മുംബൈ: ക്രിക്കറ്റില്‍ ആര്‍ക്കും തകര്‍ക്കാന്‍ സാധിക്കില്ലെന്ന് കരുതിയ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡുകള്‍ ഓരോന്നായി തകരുകയാണ്. ഏറ്റവും ഒടുവിലായി ഏകദിനത്തില്‍ കൂടുതല്‍ സെഞ്ച്വറിയെന്ന സച്ചിന്റെ റെക്കോഡിന് തൊട്ടടുത്തെത്തിയിരിക്കുകയാണ് കോലി. രണ്ട് സെഞ്ച്വറിയകലെ സച്ചിന്റെ ഏകദിന സെഞ്ച്വറി റെക്കോഡ് കോലി മറികടക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.
സച്ചിന്റെ അസാധ്യമെന്ന കരുതപ്പെട്ട പല റെക്കോഡുകളും ഇതിനോടകം തകര്‍ക്കാനും കോലിക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ സച്ചിന്‍-കോലി എന്നിവര്‍ രണ്ട് കാലഘട്ടത്തിലെ താരങ്ങളാണ്. ഇവരിലാരാണ് മികച്ചവനെന്ന് പറയുക പ്രയാസമാണെന്ന് പറയാം. എന്നാല്‍ രണ്ട് പേരും നേടിയ സെഞ്ച്വറികളില്‍ കൂടുതല്‍ തവണ ടീമിനെ വിജയത്തിലേക്കെത്തിച്ചത് ആരുടെ സെഞ്ച്വറി പ്രകടനമാണ്. പരിശോധിക്കാം. ഈ കണക്കുകള്‍ പ്രകാരം കോലി സച്ചിനെക്കാള്‍ ഒരുപടി മുന്നില്‍ത്തന്നെയാണ്.
വിരാട് കോലി 48 ഏകദിന സെഞ്ച്വറികളാണ് നേടിയത്. ഇതില്‍ 40 എണ്ണവും ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായകമായി മാറി. എന്നാല്‍ സച്ചിന്റെ 49 ഏകദിന സെഞ്ച്വറികളില്‍ 33 സെഞ്ച്വറികളാണ് ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായകമായത്. പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യക്കായി കൂടുതല്‍ സെഞ്ച്വറി നേടിയത് കോലിയാണ്. ഇക്കാര്യത്തില്‍ സച്ചിനെക്കാളും കോലി മുന്നിലാണ്. സച്ചിനെക്കാളും സമ്മര്‍ദ്ദം നേരിടാന്‍ മിടുക്കന്‍ കോലിയാണെന്ന് പറയാം.
സച്ചിന്‍ വിജയിപ്പിച്ചതിനെക്കാള്‍ കൂടുതല്‍ മത്സരത്തില്‍ ഒറ്റയാള്‍ പോരാട്ടത്തിലൂടെ ടീമിനെ വിജയിപ്പിക്കാന്‍ കോലിക്കായിട്ടുണ്ട്. അതിവേഗം റണ്‍സുയര്‍ത്താനും നിലയുറപ്പിച്ച് കളിക്കാനും കഴിവുള്ള കോലി മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ മികവ് കാട്ടുന്നു. ടി20യിലും അസാധ്യ റെക്കോഡുകള്‍ കോലിക്ക് അവകാശപ്പെടാനാവുമെന്നത് താരത്തിന്റെ മികവ് എടുത്തുകാട്ടുന്നതാണ്. അവസാന ടി20 ലോകകപ്പില്‍ പാകിസ്താനെതിരേ ഇന്ത്യയെ ഒറ്റക്ക് വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ കോലിക്കായി.

ഇത്തവണത്തെ ഏകദിന ലോകകപ്പിന് മുമ്പ് തന്നെ തന്റെ മികച്ച ലോകകപ്പായിരിക്കും ഇതെന്ന പ്രതീക്ഷ കോലി പങ്കുവെച്ചിരുന്നു. ഇത് തെറ്റിക്കാതെയുള്ള പ്രകടനമാണ് കാഴ്ചവെക്കുന്നതെന്ന് പറയാം. ഓസ്‌ട്രേലിയക്കെതിരേ നിര്‍ണ്ണായക അര്‍ധ സെഞ്ച്വറി നേടിയതും ന്യൂസീലന്‍ഡിനെതിരേ ഗംഭീര പ്രകടനത്തോടെ മത്സരത്തില്‍ വഴിത്തിരിവ് സൃഷ്ടിച്ചതും കോലിയുടെ മികവ് എടുത്തു കാട്ടുന്നതാണ്. സമ്മര്‍ദ്ദ സാഹചര്യങ്ങളില്‍ കോലിയെപ്പോലെ മികവ് കാട്ടുന്ന മറ്റൊരു താരവുമില്ലെന്നതാണ് വസ്തുത.
നിലവിലെ താരങ്ങളില്‍ കൂടുതല്‍ അന്താരാഷ്ട്ര സെഞ്ച്വറി കോലിയുടെ പേരിലാണ്. ഇതുവരെ 78 സെഞ്ച്വറികളാണ് കോലി നേടിയത്. സച്ചിനെപ്പോലെ തന്നെ മനോഹരമായ ക്ലാസിക് ഷോട്ടുകള്‍ കളിക്കാന്‍ കോലിക്ക് കഴിവുണ്ടെന്നതാണ് എടുത്തു പറയേണ്ടത്. കോലിയുടെ കവര്‍ഡ്രൈവുകള്‍ക്ക് പോലും പ്രത്യേക ആരാധകരുണ്ട്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ് കോലിയെന്നതില്‍ തര്‍ക്കമില്ല. വരുന്ന മത്സരങ്ങളിലും ഇതേ മികവ് കാട്ടാന്‍ കോലിക്കാവുമോയെന്നതാണ് കണ്ടറിയേണ്ടത്.
ആദ്യത്തെ അഞ്ച് മത്സരവും ജയിച്ച ഇന്ത്യ ഏറെക്കുറെ സെമി ഉറപ്പിച്ചിരിക്കുകയാണ്. നാല് മത്സരങ്ങള്‍ ശേഷിക്കെ രണ്ട് മത്സരങ്ങളിലെങ്കിലും വിജയം നേടാനായാല്‍ ഇന്ത്യക്ക് അനായാസം സെമിയിലെത്താനാവും. 2011ല്‍ ഇന്ത്യ ലോകകപ്പ് നേടിയത് സച്ചിനുവേണ്ടിയായിരുന്നു. ഇത്തവണ കോലിക്ക് വേണ്ടി ഇന്ത്യ ലോകകപ്പ് നേടുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നിലവിലെ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം വലിയ പ്രതീക്ഷ നല്‍കുന്നു. എല്ലാ താരങ്ങളും ഫോമിലായതിനാല്‍ ഇന്ത്യ കപ്പിലെത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം.
ഇപ്പോഴും മികച്ച ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കുന്ന കോലി അടുത്ത ഏകദിന ലോകകപ്പ് കൂടി കളിക്കാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ടി20 ടീമില്‍ നിന്ന് കോലിയുള്‍പ്പെടെയുള്ള സീനിയര്‍ താരങ്ങള്‍ മാറാന്‍ ശ്രമിക്കുകയാണ്. മൂന്ന് ഫോര്‍മാറ്റിലും കളിച്ച് മുന്നോട്ട് പോവുക പ്രയാസമാണ്. അതുകൊണ്ടുതന്നെ കോലി ഏകദിനം, ടെസ്റ്റ് എന്നീ ഫോര്‍മാറ്റുകളില്‍ മാത്രമായി ഒതുങ്ങാനുള്ള സാധ്യതയുമുണ്ട്. എന്തായാലും ഇത്തവണത്തെ ലോകകപ്പിലെ ഇന്ത്യയുടെ കുതിപ്പില്‍ കോലിയുടെ പ്രകടനം നിര്‍ണ്ണായകമാണെന്ന് പറയാം.