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം മുന്‍ ഇന്ത്യന്‍ നായകനായ സൗരവ് ഗാംഗുലിയും ലോകകപ്പിനായുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ നിര്‍ദേശിച്ചിരുന്നു. ഇപ്പോഴിതാ മുന്‍ ഓസീസ് വെടിക്കെട്ട് ഓപ്പണറായ മാത്യു ഹെയ്ഡന്‍ ഇന്ത്യയുടെ 15 അംഗ ലോകകപ്പ് ടീമിനെ നിര്‍ദേശിച്ചിരിക്കുകയാണ്. സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയുള്ള ടീമിനെയാണ് ഹെയ്ഡന്‍ തിരഞ്ഞെടുത്തത്.
മുഖ്യ ഓപ്പണര്‍മാരായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മക്കൊപ്പം ശുബ്മാന്‍ ഗില്ലിനെയാണ് ഹെയ്ഡന്‍ നിര്‍ദേശിക്കുന്നത്. രണ്ട് പേരുടെയും പ്രകടനത്തില്‍ ഇന്ത്യക്ക് പ്രതീക്ഷകളേറെയാണ്. ഇന്ത്യന്‍ പിച്ചില്‍ ഗംഭീര റെക്കോഡ് രണ്ട് പേര്‍ക്കുമുണ്ട്. മികച്ച തുടക്കം ലഭിച്ചാല്‍ കത്തിക്കയറാന്‍ കെല്‍പ്പുള്ള ബാറ്റ്‌സ്മാന്‍മാര്‍ പിന്നാലെയുണ്ട്. അതുകൊണ്ടുതന്നെ മികച്ച തുടക്കം വളരെ പ്രധാനപ്പെട്ടതാണ്. വിരാട് കോലിക്ക് ടീമില്‍ നിര്‍ണ്ണായക റോളുണ്ട്.

കോലിയുടെ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനം പ്രതീക്ഷിക്കുന്ന ഏകദിന ലോകകപ്പാണ് വരാനിരിക്കുന്നത്. പരിക്കിന്റെ ഇടവേളക്ക് ശേഷം തിരിച്ചെത്തുന്ന ശ്രേയസ് അയ്യരും കെ എല്‍ രാഹുലും ഹെയ്ഡന്റെ ടീമിലുണ്ട്. രണ്ട് പേര്‍ക്കും മധ്യനിരയില്‍ നിര്‍ണ്ണായക റോളുണ്ട്. ഇവരുടെ പ്രകടനം എങ്ങനെയാവുമെന്നതാണ് കണ്ടറിയേണ്ടത്. ഏഷ്യാ കപ്പില്‍ ഇരുവരും കളിച്ചേക്കുമെന്നാണ് വിവരം. സൂര്യകുമാര്‍ യാദവിനും സഞ്ജു സാംസണിനും ഹെയ്ഡന്റെ ടീമില്‍ ഇടമുണ്ട്.
സഞ്ജു സാംസണിന് ഏഷ്യാ കപ്പ് ടീമില്‍ ഇടമില്ല. ഏകദിന ലോകകപ്പിലും സഞ്ജു കളിക്കാന്‍ സാധ്യതയില്ല. എന്നാല്‍ സഞ്ജു വേണമെന്നാണ് ഹെയ്ഡന്‍ അഭിപ്രായപ്പെടുന്നത്. വെടിക്കെട്ട് ബാറ്റ്‌സ്മാനായ സൂര്യകുമാര്‍ യാദവിന്റെ ഏകദിനത്തിലെ പ്രകടനം മോശമാണ്. എന്നാല്‍ ഇപ്പോഴും സൂര്യയുടെ മികവിനെ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് വിശ്വസിക്കുന്നു.
ഇഷാന്‍ കിഷനും ടീമില്‍ ഇടമുണ്ട്. മൂന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാരും ഹെയ്ഡന്റെ ടീമില്‍ ഇടം പിടിച്ചു. പേസ് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കൊപ്പം സ്പിന്‍ ഓള്‍റൗണ്ടര്‍മാരായി രവീന്ദ്ര ജഡേജയും അക്ഷര്‍ പട്ടേലും ടീമിലിടം പിടിച്ചു. എന്നാല്‍ കുല്‍ദീപ് യാദവിനെ ഹെയ്ഡന്‍ തഴഞ്ഞുവെന്നതാണ് എടുത്തു പറയേണ്ടത്. സമീപകാലത്തായി ഏറ്റവും മികച്ച ഫോമില്‍ പന്തെറിയുന്ന ബൗളറാണ് കുല്‍ദീപ്.
ശര്‍ദ്ദുല്‍ ഠാക്കൂറിനെയും ഹെയ്ഡന്‍ ടീമില്‍ നിര്‍ദേശിച്ചു. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരാണ് പേസ് നിരയിലെ മറ്റുള്ളവര്‍. പ്രസിദ്ധ് കൃഷ്ണ, ഉമ്രാന്‍ മാലിക്ക്, അര്‍ഷ്ദീപ് സിങ് എന്നിവരെയെല്ലാം ഹെയ്ഡന്‍ തഴഞ്ഞു.
മാത്യു ഹെയ്ഡന്‍ തിരഞ്ഞെടുത്ത ഇന്ത്യന്‍ ടീം- രോഹിത് ശര്‍മ, ശുബ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ശര്‍ദ്ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.