For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ദുരന്തമായി ഫീല്‍ഡിങ്, ക്യാപ്റ്റന്‍ ബാബറിന് ബുദ്ധിയില്ലേ? രൂക്ഷ വിമര്‍ശനം

ചെന്നൈ: ഏകദിന ലോകകപ്പിലെ അട്ടിമറികളുടെ കഥ അവസാനിക്കുന്നില്ല. ഏറ്റവും ഒടുവിലായി പാകിസ്താനെ നാണംകെടുത്തി അഫ്ഗാനിസ്ഥാന്‍ കൈയടി നേടിയിരിക്കുകയാണ്. എട്ട് വിക്കറ്റിനാണ് അഫ്ഗാന്റെ ചരിത്ര ജയം. ആദ്യം ബാറ്റുചെയ്ത പാകിസ്താന്‍ 7 വിക്കറ്റിന് 282 റണ്‍സെടുത്തപ്പോള്‍ 6 പന്തും എട്ട് വിക്കറ്റും ബാക്കിയാക്കി ജയിക്കാന്‍ അഫ്ഗാനിസ്ഥാന് സാധിച്ചു. ഏകദിന ലോകകപ്പില്‍ പാകിസ്താനെതിരേ അഫ്ഗാന്റെ ആദ്യ ജയമാണിത്.

പാകിസ്താന്റെ തോല്‍വിക്ക് പിന്നാലെ നായകന്‍ ബാബര്‍ ആസമിനെതിരേ രൂക്ഷ വിമര്‍ശനമാണുയരുന്നത്. ബാബര്‍ മണ്ടന്‍ ക്യാപ്റ്റനാണെന്നും നായകസ്ഥാനം ഒഴിയണമെന്നും ആവശ്യപ്പെടുന്ന ആരാധകര്‍ പാകിസ്താന്റെ മോശം ഫീല്‍ഡിങ്ങാണ് തോല്‍വിയുടെ പ്രധാന കാരണമെന്നും അഭിപ്രായപ്പെടുന്നു. നിലവിലെ ഏറ്റവും മോശം ഫീല്‍ഡിങ് പ്രകടനം നടത്തുന്ന ടീം പാകിസ്താനാണെന്നാണ് ആരാധകര്‍ പറയുന്നത്. ഒരു പന്ത് പോലും പിടിക്കാന്‍ അറിയാത്ത രീതിയിലേക്ക് പാക് ടീം തകര്‍ന്നുവെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.

ഷഹീന്‍ ഷാ അഫ്രീദി നിരവധി പിഴവുകളാണ് വരുത്തിയത്. ഷഹീന്റെ ഫീല്‍ഡിങ് പിഴവുകണ്ട് പാകിസ്താന്‍ ടീം ഡയറക്ടര്‍ മിക്കി ആര്‍തര്‍ പ്രതികരിച്ചത് ഇതിനോടകം വൈറലായി മാറിയിട്ടുണ്ട്. ദേഷ്യത്തോടെ കസേരയില്‍ നിന്ന് എണീറ്റ് പോവുകയാണ് ആര്‍തര്‍ ചെയ്തിരിക്കുന്നത്. നായകനെന്ന നിലയില്‍ അഫ്ഗാനെ ജയിപ്പിക്കാനാണ് ബാബര്‍ ശ്രമിച്ചിരിക്കുന്നത്. യാതൊരു തരത്തിലും സമ്മര്‍ദ്ദം സൃഷ്ടിക്കാന്‍ ബാബറിന് സാധിച്ചിട്ടില്ല.

രണ്ട് പേസര്‍മാര്‍ ചേര്‍ന്ന് സമ്മര്‍ദ്ദം സൃഷ്ടിച്ചപ്പോള്‍ നാല് ഓവര്‍ സ്പിന്നര്‍മാര്‍ക്ക് നല്‍കിയ ബാബര്‍ അഫ്ഗാനെ ജയിപ്പിക്കാനായി ശ്രമിക്കുകയാണ് ചെയ്തിരിക്കുന്നത്. നിലവിലെ ഏറ്റവും മോശം കീപ്പര്‍ മുഹമ്മദ് റിസ്വാനാണ്. ബാറ്റ്‌സ്മാനെന്ന നിലയില്‍ ഭേദപ്പെട്ട് നില്‍ക്കുമ്പോഴും കീപ്പറെന്ന നിലയില്‍ റിസ്വാന്‍ ദുരന്തമാണ്. എല്ലാ പന്തും റിവ്യൂ ചെയ്യാന്‍ ആഗ്രഹിക്കുന്ന കീപ്പറാണ് റിസ്വാന്‍. ഇതിന് കൂട്ടുനില്‍ക്കാന്‍ ബാബറും തയ്യാറാവുന്നു.

babar, shaheen afridi

ഒരു നല്ല നായകനുവേണ്ട യാതൊരു ഗുണവും ബാബര്‍ കാട്ടുന്നില്ല. മികച്ച ബാറ്റിങ് പ്രകടനവും ബാബര്‍ കാഴ്ചവെക്കുന്നില്ല. 92 പന്തില്‍ 74 റണ്‍സാണ് ബാബര്‍ നേടിയത്. ഇങ്ങനെയുള്ള ഇന്നിങ്‌സല്ല ബാബറില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും ആരാധകര്‍ പറയുന്നു. മത്സരശേഷം ബൗളര്‍മാരുടെ മോശം പ്രകടനത്തെയാണ് ബാബര്‍ വിമര്‍ശിച്ചത്. ഷഹീന്‍ ഷാ അഫ്രീദിയും ഹസന്‍ അലിയും ഓരോ വിക്കറ്റുകള്‍ വീഴ്ത്തിയത് മാറ്റിനിര്‍ത്തിയാല്‍ പാക് ബൗളിങ് ദുരന്തമായിരുന്നു.

ചെന്നൈയിലാണ് മത്സരമെന്നതിനാല്‍ സ്പിന്നര്‍മാര്‍ക്ക് വ്യക്തമായ മുന്‍തൂക്കം അവകാശപ്പെടാനാവും. എന്നാല്‍ പാകിസ്താന്റെ സ്പിന്നര്‍മാര്‍ക്ക് യാതൊന്നും ചെയ്യാന്‍ സാധിച്ചില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. ഇന്ത്യയില്‍ കപ്പുയര്‍ത്തണമെന്നതാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ചാണ് പാകിസ്താന്‍ ലോകകപ്പിലേക്കെത്തിയത്. എന്നാല്‍ അഫ്ഗാനിസ്ഥാനോട് പോലും തോല്‍ക്കുന്ന അവസ്ഥയിലേക്ക് പാകിസ്താന്‍ തരംതാണിരിക്കുകയാണ്.

ഏകദിന ലോകകപ്പിന് പിന്നാലെ തന്നെ ബാബറിന്റെ നായകസ്ഥാനം തെറിക്കാന്‍ സാധ്യതയുണ്ട്. പാക് ആരാധകര്‍ തന്നെ ബാബറിനെ നായകസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. മികച്ച പ്ലേയിങ് 11 സൃഷ്ടിക്കാതെ സുഹൃത്തുക്കളെ പരിഗണിക്കുന്നതിന്റെ ഫലമാണ് ബാബര്‍ നേരിടുന്നതെന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. ഇന്ത്യക്കെതിരായ മത്സരത്തില്‍ പാകിസ്താനെ പ്രോത്സാഹിപ്പിക്കാന്‍ ദില്‍ ദില്‍ പാട്ട് ഇട്ടില്ലെന്നതിന്റെ പേരില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഇപ്പോള്‍ അതിന്റെ പേരിലും പാക് ടീമിനുനേരെ ട്രോളുകള്‍ ഉയരുകയാണ്. ഷഹിന്‍ ഷാ അഫ്രീദിയെ പാകിസ്താന്‍ നായകനാക്കണമെന്നാണ് കൂടുതല്‍ പേരും പ്രതികരിക്കുന്നത്. ഇത്തവണ ഏറ്റവും മോശം സ്പിന്നര്‍മാരുള്ള ടീം പാകിസ്താന്റെയാണ്, ഏറ്റവും മോശം നായകന്‍ പാകിസ്താന്റെയാണ്, ഫീല്‍ഡിങ്ങിനെക്കുറിച്ച് ഒന്നും പറയാനില്ലെന്നും ആരാധകര്‍ പ്രതികരിക്കുന്നു.

പാകിസ്താന്റെ തോല്‍വി ഇന്ത്യന്‍ ആരാധകര്‍ക്ക് നിരാശയുണ്ടാക്കുന്നതാണ്. വീണ്ടുമൊരു ഇന്ത്യ-പാക് പോരാട്ടം ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും നിലവിലെ പാകിസ്താന്റെ പ്രകടനം വിലയിരുത്തുമ്പോള്‍ അതിന് സാധ്യതയില്ലെന്നതാണ് ഇന്ത്യന്‍ ആരാധകരുടെ സങ്കടം.

Story first published: Tuesday, October 24, 2023, 6:54 [IST]
Other articles published on Oct 24, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+