മുംബൈ: ഏഷ്യാ കപ്പും ഏകദിന ലോകകപ്പും വരാനിരിക്കെ ഇന്ത്യന്‍ ടീമില്‍ എന്തൊക്കെ മാറ്റം വേണമെന്നത് സംബന്ധിച്ചുള്ള അന്തിമ ചര്‍ച്ചകള്‍ സജീവമാണ്. പല പരീക്ഷണങ്ങളും ഇക്കാലയളവില്‍ ഇന്ത്യ നടത്തി. എന്നിട്ടും ചില പ്രശ്‌നങ്ങള്‍ ഇപ്പോഴും ബാക്കിയാണ്. അതിലൊന്നാണ് നാലാം നമ്പര്‍ ബാറ്റ്‌സ്മാന്‍ ആരെന്നത്. പല അഭിപ്രായങ്ങളും ഇക്കാര്യത്തില്‍ ഉയരുന്നുണ്ട്. നിലവില്‍ ശ്രേയസ് അയ്യരാണ് നാലാം നമ്പറിലെ ഇന്ത്യയുടെ വിശ്വസ്തന്‍.
സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ് എന്നിവരെല്ലാം നാലാം നമ്പറില്‍ കളിക്കാന്‍ യോഗ്യതയുള്ളവരാണ്. എന്നാല്‍ മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ രവി ശാസ്ത്രി വ്യത്യസ്തമായൊരു അഭിപ്രായം പങ്കുവെച്ചിരുന്നു. ഇന്ത്യയുടെ മുന്‍ നായകനും ബാറ്റിങ് ഇതിഹാസവുമായ വിരാട് കോലിയെ നാലാം നമ്പറില്‍ കളിപ്പിക്കണമെന്നാണ് ശാസ്ത്രി അഭിപ്രായപ്പെട്ടത്. നിലവില്‍ മൂന്നാം നമ്പറിലാണ് കോലി ഇന്ത്യക്കായി തിളങ്ങുന്നത്.
ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും കോലി നാലാം നമ്പറില്‍ കളിക്കണമെന്നാണ് ശാസ്ത്രിയുടെ അഭിപ്രായം. ഇതിനോടകം വലിയ പരിഹാസവും വിമര്‍ശനവും ശാസ്ത്രിക്കെതിരേ ഉയരുന്നുണ്ട്. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കവെയാണ് ശാസ്ത്രി തന്റെ പദ്ധതി വ്യക്തമാക്കിയത്. എന്നാല്‍ ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ താരമായ സഞ്ജയ് മഞ്ജരേക്കര്‍ ശാസ്ത്രിക്കെതിരേ രൂക്ഷ വിമര്‍ശനമാണുയര്‍ത്തുന്നത്. 2007ലെ ലോകകപ്പ് ഓര്‍മ്മിപ്പിച്ചാണ് ശാസ്ത്രിയെ മഞ്ജരേക്കര്‍ പരിഹസിക്കുന്നത്.
'ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനുള്ളില്‍ സാംസ്‌കാരികമായ ചില പ്രശ്‌നങ്ങളുണ്ട്. 2007ലെ ലോകകപ്പില്‍ രാഹുല്‍ ദ്രാവിഡും ഗ്രേഗ് ചാപ്പലും ചേര്‍ന്ന് സച്ചിന്‍ ടെണ്ടുല്‍ക്കറെ നാലാം നമ്പറില്‍ ബാറ്റ് ചെയ്യിച്ചു. സെവാഗിനൊപ്പം ഓപ്പണറായി ഇറക്കിയില്ല. ഇത് വലിയ വിവാദമാവുകയും ചെയ്തു. കോലിയെ നാലാം നമ്പറില്‍ കളിപ്പിക്കുകയെന്നത് ലളിതമായി എടുക്കുന്ന തീരുമാനമായിരിക്കാം. എന്നാല്‍ അത് എത്രത്തോളം ടീമിനെയും താരത്തെയും ബാധിക്കുമെന്ന് ചിന്തിക്കണം'- സഞ്ജയ് പറഞ്ഞു.

നേരത്തെ നാലാം നമ്പറില്‍ ബാറ്റ് ചെയ്തിട്ടുള്ള താരമാണ് വിരാട് കോലി. എന്നാല്‍ ഏറെ നാളുകളായി അദ്ദേഹം മൂന്നാം നമ്പറിലാണ് കളിക്കുന്നത്. കരിയറിലെ കൂടുതല്‍ റണ്‍സും മൂന്നാം നമ്പറിലാണ് കോലി നേടിയത്. ലോകകപ്പ് പടിവാതുക്കല്‍ നില്‍ക്കവെ പെട്ടെന്ന് ഇത്തരമൊരു മാറ്റം വരുത്തിയാല്‍ ഇന്ത്യയെ അത് പ്രതികൂലമായി ബാധിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കോലി സമീപകാലത്തായി മികച്ച ഫോമിലാണ് കളിക്കുന്നത്.
അതുകൊണ്ടുതന്നെ പെട്ടെന്ന് ഇത്തരമൊരു മാറ്റം ബാറ്റിങ് ഓഡറില്‍ കൊണ്ടുവന്നാല്‍ ടീമിന്റെ എല്ലാ പദ്ധതികളേയും അത് തകര്‍ക്കാനാണ് സാധ്യത കൂടുതല്‍. മുന്‍ ഇന്ത്യന്‍ താരം ദൊഡ്ഡ ഗണേഷും കോലിയുടെ ബാറ്റിങ് പൊസിഷന്‍ മാറ്റുന്നതിനെ വിമര്‍ശിച്ചു. 'ടീമിലെ ബെസ്റ്റ് ബാറ്റ്‌സ്മാനാണ് വിരാട് കോലി. അവന് ഏറ്റവും മികച്ച ഫോമില്‍ കളിക്കാനുള്ള ബാറ്റിങ് പൊസിഷനാണ് നല്‍കേണ്ടത്. നാലാം നമ്പറില്‍ കോലിയെ കളിപ്പിക്കരുതെന്നാണ് അദ്ദേഹത്തിന്റെ ആരാധകനെന്ന നിലയില്‍ കരുതുന്നത്.
2007ലെ ഏകദിന ലോകകപ്പില്‍ സച്ചിനെ നാലാം നമ്പറില്‍ കളിപ്പിച്ചപ്പോള്‍ ടീമിന് സംഭവിച്ച് ഓര്‍ക്കണം'-ദൊഡ്ഡ ഗണേഷ് പറഞ്ഞു. യുവരാജ് സിങ്ങിന് ശേഷം ഇന്ത്യക്ക് മികച്ചൊരു നാലാം നമ്പര്‍ ബാറ്റ്‌സ്മാനെ കണ്ടെത്താനായിട്ടില്ല. നിലവില്‍ ശ്രേയസ് അയ്യരാണ് ഈ റോളിലെ വിശ്വസ്തന്‍. പക്ഷെ പരിക്കിന് ശേഷം തിരിച്ചെത്തുന്ന ശ്രേയസിന്റെ ഫോം എത്രത്തോളം മികച്ചതായിരിക്കുമെന്നത് കണ്ടറിയണം.
സഞ്ജു സാംസണ്‍ ഏകദിനത്തില്‍ 55ന് മുകളില്‍ ശരാശരിയുള്ള താരമാണ്. മധ്യനിരയില്‍ കളിച്ച് മികവ് കാട്ടാനും കഴിവുണ്ട്. എന്നാല്‍ ടീം മാനേജ്‌മെന്റ് സഞ്ജുവിന്റെ കഴിവില്‍ വിശ്വാസം അര്‍പ്പിക്കുന്നില്ല. യുവ ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ തിലക് വര്‍മയെ ഇന്ത്യ നാലാം നമ്പറിലേക്ക് പരിഗണിക്കാനും സാധ്യതയുണ്ട്. ഏഷ്യാ കപ്പിലേക്ക് ഇന്ത്യ തിലകിന് വിളി നല്‍കിയിട്ടുണ്ട്. നാലാം നമ്പറില്‍ ഇടം കൈയനായ തിലകിനെ കളിപ്പിക്കുമോയെന്നത് കണ്ടറിയാം.