World Cup 2023: അക്തര്‍ ഇനി വാ തുറക്കില്ല, കണക്കിന് കൊടുത്ത് സച്ചിന്‍-ട്വീറ്റ് വൈറല്‍
അഹമ്മദാബാദ്: ഏകദിന ലോകകപ്പിലെ സൂപ്പര്‍ പോരാട്ടത്തില്‍ പാകിസ്താനെ നാണംകെടുത്തിയിരിക്കുകയാണ് ഇന്ത്യ. 117 പന്ത് ബാക്കി നിര്‍ത്തി ഏഴ് വിക്കറ്റിന്റെ വമ്പന്‍ ജയമാണ് ഇന്ത്യ നേടിയെടുത്തത്. ആദ്യം ബാറ്റു ചെയ്ത പാകിസ്താന്‍ 191 റണ്‍സില്‍ കൂടാരം കയറിയെന്നതാണ് എടുത്തു പറയേണ്ടത്. ഇന്ത്യയോട് പൊരുതാന്‍ പോലുമാവാതെ പാകിസ്താന്‍ തലകുനിച്ചുവെന്നതാണ് വലിയ നാണക്കേടായി മാറിയത്. പാകിസ്താന്‍ ഇന്ത്യയെ തോല്‍പ്പിക്കുമെന്ന് പ്രവചിച്ചവരെല്ലാം ഇപ്പോള്‍ തലകുനിച്ച് നടക്കേണ്ട അവസ്ഥയാണ്.
മത്സരത്തിന് മുമ്പ് ഇന്ത്യയെ തോല്‍പ്പിക്കാനുള്ള തന്ത്രമെന്ന നിലയില്‍ ഷുഹൈബ് അക്തര്‍ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വിക്കറ്റ് നേടിയുള്ള ഷുഹൈബ് അക്തറിന്റെ ആഹ്ലാദ പ്രകടനത്തിന്റെ ചിത്രത്തോടൊപ്പം 'ശാന്തതയോടും കൃത്യതയോടുമുള്ള മനസുമായി കളിക്കുക' എന്നാണ് അക്തര്‍ കുറിച്ചത്. സച്ചിനെ പുറത്താക്കിയ ചിത്രം ഉപയോഗിച്ച് ഇന്ത്യയെ പരിഹസിക്കുന്ന തരത്തിലായിരുന്നു അക്തറിന്റെ പോസ്റ്റ്.
അക്തറിന്റെ ട്വീറ്റ് വൈറലാവുകയും ചെയ്തിരുന്നു. ഇന്ത്യ പാകിസ്താനെ തകര്‍ത്തതിന് പിന്നാലെ അക്തറിന്റെ വായടപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ട്വിറ്ററിലൂടെയായിരുന്നു സച്ചിന്‍ അക്തറെ കളിയാക്കിയത്. 'പ്രിയ സുഹൃത്തേ, നിങ്ങളുടെ ഉപദേശം കേട്ട് അവരുടെ പ്രകടനം തീര്‍ത്തും മോശമായിരിക്കുകയാണ്' എന്നാണ് അക്തറിന്റെ ട്വീറ്റ് പങ്കുവെച്ച് സച്ചിന്‍ മറുപടി നല്‍കിയത്. ഇത് ആരാധകര്‍ ഏറ്റെടുക്കുകയും വൈറലാവുകയും ചെയ്തു.
സച്ചിനോട് മുട്ടാന്‍ നിന്ന അക്തര്‍ ഇനി വാ തുറക്കില്ലെന്നാണ് ആരാധകര്‍ പറയുന്നത്. സച്ചിന്റെ വിക്കറ്റ് നേടിയ ചിത്രം ഉപയോഗിച്ച് താന്‍ വലിയവനാണെന്ന് കാട്ടാനുള്ള ശ്രമമാണ് അക്തര്‍ നടത്തിയതെങ്കിലും അത് ചീറ്റിപ്പോയെന്നാണ് ആരാധകര്‍ പരിഹസിക്കുന്നത്. അക്തര്‍ വാ തുറക്കാതിരിക്കുന്നതാണ് നല്ലതെന്നും അല്ലെങ്കില്‍ കൂടുതല്‍ നാണംകെടേണ്ടി വരുമെന്നുമെല്ലാം ആരാധകര്‍ പ്രതികരിക്കുന്നു. അക്തര്‍ ഇരന്നുവാങ്ങുകയാണെന്നാണ് ആരാധകര്‍ പരിഹസിക്കുന്നത്.

അതേ സമയം മത്സരത്തിന് മുമ്പ് ഇന്ത്യക്കാണ് അക്തര്‍ മുന്‍തൂക്കം നല്‍കിയത്. ഇന്ത്യ ചരിത്രം ആവര്‍ത്തിച്ച് പാകിസ്താനെ തോല്‍പ്പിക്കുമെന്നായിരുന്നു അക്തര്‍ പ്രവചിച്ചത്. ഇതിന്റെ പേരില്‍ പാകിസ്താന്‍ ആരാധകര്‍ അക്തറെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അക്തറിന്റെ പ്രവചനം സത്യമാവുകയും ചെയ്തു. തുടര്‍ച്ചയായി എട്ടാം തവണയും ഏകദിന ലോകകപ്പില്‍ ഇന്ത്യയോട് പാകിസ്താന്‍ മുട്ടുകുത്തിയിരിക്കുകയാണ്.
നിലവിലെ ഇന്ത്യന്‍ ടീമിനോട് മുട്ടിനില്‍ക്കാനുള്ള കരുത്ത് നിലവിലെ പാകിസ്താനില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ബാബര്‍ ആസം, മുഹമ്മദ് റിസ്വാന്‍, ഷഹീന്‍ ഷാ അഫ്രീദി എന്നിവര്‍ക്കൊന്നും സ്ഥിരതയില്ലെന്നും ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്താന്റെ ഇതിഹാസങ്ങളെല്ലാം ശ്രമിച്ചിട്ടും നടന്നിട്ടില്ലെന്നും ചരിത്രം മറക്കരുതെന്നുമാണ് ആരാധകര്‍ ഓര്‍മിപ്പിക്കുന്നത്.
എന്തായാലും ഇത്തവണത്തെ പാകിസ്താന്റെ തോല്‍വി ദയനീയമായിപ്പോയെന്ന് പറയാം. ഇന്ത്യയോട് ഒരു ഘട്ടത്തിലും ആധിപത്യം കാട്ടാതെയാണ് പാകിസ്താന്‍ നാണംകെട്ടിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ ഒരു ഘട്ടത്തില്‍ 3 വിക്കറ്റിന് 155 എന്ന മികച്ച നിലയിലായിരുന്നു. ഇവിടെ നിന്നാണ് 191 എന്ന സ്‌കോറില്‍ പാകിസ്താന്‍ ഓള്‍ഔട്ടായത്. ബാബര്‍ ആസം (50) മുഹമ്മദ് റിസ്വാന്‍ (49), ഇമാം ഉല്‍ ഹഖ് (36) എന്നിവര്‍ മാത്രമാണ് പാക് നിരയില്‍ അല്‍പ്പം ഭേദപ്പെട്ട് നിന്നത്.
മറുപടിക്കിറങ്ങിയ ഇന്ത്യക്കായി രോഹിത് ശര്‍മയും ശുബ്മാന്‍ ഗില്ലും മികച്ച തുടക്കമാണ് നല്‍കിയത്. 11 പന്തില്‍ 16 റണ്‍സെടുത്ത ശുബ്മാന്‍ ഗില്ലിനെ ഷഹീന്‍ അഫ്രീദി പുറത്താക്കിയപ്പോള്‍ ഒരുവശത്ത് രോഹിത് ശര്‍മ കത്തിക്കയറി. 63 പന്തില്‍ 6 വീതം സിക്‌സും ഫോറും ഉള്‍പ്പെടെ നിര്‍ണ്ണായകമായ 86 റണ്‍സാണ് രോഹിത് നേടിയത്. സെഞ്ച്വറിയിലേക്കടുക്കവെ ഷഹീന് വിക്കറ്റ് നല്‍കിയാണ് രോഹിത്തിന്റെ മടക്കം. നായകനെന്ന നിലയിലും രോഹിത് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications