ഐസിസിയുടെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ആരൊക്കെയെന്ന സസ്‌പെന്‍സ് ഒടുവില്‍ അവസാനിച്ചിരിക്കുകയാണ്. അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് 15 അംഗ സ്‌ക്വാഡിനെ തിരഞ്ഞെടുത്തിരിക്കുന്നത്. മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സംസണ്‍, വെറ്ററന്‍ താരങ്ങളായ ശിഖര്‍ ധവാന്‍, ആര്‍ അശ്വിന്‍ എന്നിവര്‍ക്കൊന്നും ഈ ടീമില്‍ ഇടം ലഭിച്ചിട്ടില്ല. കൂടാതെ സ്റ്റാര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലും ടീമില്‍ നിന്നും തഴയപ്പെട്ടു.
ഏകദിനത്തില്‍ വളരെ മികച്ച റെക്കോര്‍ഡുള്ള സഞ്ജുവിനെയും വലിയ ടൂര്‍ണമെന്റുകളില്‍ കസറുന്ന ധവാനെയുമെല്ലാം ലോകകപ്പ് സ്‌ക്വാഡില്‍ നിന്നും തഴഞ്ഞതിനെതിരേ വിമര്‍ശനം ശക്തമാണ്. കൂടാതെ ടൂര്‍ണമെന്റ് സ്വന്തം നാട്ടിയാലിട്ടും എന്തുകൊണ്ട് അശ്വിനെയും യുസ്വേന്ദ്ര ചഹലിനെയും തഴഞ്ഞുവെന്നും ചോദ്യങ്ങളുയരുന്നുണ്ട്.

അതിനിടെ ആരാധകര്‍ തിരഞ്ഞെടുത്ത ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. സ്റ്റാര്‍ സ്‌പോര്‍ട്‌സാണ് ഫാന്‍സിനു ലോകകപ്പ് സ്‌ക്വാഡിനെ തിരഞ്ഞെടുക്കാന്‍ അവസരമൊരുക്കിയത്.
നിലവില്‍ അഗാര്‍ക്കറുള്‍പ്പെട്ട സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചതിനേക്കാള്‍ മികച്ച സ്‌ക്വാഡിനെയാണ് ഫാന്‍സ് തിരഞ്ഞെടുത്തതെന്നു പറയേണ്ടിവരും. സ്പിന്‍ ബൗളിങിനു കൂടുതല്‍ പ്രാധാന്യം നല്‍കിയുള്ളതാണ് ഫാന്‍സ് തിരഞ്ഞെടുത്തിരിക്കുന്ന 15 അംഗ ലോകകപ്പ് സ്‌ക്വാഡ്.
ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ള ടീമിലെ നാലു പേര്‍ക്കു ഫാന്‍സിന്റെ ടീമില്‍ സ്ഥാനം നഷ്ടമായപ്പോള്‍ പകരം മറ്റു നാലു പേര്‍ക്കാണ് നറുക്കുവീണത്. വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍, സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍, സ്പിന്നര്‍ കുല്‍ദീപ് യാദവ്, സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂര്‍ എന്നിവരാണ് പുറത്തായത്.
ഇഷാനു പകരം ബാക്കപ്പ് വിക്കറ്റ് കീപ്പറായി ടീമിലെത്തിയത് സഞ്ജുവാണ്. കുല്‍ദീപ്, ശര്‍ദ്ദുല്‍, അക്ഷര്‍ എന്നിവര്‍ക്കു പകരം ധവാന്‍, അശ്വിന്‍, ചഹല്‍ എന്നിവരും ഫാന്‍സിന്റെ ഇന്ത്യന്‍ സ്‌ക്വാഡിന്റെ ഭാഗമായി.

ലോകകപ്പ് സ്‌ക്വാഡിനെ സെലക്ഷന്‍ കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു തൊട്ടുമുമ്പായിരുന്നു ഫാന്‍സ് തിരഞ്ഞെടുത്ത ഇന്ത്യന്‍ സ്‌ക്വാഡ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് പുറത്തുവിട്ടത്. ഏകദിന ഫോര്‍മാറ്റില്‍ അത്ര മികച്ച റേക്കോര്‍ഡ് അല്ലാതിരുന്നിട്ടും ടി20യിലെ നമ്പര്‍ വണ്‍ ബാറ്ററായ സൂര്യകുമാര്‍ യാദവ് ഫാന്‍സ് തിരഞ്ഞെടുത്ത ടീമിന്റെയും ഭാഗമാണ്.
ഫാന്‍സ് തിരഞ്ഞെടുത്ത ഇന്ത്യന്‍ സ്‌ക്വാഡ്
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ശിഖര്‍ ധവാന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചഹല്‍.
ഇന്ത്യയുടെ ഔദ്യോഗിക ലോകകപ്പ് സ്‌ക്വാഡ്
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്.